| Wednesday, 26th June 2019, 12:19 pm

രാജി മനസില്‍ ഉറപ്പിച്ചു കഴിഞ്ഞതാണ്; അധ്യക്ഷ പദവിയില്‍ തുടരണമെന്ന എം.പിമാരുടെ ആവശ്യത്തോട് പ്രതികരിച്ച് രാഹുല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പുതിയ അധ്യക്ഷനെ കണ്ടെത്താനായി രാഹുല്‍ പാര്‍ട്ടി നേതാക്കള്‍ക്ക് നല്‍കിയ സമയപരിധി ഇന്നലെ അവസാനിച്ചതോടെ അധ്യക്ഷ സ്ഥാനത്ത് രാഹുല്‍ തന്നെ തുടരണമെന്ന നിര്‍ദേശവുമായി പാര്‍ലമെന്റററി യോഗത്തില്‍ എം.പിമാര്‍.

എന്നാല്‍ അധ്യക്ഷ പദവിയില്‍ തുടരില്ലെന്ന തന്റെ നിലപാടില്‍ നിന്ന് ഒരുതരത്തിലും പിന്നോട്ടില്ലെന്നും പദവിയില്‍ തുടരാനാവില്ലെന്നും രാഹുല്‍ തീര്‍ത്തുപറഞ്ഞതായാണ് റിപ്പോര്‍ട്ട്.

എം.പിമാരായ ശശിതരൂരും മനീഷ് തിവാരിയുമായിരുന്നു രാഹുലുമായി സംസാരിച്ചത്. തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഒരിക്കലും ഒരാള്‍ക്ക് മാത്രമല്ലെന്നും അത് പാര്‍ട്ടിയിലെ ഓരോരുത്തരുടേയും ഉത്തരവാദിത്തമാണെന്നും അതുകൊണ്ട് തന്നെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ രാജിവെക്കരുത് എന്നുമായിരുന്നു എം.പിമാര്‍ രാഹുലിനോട് പറഞ്ഞത്.

എന്നാല്‍ രാജിക്കാര്യം താന്‍ മനസില്‍ ഉറപ്പിച്ചു കഴിഞ്ഞതാണെന്നും ആ തീരുമാനത്തില്‍ തന്നെ ഉറച്ചുനില്‍ക്കുന്നതായും രാഹുല്‍ മറുപടി നല്‍കുകയായിരുന്നു.

കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി തന്നെ തുടരണമെന്നാണ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ എം.പിമാര്‍ ആവശ്യപ്പെട്ടത്. നേതൃസ്ഥാനത്ത് രാഹുലിന് പകരം മറ്റൊരാളെ കണ്ടെത്താനാവുന്നില്ലെന്നും എം.പിമാര്‍ പറഞ്ഞു.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള എം.പിമാര്‍ ഒറ്റക്കെട്ടിയിട്ടായിരുന്നു ആവശ്യം ഉന്നയിച്ചത്. എന്നാല്‍ പാര്‍ട്ടി നേതൃത്വത്തില്‍ സജീവമായി താന്‍ ഉണ്ടാകുമെന്നും അധ്യക്ഷ പദവിയിലേക്ക് ഇല്ലെന്നുമുള്ള നിലപാടില്‍ രാഹുല്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷമായിരുന്നു അധ്യക്ഷ പദവി ഒഴിയുന്നതായി രാഹുല്‍ പറഞ്ഞത്. ഈ നിലപാട് നേരത്തെ രാഹുല്‍ മാധ്യമങ്ങളോടും വ്യക്തമാക്കിയിരുന്നു.

തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് അധ്യക്ഷപദം ഒഴിയുന്നതായി രാഹുല്‍ പ്രഖ്യാപിച്ചത്. പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ രാഹുല്‍ ഒരുമാസത്തെ സമയമായിരുന്നു നേതാക്കള്‍ക്ക് അനുവദിച്ചത്.

We use cookies to give you the best possible experience. Learn more