തൃശൂര്‍: ജോയ് ആലുക്കാസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയര്‍മാന്‍ ജോയ് ആലുക്കാസ് വര്‍ഗീസിന്റെ 305.84 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.
ഹവാല ഇടപാട് നടത്തിയെന്നാരോപിച്ച് ജോയ് ആലുക്കാസിന്റെ അഞ്ച് ഓഫീസുകളില്‍ ബുധനാഴ്ച റെയ്ഡ് നടത്തിയിരുന്നു. പിന്നാലെയാണ് സ്വത്ത്‌വകകള്‍ കണ്ടുകെട്ടിയത്.
തൃശൂര്‍ ശോഭാ സിറ്റിയിലെ ഭൂമിയും പാര്‍പ്പിട കെട്ടിടവും അടങ്ങുന്ന 33 സ്ഥാവര ജംഗമ വസ്തുക്കളും മൂന്ന് ബാങ്ക് അക്കൗണ്ടുകളും 5.58 കോടി രൂപയുടെ മൂന്ന് സ്ഥിരനിക്ഷേപങ്ങളുമാണ് കണ്ടുകെട്ടിയത്. ഇന്ത്യയില്‍ നിന്ന് ഹവാല ചാനല്‍ വഴി ദുബൈയിലേക്ക് ഭീമമായ തുക കൈമാറ്റം ചെയ്തതും ദുബൈയിലെ ജോയ് ആലുക്കാസ് ജ്വല്ലറിയില്‍ പണം നിക്ഷേപിച്ചതുമാണ് കേസിനാസ്പദമായ സംഭവമെന്നും ഇ.ഡി. പ്രസ്താവനയില്‍ പറഞ്ഞു.
ആലുക്കാസ് ഹവാല പണമിടപാട് നടത്തിയെന്ന് തെളിയിക്കുന്ന ഔദ്യോഗിക രേഖകള്‍, മെയിലുകള്‍ എന്നിവ റെയ്ഡിനിടെ ലഭിച്ചുവെന്നും ഇ.ഡി. കൂട്ടിച്ചേര്‍ത്തു. 305.84 കോടി രൂപ മൂല്യമുള്ള സ്വത്തുക്കളാണ് ഫെമ ആക്ടിലെ (ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട്) 37 എ വകുപ്പ് പ്രകാരം കണ്ടുകെട്ടിയത്.
ED conducted searches and attached various movable and immovable assets worth Rs. 305.84 Crore of Joy Alukkas Verghese, Chairman of Joy Alukkas India Pvt Ltd in a case relating to hawala under FEMA, 1999.
— ED (@dir_ed) February 24, 2023