നാഗ്പൂര്‍: ബി.ജെ.പിയ്ക്ക് പിന്തുണ അറിയിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഫോണ്‍ സന്ദേശങ്ങള്‍ തനിക്ക് ലഭിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രിയും നാഗ്പൂരിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ നിതിന്‍ ഗഡ്കരി. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും തനിക്ക് ആശംസകള്‍ ലഭിക്കുന്നുണ്ടെന്നും ഗഡ്കരി അവകാശപ്പെട്ടു.
“ജാതി, മത, ഭാഷ, പാര്‍ട്ടി ഭേദമന്യേ എല്ലാവര്‍ക്കും വേണ്ടി ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വലിയൊരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്നെ വിളിക്കുകയും പേടിക്കേണ്ട കാര്യമില്ലെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.” എന്നാണ് ഗഡ്കരിയുടെ അവകാശവാദം.
” ശാരീരികമായി തങ്ങള്‍ കോണ്‍ഗ്രസിലാണെങ്കിലും മനസ് നിങ്ങള്‍ക്കൊപ്പമാണെന്നാണ് അവര്‍ പറയുന്നത്. അതുകൊണ്ടുതന്നെ തനിക്ക് എല്ലാവരുടേയും പിന്തുണയുണ്ട്.” എന്നും അദ്ദേഹം പറഞ്ഞു.
Also read:ശബരിമല വിധിയിൽ സുപ്രീം കോടതി ജഡ്ജിയെ വിമർശിച്ചു; അഡ്വ. മാത്യു നെടുമ്പാറയ്ക്ക് ഒരു വർഷം വിലക്ക്
മണ്ഡലത്തില്‍ താന്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് വോട്ടു ചോദിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ബി.ജ.പി നേതാക്കളോട് അഭിമാനത്തോടെ വീടുകള്‍ കയറി വോട്ടു ചോദിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
2014ല്‍ നേടിയതിനേക്കാള്‍ വലിയ മാര്‍ജിനില്‍ നാഗ്പൂരില്‍ നിന്നും ജയിക്കാന്‍ കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു. “പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയുടെ പേര് പറയേണ്ടെന്നും ഒരു പാര്‍ട്ടിയേയും വിമര്‍ശിക്കേണ്ടെന്നും ഞാന്‍ തീരുമാനിച്ചിട്ടുണ്ട്. ഞാന്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ ജനങ്ങളോട് പറയുകയും അതിന്റെ അടിസ്ഥാനത്തില്‍ വോട്ടു ചോദിക്കുകയും ചെയ്യും.” അദ്ദേഹം പറഞ്ഞു.