ന്യൂയോര്‍ക്ക്: ഇസ്രഈല്‍ തടവിലാക്കിയ ഗസയിലെ കമല്‍ അദ്‌വാന്‍ ആശുപത്രി ഡയറക്ടര്‍ ഡോ. അബു സഫിയയുടെ മോചനത്തെച്ചൊല്ലി ഐക്യരാഷ്ട്രസഭയില്‍ തര്‍ക്കം. യു.എന്നിലെ ഫലസ്തീന്‍ അംബാസിഡര്‍ സുരക്ഷാ കൗണ്‍സിലിനോട് ഈ വിഷയത്തില്‍ അല്‍പ്പം ധൈര്യം കാണിക്കാനും അബു സഫിയയെ മോചിപ്പിക്കാനും ആവശ്യപ്പെട്ടു.
‘ഒടുവില്‍ ഡോ. അബു സഫിയയ്ക്ക് തന്നെ പരിക്കേറ്റു. ഇപ്പോള്‍ അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയി തടവിലാക്കിയിരിക്കുകയാണ്. അദ്ദേഹത്തെപ്പറ്റി യാതൊരു വിവരവുമില്ല. ഗസയിലെ നിര്‍ധനരായ ആളുകളെ വിട്ടുപോകാന്‍ അദ്ദേഹം വിസമ്മതിച്ചു. അതേ ധൈര്യം നമുക്ക് കാണിക്കാന്‍ കഴിയില്ലേ,’ മന്‍സൂര്‍ ചോദിച്ചു.
‘ഇതൊരു യുദ്ധമല്ല. ഫലസ്തീന്‍ അസ്തിത്വത്തിനെതിരായ ആക്രമണമാണ്. അവരുടെ ലക്ഷ്യം ഗസയാണ്. മെഡിക്കല്‍ ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കുകള്‍ എന്നിവരെല്ലാം തന്നെ അവരുടെ ഇരകളാണ്. ഇത് അധാര്‍മികവും അസഹനീയവുമാണ്. ഇത് അവസാനിപ്പിക്കണം.
ഗസയിലെ ആരോഗ്യ സംവിധാനത്തിന് നേരെ ഇസ്രഈല്‍ നടത്തുന്ന ആക്രമണങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ന്യൂയോര്‍ക്കിലെ യു.എന്‍.എസ്.സി യോഗം പ്രത്യേക യോഗം സംഘടിപ്പിച്ചിരുന്നു. ഈ യോഗത്തിലാണ് ഫലസ്തീന്‍ അംബാസിഡറുടെ പ്രതികരണം.
അതേസമയം നിലവിലെ സാഹചര്യത്തില്‍ അബു സഫിയയെ സംബന്ധിച്ചുള്ള വിവരങ്ങള്‍
കഴിഞ്ഞയാഴ്ച വടക്കന്‍ ഗസയിലെ കമല്‍ അദ്‌വാന്‍ ആശുപത്രിയില്‍ നടത്തിയ റെയ്ഡിനെ ഇസ്രഈല്‍ ന്യായീകരിച്ചു. എന്നാല്‍ ഇസ്രഈലിന്റെ ന്യായീകരണങ്ങള്‍ എല്ലാം തന്നെ അടിസ്ഥാന രഹിതമാണെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ മേധാവി തിരിച്ചടിച്ചു.
കമല്‍ അദ്‌വാന്‍ ഹോസ്പിറ്റല്‍ ചീഫ് മെഡിക്കിനെ ഇസ്രഈല്‍ തടങ്കലില്‍ നിന്ന് മോചിപ്പിക്കണമെന്ന് ലോകാരോഗ്യ സംഘടനയും ഇസ്രഈലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അബു സഫിയയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട ആഗോളതലത്തില്‍തത്തന്നെ വലിയ രീതിയിലുള്ള സോഷ്യല്‍ മീഡിയ കാമ്പയിന്‍ നടക്കുന്നുണ്ട്.
അതേസമയം അബു സഫിയയുടെ ജീവന്‍ അപകടത്തിലാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അബു സഫിയയെ ഇസ്രഈലിലെ കുപ്രസിദ്ധമായ സ്ഡേ ടെയ്മാന്‍ ജയിലിലേക്ക് മാറ്റിയതായും റിപ്പോര്‍ട്ടുകളുണ്ട്.
Content Highlight: Have some courage, Palestinian Ambassador to UN Security Council on Dr. Abu Safiya’s Release