| Thursday, 15th June 2017, 3:53 pm

'പറയാതിരിക്കാന്‍ വയ്യ, കൊച്ചിയില്‍ മത്സരങ്ങള്‍ നടക്കാതിരിക്കാന്‍ ചിലര്‍ മനപ്പൂര്‍വ്വം ശ്രമിക്കുന്നു';കലൂരെ സ്റ്റേഡിയത്തില്‍ വീണ്ടും പശുക്കള്‍; പൊട്ടിത്തെറിച്ച് ലോകകപ്പ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മലയാളികള്‍ കാത്തിരിക്കുകയാണ് കൊച്ചിയില്‍ ലോകകപ്പിന് പന്തുരുളുന്നത് കാണാന്‍. എന്നാല്‍, കൊച്ചിയ്‌ക്കെതിരെ പുതിയ ആരോപണങ്ങള്‍ വന്നതോടെ ആരാധകര്‍ ആശങ്കയിലാണ്. അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പിലെ കേരളത്തില്‍ നടക്കുന്ന മത്സരങ്ങള്‍ തടസ്സപ്പെടുത്താന്‍ കേരളത്തില്‍ നിന്നും തന്നെയുളള ഒരു വിഭാഗം ആളുകള്‍ ശ്രമിക്കുന്നതായി ഫിഫ ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പി തന്നെ പറഞ്ഞിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് സെപ്പി ഇക്കാര്യം തുറന്നടിച്ചിരിക്കുന്നത്.

ലോകകപ്പിനുളള പരിശീലന വേദികളില്‍ ഒന്നായ ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ പശുക്കള്‍ മേയുന്നു എന്ന ഫോട്ടോ സഹിതമുളള മനോരമ വാര്‍ത്തയും സെപ്പി ഇതിന്റെ കൂടെ പങ്കുവെച്ചിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് മൈതാനത്ത് പശുക്കളും ആടുകളും കയറി പുല്ല് തിന്നുന്നത് വാര്‍ത്തയാകുന്നത്. ഇതാണ് ടൂര്‍ണമെന്റ് ഡയറക്ടറെ പ്രകോപിപ്പിച്ചതെന്നാണ് സൂചന.

കൊച്ചിയില്‍ നടക്കുന്ന ലോകകപ്പ് ഒരുക്കങ്ങളിലെ ഗുരുതര അലംഭാവമാണ് തന്നെ കൊണ്ട് ഇക്കാര്യം തുറന്ന് പറയിപ്പിക്കാന്‍ പ്രേരിപ്പിച്ചതെന്നും സെപ്പി പറയുന്നു.


Also Read: ‘അതോടെ അവര്‍ക്ക് തങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സാധിക്കാതെ വരും’;മുസ്ലിംകളെയും ക്രിസ്ത്യാനികളെയും നിര്‍ബന്ധിത വന്ധ്യതയ്ക്ക് വിധേയരാക്കണമെന്ന് ഹിന്ദു മഹാസഭ വൈസ് പ്രസിഡന്റ് സ്വാധി ദേവ താക്കൂര്‍


ആരാണ് കേരളത്തിലെ ലോകകപ്പ് തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നതെന്ന ചിലരുടെ കമന്റുകളും സെപ്പിയുടെ ട്വീറ്റിന് കീഴെ വന്നിട്ടുണ്ട്. എന്നാല്‍ തെളിവുകള്‍ ലഭിക്കുമ്പോള്‍ എല്ലാവരേും അറിയിക്കാം എന്നാണ് സെപ്പിയുടെ മറുപടി.

ഒക്ടോബര്‍ ആറ് മുതല്‍ ആരംഭിക്കുന്ന ലോകകപ്പില്‍ കൊച്ചിയടക്കം ഇന്ത്യയിലെ ആറ് വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. കൊല്‍ക്കത്തയിലാണ് ഫൈനല്‍.

We use cookies to give you the best possible experience. Learn more