| Sunday, 5th May 2019, 8:58 pm

ബുർഖ നിരോധിക്കണമെന്ന് പറഞ്ഞിട്ടില്ലെന്ന് ശിവസേന

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ബുർഖ നിരോധിക്കണമെന്ന് ശിവസേനയോ ഉദ്ധവ് താക്കറേയോ ആവശ്യപ്പെട്ടിട്ടില്ലെന്ന് ശിവസേന നേതാവും ‘സാമ്‌ന’യുടെ എക്സിക്യൂട്ടീവ് എഡിറ്ററുമായ സഞ്ജയ് റാവത്ത്. ബുർഖ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ശിവസേനയുടെ പത്രമായ ‘സാമ്‌ന’യിൽ മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ അത് ശിവസേനയുടെയോ ഉദ്ദവ് താക്കറേയുടെയോ നിലപാടല്ലെന്നും സഞ്ജയ് പറഞ്ഞു.

ഈസ്റ്റർ ദിനത്തിൽ നൂറുകണക്കിന് പേരുടെ മരണത്തിനിരയാക്കിയ ശ്രീലങ്കയിലെ ഭീകരാക്രമണത്തെത്തുടർന്നാണ് സാമ്നയിൽ ബുർഖ നിരോധിക്കണം എന്ന ആവശ്യം ഉയർന്നത്. മുഖം മറയ്ക്കുന്നതരത്തിലുള്ള എല്ലാ വസ്ത്രങ്ങൾക്കും ശ്രീലങ്ക നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇന്ത്യയും ഇതേ മാർഗം പിന്തുടരണമെന്നാണ് സാമ്നയിൽ ആവശ്യപ്പെട്ടിരുന്നത്.

സാമ്നയിൽ വന്ന മുഖപ്രസംഗം വിവാദമായതിനെത്തുടർന്ന് ശിവസേനയുടെ നിലപാട് ഇതല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് മുതിർന്ന നേതാവ് എം.എൽ.എ.സി. നീലം ഗോർഹ് രംഗത്തെത്തിയിരുന്നു. ഇതൊരു വ്യക്തിയുടെ നിലപാടാകാം എന്നാൽ ശിവസേനയുട നിലപാട് ഇതല്ലെന്നും ഗോർഹ് പറഞ്ഞു.

സ്‌ഫോടനപരമ്പരയുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കയില്‍ പൊതുസ്ഥലത്ത് മുഖം മറയ്ക്കുന്നത് തിങ്കളാഴ്ചയാണ് നിരോധിച്ചത്. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ദേശീയ സുരക്ഷ മുന്‍നിര്‍ത്തിയാണു തീരുമാനമെന്നും തിരിച്ചറിയുന്നതിനു തടസ്സമാവുന്ന തരത്തില്‍ മുഖം മറയ്ക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതില്‍ നിഖാബും ബുര്‍ഖയും ഉള്‍പ്പെടും.

ഇതിനെത്തുടർന്നാണ് ഇന്ത്യയിലും ബുർഖ നിരോധിക്കണമെന്ന് ‘സാമ്‌ന’ പത്രത്തിലൂടെ ശിവസേന പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടത്. മൈത്രിപാല സിരിസേനയുടെ ബുർഖ നിരോധിക്കാനുള്ള തീരുമാനത്തെ ശിവസേന സ്വാഗതം ചെയ്തിരുന്നു. ഭീകരവാദ പ്രവർത്തനങ്ങൾ നടത്താനും മറ്റും ബുർഖകളും മുഖം മറയ്ക്കുന്ന രീതിയിലുള്ള വസ്ത്രങ്ങളും ഉപയോഗിക്കപ്പെട്ട സന്ദർഭങ്ങൾ ചൂണ്ടികാണിച്ചായിരുന്നു ‘സാമ്‌ന’യുടെ മുഖപ്രസംഗം.

സാമ്നയിലെ മുഖപ്രസംഗത്തിനെതിരെ നൂറുകണക്കിന് മുസ്ലിം സ്ത്രീകൾ പ്രതിഷേധിച്ചിരുന്നു. ഭരണഘടനയേയും രാജ്യത്തെയും സംരക്ഷിക്കണമെന്ന് മുദ്രാവാക്യം മുഴക്കിയാണ് സ്ത്രീകൾ പ്രതിഷേധിച്ചത്.

We use cookies to give you the best possible experience. Learn more