| Sunday, 5th May 2019, 11:59 pm

'യു.പി.എ. സർക്കാരിന്റെ കാലത്ത് ഒരു ലക്ഷം കോടി രൂപയുടെ കരാർ ലഭിച്ചു': രാഹുൽ ഗാന്ധിയെ തിരിച്ചടിച്ച് റിലയൻസ് ഗ്രൂപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: രാഹുൽ ഗാന്ധി അസത്യം പറയുകയാണെന്നും അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ തങ്ങൾക്കെതിരെ ആരോപിക്കുകയാണെന്നും പറഞ്ഞുകൊണ്ട് റിലയൻസ് ഗ്രൂപ്പ് രംഗത്ത്. യു.പി.എ. സർക്കാരിന്റെ കാലത്ത് തങ്ങൾക്ക് ഒരു ലക്ഷം കോടി രൂപയുടെ കരാർ ലഭിച്ചെന്നും അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഗ്രൂപ്പ് വെളിപ്പെടുത്തി. അനിൽ അംബാനി ചങ്ങാത്ത മുതലാളിത്തത്തിന്റെ(ക്രോണി ക്യാപിറ്റലിസം) വക്താവാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.

ഇന്ത്യൻ എക്സ്പ്രസ്സ് പത്രവുമായി നടത്തിയ അഭിമുഖത്തിലാണ് രാഹുൽ ഗാന്ധി അംബാനിയെ ഇങ്ങനെ വിശേഷിപ്പിച്ചത്.’അംബാനിയെ പോലുള്ളവർ ക്രോണി ക്യാപിറ്റലിസ്റ്റുകളാണ്. അനിൽ അംബാനി, മെഹുൽ ചോക്‌സി, വിജയ് മല്ല്യ, നീരവ് മോദി എന്നിങ്ങനെയുള്ളവരെ സത്യന്ധരുടെ ഗണത്തിൽപ്പെടുത്താൻ എനിക്കാവില്ല’. ഇങ്ങനെയായിരുന്നു രാഹുൽ ഗാന്ധിയുടെ വാക്കുകൾ.

‘ഞങ്ങളുടെ ചെയർമാൻ അനിൽ ഡി. അംബാനിയെ പ്രത്യേകം എടുത്ത് പറഞ്ഞുകൊണ്ടാണ് രാഹുൽ ഗാന്ധി അദ്ദേഹത്തെ ക്രോണി ക്യാപിറ്റലിസ്റ്റെന്നും വഞ്ചകനായ ബിസിനസുകരനെന്നും വിശേഷിപ്പിക്കുന്നത്. ഇതെല്ലാം സത്യവിരുദ്ധമായ പ്രസ്താവനകളാണ്.’ റിലയൻസ് ഗ്രൂപ്പ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. 2004 മുതൽ 2014 വരെ അധികാരത്തിലിരുന്ന യു.പി.എ. സർക്കാർ അനിൽ അംബാനി നയിച്ച റിലയൻസ് ഗ്രൂപ്പിന് ഒരു ലക്ഷം കോടി രൂപയുടെ കരാറുകൾ നൽകിയിട്ടുണ്ടെന്നും പത്രക്കുറിപ്പിൽ പറയുന്നുണ്ട്.

വൈദ്യുതി, ടെലികോം, റോഡുകൾ, മെട്രോ എന്നിങ്ങനെയുള്ള വികസന പദ്ധതികൾക്ക് വേണ്ടിയാണ് റിലയൻസ് ഗ്രൂപ്പിന് കോൺഗ്രസ് സർക്കാരിൽ നിന്നും കരാറുകൾ ലഭിച്ചത്. യു.പി.എ. കാലഘട്ടത്തിൽ കരാറുകൾ നൽകിക്കൊണ്ട് ഒരു വഞ്ചകനായ ‘ക്രോണി ക്യാപിറ്റലിസ്റ്റി’നെ സഹായിക്കുക ആയിരുന്നോ എന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കണമെന്നും റിലയൻസ് ഗ്രൂപ്പ് തങ്ങളുടെ പത്രക്കുറിപ്പിൽ പറയുന്നുണ്ട്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉടനീളം രാഹുൽ ഗാന്ധി അനിൽ അംബാനിക്കെതിരായി സംസാരിച്ചിരുന്നു. റാഫേൽ കരാറുമായി ബന്ധപ്പെട്ടുള്ള അഴിമതി ആരോപണത്തിലാണ് രാഹുൽ അംബാനിയെ ഏറ്റവും കൂടുതൽ ആക്രമിക്കുന്നത്. രാജ്യത്തെ നല്ല ബിസിനസുകാരുടെ പേര് കളങ്കപ്പെടുത്തുകയാണ് അനിൽ അംബാനി ചെയ്യുന്നതെന്നും രാഹുൽ പറഞ്ഞിരുന്നു. റഫാൽ അഴിമതിയുമായി ബന്ധപ്പെട്ട് 30,000 കോടി രൂപയോളം അനിൽ അംബാനിക്ക് ലഭിച്ചിട്ടുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more