| Sunday, 14th November 2021, 8:08 pm

എജ്ജാതി; ഷമിയ്‌ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ കോഹ്‌ലി നല്‍കിയത് കിടിലന്‍ മറുപടിയെന്ന് രവി ശാസ്ത്രി

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: ടി-20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ 10 വിക്കറ്റിന്റെ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി നേരിട്ട സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി മുന്‍ കോച്ച് രവി ശാസ്ത്രി.

ക്രിക്കറ്റ് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന്റെ കളിയാണെന്നും അവിടെ വിദ്വേഷങ്ങള്‍ക്ക് സ്ഥാനമില്ലെന്നും ശാസ്ത്രി പറഞ്ഞു. ഷമിയ്ക്ക് പിന്തുണയുമായി വന്ന വിരാട് കോഹ്‌ലിയേയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.

‘ഞങ്ങള്‍ ഡ്രെസിംഗ് റൂമില്‍ പരസ്പരം പഴിചാരാറില്ല, വിരല്‍ ചൂണ്ടി സംസാരിക്കാറില്ല. പത്രസമ്മേളനത്തില്‍ വിരാട്, ഷമിയ്ക്കായി നിലയുറച്ചത് ഗംഭീരമായിരുന്നു. അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍,’ ശാസ്ത്രി പറഞ്ഞു.

കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യഘടകമാണ് ഷമി. വിദേശ പര്യടനങ്ങളില്‍ ഷമി, ബുംറയ്ക്കും ഉമേഷിനും ഇഷാന്തിനുമൊപ്പം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

എന്നാല്‍ ഒരു മോശം പ്രകടനത്തിന്റെ പേരില്‍ ഷമിയുടെ പ്രതിഭ ഇല്ലാതാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെമിഫൈനലിലെ തോല്‍വിയ്ക്ക് ക്യാച്ച് നഷ്ടപ്പെടുത്തിയതിന് പാക് താരം ഹസന്‍ അലിയെ ക്രൂശിക്കുന്നത് നീതീകരിക്കാനാവില്ലെന്നും ശാസ്ത്രി പറഞ്ഞു.

ഷമിയെ അധിക്ഷേപിക്കുന്നവര്‍ നട്ടെല്ലില്ലാത്തവരാണെന്നാണ് വിരാട് കോഹ്‌ലി പറഞ്ഞിരുന്നത്.

‘നട്ടെല്ലില്ലാത്ത ഒരുകൂട്ടമാളുകളെപ്പോലെ സോഷ്യല്‍ മീഡിയയിലല്ല ഞങ്ങള്‍ കളിക്കുന്നത്, മൈതാനത്താണ്. ഇത്തരക്കാര്‍ക്ക് നേരിട്ട് സംസാരിക്കാന്‍ ഒരു ധൈര്യവുമുണ്ടാവില്ല,’ കോഹ്ലി പറഞ്ഞു.

പാകിസ്ഥാനോട് ലോകകപ്പിലെ ആദ്യമത്സരത്തില്‍ ഇന്ത്യ 10 വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. ഒരോവറില്‍ ഷമി 17 റണ്‍സ് വിട്ടുകൊടുത്തിരുന്നു.

ഇതിന് പിന്നാലെയാണ് ഷമിയുടെ മുസ്‌ലിം ഐഡന്റിറ്റി മുന്‍നിര്‍ത്തി ഹിന്ദുത്വവാദികള്‍ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രചരണം നടത്തിയത്. പാകിസ്ഥാനില്‍ നിന്ന് പണം വാങ്ങിയാണ് ഷമി കളിച്ചതെന്നാണ് പ്രചരണം.

ലോകകപ്പില്‍ ആദ്യമായാണ് ഇന്ത്യ പാകിസ്ഥാനോട് തോല്‍ക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Hats off to Virat Kohli for standing up for Mohammed Shami: Ravi Shastri

We use cookies to give you the best possible experience. Learn more