മൈസൂര്‍: യുക്തിയും സത്യവും പുലര്‍ന്ന് കാണണം എന്ന് നമ്മള്‍ കരുതുന്ന ചിലയിടങ്ങളില്‍ ഒന്നാണ് നമ്മുടെ കോടതി മുറികള്‍. എന്നാല്‍ ഇത്തരം പ്രതീക്ഷകള്‍ക്ക് കടക വിരുദ്ധമായാണ് മൈസൂരിലെ സെഷന്‍സ് കോടതിയുടെ പ്രവര്‍ത്തനം.
പ്രേതബാധയേറ്റിട്ടുണ്ടെന്ന ഭയം കാരണം കഴിഞ്ഞ കുറേ കാലങ്ങളായി ഉപയോഗിച്ച് കൊണ്ടിരുന്ന ഒരു മുറി ഇവിടെ കഴിഞ്ഞ ഒമ്പത് മാസങ്ങളായി അടഞ്ഞു കിടക്കുകയാണ്.
നേരത്തെ ഈ കോടതി മുറിയില്‍ ജോലി ചെയ്തിരുന്ന ന്യായാധിപന്‍ വാഹനാപകടത്തില്‍ മരിച്ചതിനെ തുടര്‍ന്നായിരുന്നു കോടതി ജീവനക്കാര്‍ക്ക് ഈ മുറിയോട് അകാരണമായ ഭയം തുടങ്ങിയിരുന്നത്.
2014 മെയ് മാസത്തിലായിരുന്നു ന്യായാധിപന്‍ മരണപ്പെട്ടിരുന്നത് ഇതിന് ശേഷമാണ് മുറി അടച്ചിടാന്‍ അധികൃതര്‍ തീരുമാനിച്ചത്.
കോടതിയിലെ ജീവനക്കാരുമായി ബന്ധമുള്ള ജോത്സ്യന്റെ നിര്‍ദേശപ്രകാരമാണ് കോടതി മുറി അടച്ചിട്ടതെന്നും ആരോപണമുണ്ട്. മുറിയില്‍ പ്രത്യേക പൂജകള്‍ നടത്തുന്നത് വരെ തുറക്കരുതെന്നും ഇയാള്‍ നിര്‍ദേശം വെച്ചതായി കോടതിയിലെ അഭിഭാഷകര്‍ ആരോപണം ഉന്നയിക്കുന്നുണ്ട്.
ജില്ലാ സെഷന്‍സ് ജഡ്ജിയുടെ മുറിയുടെ തൊട്ട് താഴെയായി വരുന്ന ഈ മുറി ഇപ്പോള്‍ പഴയ സാധന സാമഗ്രികള്‍ സൂക്ഷിക്കുന്ന സ്ഥലമായി മാറിയിരിക്കുകയാണ്.
എന്നാല്‍ അന്ധവിശ്വാസം വെച്ചു പ്രചരിപ്പിക്കുന്ന കോടതി ജീവനക്കാരുടെപ്രവൃത്തികള്‍ക്കെതിരെ മൈസൂരിലെ ബാര്‍ അസോസിയേഷന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. 90ഓളം വരുന്ന അഭിഭാഷക സംഘം കോടതി അധികൃതരുടെ ഇത്തരത്തിലുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് പരസ്യ പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്.
ഇത് കൂടാതെ മരണപ്പെട്ട അഭിഭാഷകന്റെ പേരില്‍ വ്യാജ വാര്‍ത്തകള്‍ ചമക്കുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് അഭിഭാഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.
ഇന്ത്യന്‍ ഭരണഘടനയില്‍ അന്ധ വിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ മൗലിക ചുമതലകളുടെ ഭാഗമായി (അനുഛേദം51 എച്ച്) രാജ്യത്ത് ശാസ്ത്ര മനോഭാവം പ്രോത്സാഹിപ്പിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്നിരിക്കെയാണ് സത്യത്തിന്റെയും നീതിയുടെയും വാഹകരാവേണ്ട കോടതികള്‍ ഇത്തരത്തില്‍ അന്ധവിശ്വാസത്തിന്റെ പ്രചാരകരാവുന്നത് ഭരണഘടനാ വിരുദ്ധവും ഒപ്പം ശാസ്ത്ര വിരുദ്ധവുമാണെന്ന് പറയാതിരിക്കാന്‍ വയ്യ.