| Sunday, 13th August 2023, 11:21 pm

ഹവായ് കാട്ടുതീയിലെ മരണ സംഖ്യ 93 ആയി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: അമേരിക്കയിലെ ഹവായ് ദ്വീപിലെ മൗവിയിലുണ്ടായ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 93 ആയി. കഴിഞ്ഞ 100 വര്‍ഷത്തിനിടെ അമേരിക്കയിലുണ്ടായ ഏറ്റവും വലിയ കാട്ടുതീയാണിത്. ആളുകളെ ഇനിയും കണ്ടെത്താനുള്ളതിനാല്‍ മരണസംഖ്യ ഉയരാനാണ് സാധ്യയെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. ലഹൈന പട്ടണത്തിലെ ഹോട്ടലുകളും റെസ്‌റ്റോന്റുകളും കത്തിനശിച്ചു.

കഴിഞ്ഞ 100 വര്‍ഷത്തിനിടെ അമേരിക്കയിലുണ്ടായ ഏറ്റവും വലിയ കാട്ടുതീയാണ് മൗവിയിലുണ്ടായതെന്ന് ഗവര്‍ണര്‍ ജോഷ് ഗ്രീന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

‘ മരണ സംഖ്യ ഇനിയും ഉയരും, ആളുകള്‍ക്ക് ധൈര്യം പകരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഹവായില്‍ ഉണ്ടായ ഏറ്റവും മോശമായ പ്രകൃതി ദുരന്തമായിരിക്കും ഇത്, അദ്ദേഹം പറഞ്ഞു. 2018ല്‍ പാരഡൈസ് നഗരത്തില്‍ തീപിടുത്തത്തില്‍ 85 പേര്‍ മരിച്ചിരുന്നു. ഇതായിരുന്നു ഈയടുത്തെ ഏറ്റവും ഉയര്‍ന്ന മരണ സംഖ്യ രേഖപ്പെടുത്തിയ തീപിടുത്തം. 1918ല്‍ മിനേസോട്ടയിലും വിസ്‌കോന്‍സിന്നിലും ഉണ്ടായ തീപിടുത്തത്തില്‍ 453 പേരും മരിച്ചിരുന്നു.

ദുരന്ത മേഖലയുടെ ഒരു ഭാഗത്ത് മാത്രമാണ് തെരച്ചില്‍ നടത്തിയിട്ടുള്ളതെന്നും രണ്ട് പേരെ മാത്രമേ തിരിച്ചറിയാനായിട്ടുള്ളൂവെന്നും മൗവി പൊലീസ് ചീഫ് ജോണ്‍ പെല്ലെറ്റിയര്‍ അറിയിച്ചു. തീവ്രമായി പൊള്ളലേറ്റതിനാല്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പലരെയും തിരിച്ചറിയാനായി ഡി.എന്‍.എ ടെസ്റ്റ് നടത്തേണ്ടി വരുമെന്നും അദ്ദേഹം അറിയിച്ചു.

ലഹൈന പട്ടണത്തില്‍ തീ പടരുന്നതിന് മുന്‍പ് അപായ സൈറന്‍ മുഴക്കാതിരുന്നതാണ് തീവ്രത വര്‍ധിച്ചതെന്ന ആരോപണവും ഉയരുന്നുണ്ട്. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlights: Hawai wildfire; death toll rises to 93

We use cookies to give you the best possible experience. Learn more