ഇസ്‌ലാമാബാദ്: ആണവ ദാതാക്കളുടെ ഗ്രൂപ്പിലേക്കുള്ള (എന്‍.എസ്.ജി) ഇന്ത്യയുടെ പ്രവേശനത്തെ തടയാന്‍ കഴിഞ്ഞെന്ന് പാക് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് സര്‍താജ് അസീസ്. എന്‍.എസ്.ജിയില്‍ അംഗത്വം നേടാന്‍ പാകിസ്ഥാന് യോഗ്യതയുണ്ടെന്നും സര്‍താജ് അസീസ് പറഞ്ഞു. പാകിസ്ഥാന്‍ പാര്‍ലമെന്റിലാണ് സര്‍താജ് അസീസ് ഇക്കാര്യം പറഞ്ഞത്.
എന്‍.എസ്.ജി അംഗമാകാന്‍ ഇന്ത്യയേക്കാള്‍ യോഗ്യത പാകിസ്താനാണെന്ന് സര്‍താജ് അസീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. അതേ സമയം ഇന്ത്യയുടെ എന്‍.എസ്.ജി പ്രവേശനം സംബന്ധിച്ച് നിര്‍ണായകമായ തീരുമാനം 24ന് സോളില്‍ നടക്കുന്ന എന്‍.എസ്.ജി പ്ലീനറി യോഗത്തില്‍ തീരുമാനമായേക്കും.
എന്‍.എസ്.ജിയിലെ 48 രാജ്യങ്ങളുടെയും വോട്ട് ലഭിച്ചാലേ അംഗത്വം ലഭിക്കൂ. നിലവില്‍ 20ഓളം രാജ്യങ്ങളുടെ പിന്തുണയാണ് ഇന്ത്യക്കുള്ളത്. ഇക്കാര്യത്തില്‍ ചൈനയുടെ നിലപാടാണ് നിര്‍ണായകം. ഇക്കാര്യത്തില്‍ അമേരിക്കയുടെയും മറ്റു രാഷ്ട്രങ്ങളുടെയും പിന്തുണ ഇന്ത്യക്കാണെങ്കില്‍ ചൈനയുടെ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പാകിസ്ഥാന്‍.