ലക്‌നൗ: ഹവായ് ചെരുപ്പ് ധരിച്ച് നടന്നവരെ പോലും വിമാനത്തില്‍ യാത്രചെയ്യാന്‍ പ്രാപ്തരാക്കിയതാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണനേട്ടമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സിതാപൂരിലെ ഗ്രാമീണരോടായിരുന്നു ആദിത്യനാഥിന്റെ പരാമര്‍ശം.
മോദി സര്‍ക്കാരിന്റെ ഏഴാം വാര്‍ഷികദിനത്തിലായിരുന്നു ആദിത്യനാഥ് ഗ്രാമീണരെ അഭിമുഖീകരിച്ച് സംസാരിച്ചത്.
‘മോദി അധികാരത്തില്‍ വരുമ്പോള്‍ ഉള്ളുപൊള്ളയായ, ആഭ്യന്തരപ്രശ്നങ്ങള്‍ നിറഞ്ഞ ഒരു ഇന്ത്യയായിരുന്നു. വിഘടനവാദം, ഭീകരവാദം, അഴിമതി എന്നിവ അതിന്റെ ഉയര്‍ന്ന നിലയിലായിരുന്നു. ജാതിയുടെ പേരിലുള്ള അക്രമങ്ങളും അന്ന് രൂക്ഷമായിരുന്നു,’ യോഗി ആദിത്യനാഥ് പറഞ്ഞു.
വികസനം കുറച്ച് ആളുകളിലേക്ക് മാത്രം ഒതുങ്ങി അരാജകാവസ്ഥയായിരുന്നു രാജ്യത്ത്. ഇന്ത്യയ്ക്ക് ലോകരാജ്യങ്ങളുടെ വേദികളില്‍ ബഹുമാനം കിട്ടിയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ മോദി വന്നതോടെ പൗരന്മാര്‍ക്ക് എല്ലാ വിഭവങ്ങളിലും പദ്ധതികളിലും തുല്യ അവകാശം നല്‍കിയെന്നും ആദിത്യനാഥ് അവകാശപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങളായ ഹൈവേകള്‍, റെയില്‍വേ, വിമാനത്താവളങ്ങള്‍ എല്ലാം വികസിപ്പിച്ചു.
ഹവായ് ചെരുപ്പ് ധരിക്കുന്നവരെ വരെ വിമാനത്തില്‍ കയറാന്‍ പ്രാപ്തനാക്കിയെന്നും അദ്ദേഹം പറഞ്ഞു. കൊവിഡില്‍നിന്നു രാജ്യത്തെ രക്ഷിക്കാന്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി പ്രധാനമന്ത്രി പരിശ്രമിക്കുകയാണെന്നും യോഗി പറഞ്ഞു.