| Sunday, 28th November 2021, 2:44 pm

'വിദ്വേഷം വിജയിച്ചു, കലാകാരന്‍ തോറ്റു... എനിക്കു മതിയായി, വിട'; മുനാവര്‍ ഫാറൂഖി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ മുനാവര്‍ ഫാറൂഖിയുടെ പരിപാടിക്ക് അനുമതി നിഷേധിച്ച് ബെംഗളൂരു പൊലീസ്. ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഷോ റദ്ദാക്കണമെന്ന് പൊലീസ് സംഘാടകരോട് ആവശ്യപ്പെട്ടത്.

ബെംഗളൂരുവിലെ അശോക് നഗറിലെ ഗുഡ് ഷെപ്പേര്‍ഡ് ഓഡിറ്റോറിയത്തില്‍ നടക്കേണ്ടിയിരുന്ന പരിപാടിയാണ് മാറ്റിവെച്ചത്.

‘മുനാവര്‍ ഫാറൂഖി മറ്റ് മതങ്ങളിലെ ദൈവങ്ങളെക്കുറിച്ചുള്ള പ്രസ്താവനകള്‍ നടത്തുന്ന വ്യക്തിയാണെന്നാണ് അറിയാന്‍ കഴിയുന്നത്. പല സംസ്ഥാനങ്ങളും അദ്ദേഹത്തിന്റെ കോമഡി ഷോകള്‍ നിരോധിച്ചിട്ടുണ്ട്. മധ്യപ്രദേശില്‍ അയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നാണ് വിവരം. സമാന കേസുകള്‍ മറ്റ് സംസ്ഥാനങ്ങളിലും ചുമത്തിയിട്ടുണ്ട്. നിരവധി സംഘടനകള്‍ ഈ സ്റ്റാന്‍ഡ് അപ് കോമഡി ഷോയെ എതിര്‍ക്കുന്നതായി വിവരം കിട്ടിയിട്ടുണ്ട്. ഇത്തരം ഷോകള്‍ പൊതുസമാധാനത്തിനും ഐക്യത്തിനും ഭംഗം വരുത്തുകയും സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കുകയും ചെയ്യും. ഇത് ക്രമസമാധാന പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. അതിനാല്‍ പരിപാടി റദ്ദാക്കണം’- അശോക് നഗര്‍ പൊലീസ് സംഘാടകര്‍ക്ക് അയച്ച കത്തില്‍ പറഞ്ഞു.

ഷോ നടത്താന്‍ അനുവദിക്കില്ലെന്ന് ബെംഗളൂരുവിലെ ഹിന്ദു ജാഗരണ്‍ സമിതി നേതാവ് മോഹന്‍ ഗൗഡ പറഞ്ഞു. ‘ഞങ്ങള്‍ പൊലീസ് കമ്മീഷണര്‍ക്ക് ഷോ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്‌കൊണ്ട് പരാതി നല്‍കിയിട്ടുണ്ട്. ഇന്‍ഡോറിലും മറ്റ് സ്ഥലങ്ങളിലും നടത്തിയ ഷോയില്‍ മുനാവര്‍ ഫാറൂഖി ഹിന്ദുക്കള്‍ക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. പരിപാടി റദ്ദാക്കിയില്ലെങ്കില്‍ ഞങ്ങള്‍ പ്രതിഷേധിക്കും’ അദ്ദേഹം പറഞ്ഞു.

‘വിദ്വേഷം വിജയിച്ചു, കലാകാരന്‍ തോറ്റു, എനിക്കു മതിയായി, വിട’, എന്നായിരുന്നു സംഭവത്തെകുറിച്ചുള്ള മുനാവര്‍ ഫാറൂഖിയുടെ പ്രതികരണം.

”600ലേറെ ടിക്കറ്റുകള്‍ വിറ്റതാണ്. ഞാന്‍ പറയാത്ത തമാശയുടെ പേരില്‍ നേരത്തെ എന്നെ ജയിലിലടച്ചു. വിവാദപരമായ ഒരു ഉള്ളടക്കവുമില്ലാത്ത എന്റെ പരിപാടി റദ്ദാക്കുന്നു. ഇത് അന്യായമാണ്. പല മതങ്ങളില്‍പ്പെട്ടവരുടെ സ്‌നേഹം നേടിയ പരിപാടിയാണിത്. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുണ്ട്. രണ്ട് മാസത്തിനിടെ 12 പരിപാടികള്‍ ഭീഷണി കാരണം റദ്ദാക്കി. ഇതാണ് അവസാനമെന്ന് ഞാന്‍ കരുതുന്നു. നിങ്ങളെല്ലാവരും മികച്ച ഓഡിയന്‍സായിരുന്നു. വിട.. എല്ലാം അവസാനിക്കുന്നു’, എന്നാണ് മുനാവര്‍ ഫാറൂഖി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

സ്റ്റാന്‍ഡ് അപ് കോമഡിയുടെ റിഹേഴ്‌സലിനിടെ ഹിന്ദു വികാരം വ്രണപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ ഉണ്ടായി എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഒരു മാസത്തോളം മുനാവറിനെ ജയിലിലടച്ചിരുന്നു. എന്നാല്‍ തെളിവ് ഹാജരാക്കാന്‍ പരാതിക്കാര്‍ക്ക് കഴിഞ്ഞിരുന്നില്ല.

ബജ്റംഗദളിന്റെ ഭീഷണിയെ തുടര്‍ന്ന് മുനാവറിന്റെ മുംബൈയിലെ പരിപാടി കഴിഞ്ഞ മാസം റദ്ദാക്കിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: ‘Hatred wins, artist loses … I have had enough, goodbye’; Munawar Farooqi

Latest Stories

We use cookies to give you the best possible experience. Learn more