| Thursday, 2nd February 2017, 10:49 am

മുഖ്യമന്ത്രിയാകുമോ എന്നൊന്നും പറയാന്‍ കഴിയില്ല: ബി.ജെ.പിയോട് പദവി ആവശ്യപ്പെടില്ലെന്നും യോഗി ആദിത്യനാഥ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പിയോട് ഇതുവരെ ഒരു പദവിയും ആവശ്യപ്പെട്ടില്ലെന്നും ഇനി ആവശ്യപ്പെടുകയുമില്ലെന്നും യോഗി ആദിത്യനാഥ്. ഞാന്‍ ഇവിടെ നില്‍ക്കുന്നത് എന്തെങ്കിലും പദവി ആഗ്രഹിച്ചല്ല. പദവി ആവശ്യപ്പെട്ടിട്ടുമില്ല.- യോഗി ആദിത്യനാഥ് പറയുന്നു.

ബി.ജെ.പിയുടെ വിജയത്തിനായാണ് ഞാന്‍ ശ്രമിക്കുന്നത്. ഞങ്ങളുടേത് ഒരു ജനാധിപത്യ പാര്‍ട്ടിയാണ്. തിരഞ്ഞെടുക്കപ്പെടുന്ന എം.എല്‍.എമാരാണ് മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കുന്നതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. മുഖ്യമന്ത്രി പദവിയിലെത്തുമോ എന്ന ചോദ്യത്തിനായിരുന്നു യോഗി ആദിത്യനാഥിന്റെ മറുപടി.

 യു.പിയില്‍ 28 സീറ്റ് വേണമെന്നായിരുന്നു യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടിരുന്നതെന്നും എന്നാല്‍ എട്ട് സീറ്റാണ് പാര്‍ട്ടി നല്‍കിയതെന്നുമാണ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിക്കുന്നത്.


Also Readപാര്‍ട്ട് ടൈം നിരാഹാര സമരമോ? നിരാഹാര പന്തലില്‍ നിന്നും രാത്രിയായപ്പോള്‍ കാറില്‍കയറിപ്പോകുന്ന വി. മുരളീധരന്റ വീഡിയോ പുറത്ത് 


എന്നാല്‍ താന്‍ ചില നേതാക്കളുടെ പേര് പാര്‍ട്ടിക്ക് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും പാര്‍ട്ടിക്ക് മുന്‍പില്‍ പ്രത്യേക നിര്‍ദേശമൊന്നും വെച്ചിട്ടില്ലെന്നുമാണ് യോഗി ആദിത്യനാഥ് പറയുന്നത്.

തെരഞ്ഞെടുപ്പിനു മുമ്പ് യോഗി ആദിത്യനാഥ് നല്‍കിയ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഒരാളെ പോലും അമിത്ഷാ ഉള്‍പ്പെടുത്തിയിട്ടില്ല.
ഇക്കാരണത്താല്‍ ആദിത്യനാഥും അദ്ദേഹത്തിന്റെ അനുയായികളും കടുത്ത അസംതൃപ്തിയിലാണ്. അമേഠിയില്‍ ഉമാ ശങ്കറിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ കോലവും പ്രവര്‍ത്തകര്‍ കത്തിച്ചിരുന്നു.

ആദ്യഘട്ട വോട്ടെടുപ്പിന് ഇനി രണ്ടാഴ്ച പോലും ഇല്ലെന്നിരിക്കെ ഏകദേശം 270 സീറ്റുകളില്‍ മാത്രമാണ് ബി.ജെ.പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ഇനിയും 150 ലേറെ സീറ്റില്‍ പ്രഖ്യാപനം നടത്തേണ്ടതുണ്ട്.

എം.പിയുമായ യോഗി ആദിത്യനാഥിന്റെ ഹിന്ദു യുവവാഹിണിയാണ് ബി.ജെ.പിയിലെ പ്രധാന വിമതര്‍. രാഷ്ട്രീയത്തില്‍ സജീവമാകുന്നതിനോട് താല്‍പ്പര്യമില്ലെന്ന് യോഗി ആദിത്യനാഥ് അറിയിച്ചിട്ടുണ്ടെങ്കിലും കിഴക്കന്‍ ഉത്തര്‍പ്രദേശിലെ മൂന്നുജില്ലകളിലെ ആറുമണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരിക്കുയാണ് ഇവര്‍.

പദ്രൗന, ഖദ്ദ, കസ്യ (കിഷിനഗര്‍ ജില്ല), പനിയറ (ഘോരക്പൂര്‍ ജില്ല), സിസ്വ, ഫരേന്ദ (മാഹാരാജ് ഗഞ്ച് ജില്ല) എന്നിവിടങ്ങളിലാണ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്നതെന്ന് ഹിന്ദുയുവ വാഹിണി (എച്ച്.വൈ.വി) അധ്യക്ഷന്‍ സുനില്‍ സിങ് പറഞ്ഞു.

ആദിത്യനാഥിന്റെ ലോക്സഭാ മണ്ഡലം കൂടിയാണ് ഘോരക്പൂര്‍. ഈ ആറുമണ്ഡലങ്ങളിലും ബി.ജെ.പി. സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുണ്ട്. എച്ച്.വൈ.വി ഒരു സാമൂഹിക പ്രസ്ഥാനമാണെന്നും രാഷ്ട്രീയത്തില്‍ സജീവമാവുന്നത് തങ്ങളുടെ അജന്‍ഡയല്ലെന്നുമാണ് യോഗി ആദിത്യനാഥ് പറയുന്നത്.

അഞ്ചുതവണ പാര്‍ട്ടിയുടെ എം.പിയായി തെരഞ്ഞെടുക്കപ്പെട്ട ആദിത്യനാഥിനു പലതവണ കേന്ദ്രമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്യപ്പെട്ടെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ലെന്ന ആരോപണവും പ്രവര്‍ത്തകര്‍ ഉയര്‍ത്തിയിരുന്നു.

We use cookies to give you the best possible experience. Learn more