ആവശ്യങ്ങള്‍ അംഗീകരിക്കുന്നു; ജോലിയില്‍ തിരികെ വരണമെന്ന് ഡോക്ടര്‍മാരോട് മമത
Doctors Strike
ആവശ്യങ്ങള്‍ അംഗീകരിക്കുന്നു; ജോലിയില്‍ തിരികെ വരണമെന്ന് ഡോക്ടര്‍മാരോട് മമത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 15th June 2019, 7:04 pm

കൊല്‍ക്കത്ത: സമരത്തിലുള്ള ഡോക്ടര്‍മാരുമായി ചര്‍ച്ചക്ക് എപ്പോഴും തയ്യാറാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഡോക്ടര്‍മാരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചിട്ടുണ്ടെന്നും മമതാ ബാനര്‍ജി പറഞ്ഞു. ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന് നടപടിയെടുക്കും.സമരം ഒത്തു തീര്‍പ്പാക്കാന്‍ സാധ്യമാണെന്നും മമത പറഞ്ഞു.

‘ഞങ്ങള്‍ ഇതുവരെയും ഒരാളെ പോലും അറസ്റ്റ് ചെയ്തിട്ടില്ല. ഒരു പൊലീസ് നടപടിയും സ്വീകരിച്ചിട്ടില്ല. ആരോഗ്യമേഖലയിലെ സേവനങ്ങള്‍ ഇത്തരത്തിലല്ല തുടരേണ്ടത്. ഞാന്‍ ഒരിക്കലും കര്‍ശനമായ തീരുമാനങ്ങള്‍ എടുക്കില്ല.’ മമത ബാനര്‍ജി പറഞ്ഞു.

ഡോക്ടര്‍മാരുടെ സമരത്തില്‍ സര്‍ക്കാരിനോട് ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടിയിരുന്നു. ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.സമരം എത്രയും പെട്ടെന്ന് ഒത്തുതീര്‍പ്പാക്കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതിയും ബംഗാള്‍ ഗവര്‍ണറും മമത സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

കൊല്‍ക്കത്തയിലെ എന്‍.ആര്‍.എസ് മെഡിക്കല്‍ കോളേജില്‍ രോഗി മരിച്ചതിനെ തുടര്‍ന്നാണ് ജൂണ്‍ 10 ന് ബന്ധുക്കള്‍ റസിഡന്റ് ഡോക്ടറായ മുകോപാധ്യായെ മര്‍ദ്ദിച്ചത്. ഇതോടെ തുടങ്ങിയ സമരം രാജ്യവ്യാപക പ്രതിഷേധമായി മാറുകയാണ്.

മുകോപാധ്യയയുടെ ആരോഗ്യനിലയെ കുറിച്ച് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് ലഭിക്കുന്നുണ്ടെന്നാണ് അറിയുന്നത്.

റസിഡന്റ് ഡോക്ടര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി ഡോക്ടര്‍മാര്‍ രാജി വയ്ക്കുകയും ചെയ്തതോടെ സംസ്ഥാനത്തെ ആരോഗ്യമേഖല വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്.

300 ലേറെ ഡോക്ടര്‍മാരാണ് ആറ് ദിവസത്തിനുള്ളില്‍ രാജിവെച്ചത്. അഭിമാന പ്രശ്നമായി കാണരുതെന്നും ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കി പ്രശ്നം പരിഹരിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. വര്‍ഷവര്‍ധന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.