മുസ്‌ലിങ്ങള്‍ക്കെതിരെ വിദ്വേഷ പ്രസംഗം: എന്‍. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു
Kerala News
മുസ്‌ലിങ്ങള്‍ക്കെതിരെ വിദ്വേഷ പ്രസംഗം: എന്‍. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 12th June 2020, 12:58 pm

തൃശൂര്‍:രാജ്യത്ത് കൊവിഡ് പരത്തിയത് മുസ്‌ലിങ്ങളാണെന്ന് വര്‍ഗീയ പരാമര്‍ശം നടത്തിയ സംഘപരിവാര്‍ സൈദ്ധാന്തികന്‍ എന്‍. ഗോപാലകൃഷ്ണനെതിരെ കുന്നംകുളം പൊലിസ് കേസെടുത്തു. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. കെ ഉസ്മാന്‍ ഡി.ജി.പിക്ക് നല്‍കിയ പരാതിയിലാണ് നടപടി.

ഐ.പി.സി 153, കേരള പൊലിസ് ആക്ട് 120(o) വകുപ്പുകള്‍ പ്രകാരമാണ് കുന്നംകുളം പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

രാജ്യത്ത് കൊവിഡ് പടര്‍ത്തിയത് മുസ്‌ലിങ്ങളാണെന്ന് പറയുന്ന വീഡിയോ റെക്കോര്‍ഡ് ചെയ്ത് എന്‍. ഗോപാലകൃഷ്ണന്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചെന്ന് പരാതിയില്‍ പറയുന്നു. വീഡിയോയും പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.

ഇന്ത്യ മുഴുവന്‍ കൊവിഡ് പരത്തിയത് മുസ്‌ലിങ്ങളാണെന്നും നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനം കൊവിഡ് പരത്താന്‍ വേണ്ടി ആസൂത്രണം ചെയ്തതാണെന്നുമുള്ള വ്യാജപ്രചരണമാണ് ഗോപാലകൃഷ്ണന്റെ വീഡിയോയില്‍ ഉള്ളത്.

രാജ്യത്തുള്ളവരെ കൊല്ലാന്‍ റോഡിലും പാത്രത്തിലും നോട്ടിലും തുപ്പി കൊവിഡ് പ്രചരിപ്പിച്ചെന്ന വ്യാജവാദവും വീഡിയോയില്‍ ഉണ്ട്. ഏകീകൃത സിവില്‍ കോഡ് വന്നാല്‍ മുസ്ലിങ്ങളുടെ നെഗളിപ്പ് തീരുമെന്ന ഭീഷണിയും വീഡിയോയില്‍ ഉണ്ട്. മുസ്‌ലിങ്ങള്‍ക്കെതിരെ വിദ്വേഷം പരത്തുന്ന നിരവധി വ്യാജവാദങ്ങളാണ് വീഡിയോയില്‍ ഉള്ളത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ