കൊച്ചി: കളമശ്ശേരി സ്ഫോടനത്തിന് പിന്നാലെ വിദ്വേഷ പരാമർശം നടത്തിയതിന് ജനം ടി.വി എഡിറ്റർ അനിൽ നമ്പ്യാർക്കെതിരെ കേസ്. യൂത്ത് കോൺഗ്രസ് നേതാവ് ജിൻഷാദിന്റെ പരാതിയിൽ എറണാകുളം റൂറൽ സൈബർ പൊലീസാണ് കേസെടുത്തത്.
അനിൽ നമ്പ്യാർക്ക് പുറമേ ബി.ജെ.പി വക്താവ് സന്ദീപ് വാര്യർക്കെതിരെയും മത സ്പർദ്ധ പരത്തുന്ന വിധത്തിൽ സോഷ്യൽ മീഡിയ വഴി പോസ്റ്റിടുകയും വാർത്ത പ്രചരിപ്പിക്കുകയും ചെയ്തതിന് ഓൺലൈൻ ചാനലായ കർമ ന്യൂസിനെതിരെയും ജിൻഷാദ് പരാതി നൽകിയിട്ടുണ്ട്.
ഡൊമിനിക് മാർട്ടിനാണ് സ്ഫോടനം നടത്തിയതെന്ന് എന്ന് ഉത്തരവാദിത്തം ഏറ്റെടുത്തതിന് പിന്നാലെ ഇയാളുടെ ഫേസ്ബുക്കിലെ മുസ്‌ലിം സുഹൃത്തുക്കളുടെ വിവരങ്ങൾ സ്ക്രീൻഷോട്ട് എടുത്ത് അനിൽ നമ്പ്യാർ പങ്കുവെച്ചിരുന്നു.
നമ്മുടെ അയൽരാജ്യങ്ങളായ പാകിസ്താനോടും ബംഗ്ലാദേശിനോടും മാർട്ടിന് പ്രത്യേക മമതയായിരുന്നു എന്നും എഴുതിക്കൊടുത്ത സ്ക്രിപ്റ്റിലുള്ളത് മാർട്ടിൻ നാച്വറലായി അവതരിപ്പിച്ചുവെന്നുമൊക്കെ അനിൽ നമ്പ്യാർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചിരുന്നു.
സ്ഫോടനം നടന്ന വാർത്ത പുറത്തുവന്നപ്പോൾ യഹോവ സാക്ഷികളും ജൂതരും ഒരേ വിശ്വാസം പിൻപറ്റുന്നവരാണെന്നും ഹമാസ് ഭീകരതയെ ന്യായീകരിച്ച കോൺഗ്രസ്, സി.പി.ഐ.എം നേതാക്കളാണ് ആക്രമണത്തിന്റെ ഉത്തരവാദികളെന്നും സന്ദീപ് വാര്യർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇത് പിൻവലിക്കുകയായിരുന്നു.
കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, ബി.ജെ.പി ദേശീയ സെക്രട്ടറി അനിൽ ആന്റണി എന്നിവർക്കെതിരെയും വിദ്വേഷ പ്രസ്താവനകൾക്ക് കേസെടുത്തിട്ടുണ്ട്.
മറുനാടൻ മലയാളി ചാനൽ ഉടമ ഷാജൻ സ്കറിയക്കെതിരെയും കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു.
CONTENT HIGHLIGHT: Hatred Comment; Case against janam TV editor anil nambiar