ശ്രീനഗര്‍: മുസ്‌ലിങ്ങള്‍ക്കെതിരെയുള്ള വിദ്വേഷം രാജ്യത്ത് സാധാരണവല്‍കരിക്കപ്പെട്ടെന്നും, വൈവിധ്യം ആഘോഷിക്കപ്പെടാത്ത ഇടമായി രാജ്യം മാറിയെന്നും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുല്ല. ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട പ്രതിഷേധം കര്‍ണാടകയിലാകെ ശക്തമായിരിക്കെയാണ് ഒമര്‍ അബ്ദുല്ല യുടെ പ്രതികരണം.
കര്‍ണാടകയിലെ ഒരു കോളേജില്‍ ഹിജാബ് ധരിച്ചെത്തിയ യുവതിയ്ക്ക് നേരെ കാവിഷാള്‍ അണിഞ്ഞെത്തിയ ഹിന്ദുത്വ പ്രവര്‍ത്തകര്‍ ജയ് ശ്രീറാം വിളികളുമായി പാഞ്ഞടുക്കുന്ന വീഡിയോയ്ക്ക് കമന്റ് ചെയ്യുകയായിരുന്നു അദ്ദേഹം.
‘ഈ യുവാക്കള്‍ക്ക് എത്രമാത്രം ധൈര്യമുണ്ട്, അവര്‍ എത്രമാത്രം ആഭാസന്മാരായിരിക്കും ഒറ്റയ്ക്കുള്ള ഒരു പെണ്‍കുട്ടിയെ ലക്ഷ്യം വെക്കുമ്പോള്‍. ഇന്ത്യയില്‍ ഇന്ന് മുസ്‌ലിങ്ങള്‍ക്കെതിരെയുള്ള വിദ്വേഷം മുഖ്യധാരയിലേക്ക് എത്തുകയും സാധാരണവല്‍ക്കരിക്കപ്പെടുകയും ചെയ്തിരിക്കുകയാണ്.
വൈവിധ്യം ആഘോഷിക്കപ്പെടാത്ത ഇടമായി രാജ്യം മാറിയിരിക്കുന്നു. പകരം ജനങ്ങളെ ശിക്ഷിക്കുവാനും ഒഴിവാക്കുവാനുമാണ് നമ്മള്‍ ആഗ്രഹിക്കുന്നത്,’ വീഡിയോ ടാഗ് ചെയ്തുകൊണ്ട് ഒമര്‍ അബ്ദുല്ല കുറിച്ചു.
അതേസമയം ഉഡുപ്പി, ശിവമോഗ, ബഗാല്‍കോട്ട എന്നിവടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിവാദം സംഘര്‍ഷഭരിതമായ നിലയിലേക്ക് എത്തിയതോടെ പൊലീസും അധികൃതരും ഇടപെട്ടു. ഉഡുപ്പിയിലെ ഗവണ്‍മെന്റ് കോളേജില്‍ പഠിക്കുന്ന അഞ്ച് വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ ഹരജികള്‍ പരിഗണിക്കവേ കോളേജിലെ ഹിജാബ് നിരോധനത്തെ കര്‍ണാടക ഹൈക്കോടതി ചോദ്യം ചെയ്തു.
ജനുവരിയിലാണ് ഹിജാബ് വിവാദം ആരംഭിച്ചത്. ഉഡുപ്പിയിലെ പി.യു കോളേജിലെ പഠിക്കുന്ന ആറ് വിദ്യാര്‍ത്ഥിനികള്‍ ശിരോവസ്ത്രം ധരിച്ചെത്തിയതോടെ അവരോട് പുറത്ത് പോകാന്‍ സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു.
ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥികള്‍ കോളേജിന് പുറത്തുതന്നെ നില്‍ക്കട്ടെ എന്ന നിലപാടാണ് ഇപ്പോഴും കോളേജുകള്‍ സ്വീകരിച്ചിരിക്കുന്നത്. കോളേജിന്റെ നിലപാടിനെതിരെ വിദ്യാര്‍ത്ഥിനികള്‍ സമരം തുടരുകയാണ്.
How brave these men are & how macho they must feel while targeting a lone young lady! Hatred for Muslims has been completely mainstreamed & normalised in India today. We are no longer a nation that celebrates our diversity, we want to punish & exclude people for it. https://t.co/KfxaF88Otd
ഹിജാബ് വിവാദത്തില്‍ കോളേജിന്റെ നടപടിയെ എതിര്‍ത്ത് സമരം ആരംഭിച്ച ആറ് വിദ്യാര്‍ത്ഥിനികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമെതിരെയും പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.
ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് അന്വേഷണം നടത്തുന്നത്. വിദ്യാര്‍ത്ഥിനികള്‍ക്കും രക്ഷിതാക്കള്‍ക്കും ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.
വിദ്യാര്‍ത്ഥിനികള്‍ ഏതെങ്കിലും യോഗങ്ങളില്‍ പങ്കെടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് പുറമെ ഇവരുടെ ഫോണ്‍രേഖകളും പൊലീസ് ശേഖരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഹിജാബ് വിഷയത്തില്‍ സമരം ചെയ്യുന്നത് തീവ്രവാദബന്ധമുള്ള സംഘടനകളാണെന്നാണ് കര്‍ണാടക സര്‍ക്കാര്‍ ആരോപിക്കുന്നത്.