കൊൽക്കത്ത: വെറുപ്പിനും കലാപത്തിനും മുകളിൽ കെട്ടിപ്പടുത്ത ക്ഷേത്രത്തിൽ സന്തോഷിക്കാൻ എന്റെ മതം എന്നെ പഠിപ്പിച്ചിട്ടില്ലെന്ന് അഭിഷേക് ബാനർജി.
അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങ് ആഘോഷമാക്കുന്നത് അംഗീകരിക്കാൻ തന്റെ മതം എന്നെ അനുവദിക്കുന്നില്ല എന്ന് പറഞ്ഞാണ് തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയുയായ അഭിഷേക് ബാനർജി തന്റെ അമർഷം രേഖപ്പെടുത്തിയത്.
‘ക്ഷേത്രമോ മസ്ജിദോ പള്ളിയോ ആയിക്കോട്ടെ വെറുപ്പിനും കലാപത്തിനു നിഷ്കളങ്കരായ ഒരുകൂട്ടം മനുഷ്യർക്കും മുകളിൽ പണിതുയർത്തിയ ഒരു ആരാധനാലയത്തിന്റെ നിർമാണത്തിൽ സന്തോഷിക്കാൻ എൻറെ മതം എന്നെ പഠിപ്പിക്കുന്നില്ല,’ സമൂഹമാധ്യമമായ എക്സിലൂടെ അദ്ദേഹം കുറിച്ചു.
500 വർഷത്തോളം പഴക്കമുള്ള ബാബറി മസ്ജിദ് നിന്ന സ്ഥലത്താണ് ഇപ്പോൾ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നത്. 1992 ൽ ആർ.എസ്.എസും ബി.ജെ.പി.യും വിശ്വഹിന്ദു പരിഷത്തും അടങ്ങുന്ന സംഘപരിവാർ സംഘടനകളുടെ ആഹ്വാനത്തെ തുടർന്നാണ് ഒരു കൂട്ടം കലാപകാരികളാൽ ബാബരി മസ്ജിദ് തകർക്കപ്പെട്ടത്. തുടർന്ന് 2019 ലാണ് തർക്കഭൂമി ക്ഷേത്ര നിർമാണത്തിന് അനുവദിച്ചുകൊണ്ട് സുപ്രീംകോടതി വിധി പ്രഖ്യാപിച്ചത്. കേസ് അട്ടിമറിക്കപ്പെട്ടു എന്ന ആരോപണം ഉയർന്നിരുന്നു.