| Saturday, 1st April 2023, 5:12 pm

റൊണാൾഡോ ഞങ്ങൾക്കെതിരെയാണ് ആദ്യ ഗോൾ നേടിയത്; അതിൽ സന്തോഷം; ഇറ്റാലിയൻ സൂപ്പർ താരം

സ്പോര്‍ട്സ് ഡെസ്‌ക്

റയൽ മാഡ്രിഡ്‌ എന്ന തന്റെ തട്ടകം വിട്ടതിന് ശേഷം റൊണാൾഡോ ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിലേക്കാണ് ചേക്കേറിയത്.
റയലിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം എന്ന റെക്കോർഡിട്ട റൊണാൾഡോ പിന്നീട് ഇറ്റാലിയൻ ലീഗിലേക്ക് കൂടുമാറുകയായിരുന്നു.

താരം ക്ലബ്ബിലെത്തിയതോടെ പ്രധാന ടൈറ്റിലുകൾ നേടാമെന്ന് യുവന്റസ് ആഗ്രഹിച്ചിരുന്നെങ്കിലും അതൊന്നും സഫലമാക്കാൻ ക്ലബ്ബിന് സാധിച്ചിരുന്നില്ല.

എന്നാലിപ്പോൾ റൊണാൾഡോ യുവന്റസിലെത്തിയതിന് പിന്നാലെ താരത്തിനെതിരെ കളിക്കാൻ അവസരം ലഭിച്ചതിനെ പറ്റി സംസാരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഇറ്റാലിയൻ താരമായ മാനുവൽ ലൊക്കാറ്റെല്ലി.

റൊണാൾഡോ തന്റെ ടീമിനെതിരെയാണ് ആദ്യ ഗോൾ സ്വന്തമാക്കിയതെന്നും, റൊണാൾഡോയെപ്പോലൊരു ഇതിഹാസ താരം തങ്ങളുടെ ലീഗിൽ കളിക്കുന്നത് അഭിമാനകരമായ കാര്യമാണെന്നുമാണ് ലൊക്കാറ്റെല്ലി പറഞ്ഞത്.

“റൊണാൾഡോ ഞങ്ങൾക്കെതിരെയാണ് ആദ്യത്തെ ഗോൾ സ്കോർ ചെയ്തത്. ഞാൻ സസൂലോക്കെതിരെ മത്സരിക്കുമ്പോഴാണ് അത് സംഭവിക്കുന്നത്.

ഗോൾ വഴങ്ങേണ്ടി വന്നതിൽ സങ്കടമുണ്ടെങ്കിലും റൊണാൾഡോ ഗോൾ നേടിയതിൽ സന്തോഷമുണ്ട്. ഒരു ഫുട്ബോൾ ഇതിഹാസമായ റൊണാൾഡോ ഞങ്ങളുടെ ലീഗിൽ കളിക്കുന്നു എന്നത് വളരെ സന്തോഷമുള്ള കാര്യമായിരുന്നു,’ മാനുവൽ ലൊക്കാറ്റെല്ലി പറഞ്ഞു.

യുവന്റസിൽ കളിച്ചതിന് ശേഷം റൊണാൾഡോ തന്റെ പഴയ തട്ടകമായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കാണ് ചേക്കേറിയത്. യുണൈറ്റഡിലെത്തിയ റൊണാൾഡോ ആദ്യ സീസണിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും പിന്നീട് നിറം മങ്ങിയ താരം ക്ലബ്ബ് അധികൃതരുമായുള്ള സ്വരച്ചേർച്ചയില്ലായ്മ മൂലം സൗദി ക്ലബ്ബായ അൽ നസറിലേക്ക് കൂടുമാറുകയായിരുന്നു.

അതേസമയം സിരീ എയിൽ നിലവിൽ 27 മത്സരങ്ങളിൽ നിന്നും 17 വിജയങ്ങളുമായി 41 പോയിന്റോടെ ഏഴാം സ്ഥാനത്താണ് യുവന്റസ്. സാമ്പത്തികക്രമക്കേട് മൂലം പോയിന്റ് വെട്ടിക്കുറക്കപ്പെട്ടതോടെയാണ് യുവന്റസ് ഏഴാം സ്ഥാനത്തേക്ക് തരം താഴ്ത്തപ്പെട്ടത്.

ഏപ്രിൽ രണ്ടിന് വെറോണക്കെതിരെയാണ് ക്ലബ്ബിന്റെ അടുത്ത മത്സരം.

Content Highlights:Having a football legend in our league was unique Manuel Locatelli said about ronaldo

We use cookies to give you the best possible experience. Learn more