ലക്‌നൗ: ഹാത്രാസില്‍ കൂട്ട ബലാത്സംഗത്തിനിരയായി മരിച്ച 19 കാരിയായ ദളിത് പെണ്‍കുട്ടി ക്രൂരമായി ആക്രമണങ്ങള്‍ക്കിരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. നട്ടെല്ല് ആക്രമണത്തില്‍ തകര്‍ന്നതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
പെണ്‍കുട്ടിയെ അവസാനമായി ചികിത്സിച്ച ദല്‍ഹിയിലെ ആശുപത്രിയിലാണ് പോസ്റ്റ്‌മോര്‍ട്ടം നടന്നത്. പെണ്‍കുട്ടിയുടെ നട്ടെല്ലിന് കാര്യമായി അപകടമാണ് സംഭവിച്ചതെന്നും ക്ഷതം സംഭവിച്ച സ്ഥലത്ത് രക്തസ്രാവമുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ഇത് മരണത്തിന് കാരണമായിട്ടില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പെണ്‍കുട്ടിയുടെ ആന്തരികാവയവങ്ങളുടെ കെമിക്കല്‍ റിപ്പോര്‍ട്ട് വന്നാല്‍ മരണ കാരണം സ്ഥിരീകരിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പെണ്‍കുട്ടിയുടെ ആന്തരികാവയവങ്ങള്‍ സൂക്ഷിച്ച് വെച്ചിട്ടുണ്ടെന്നും മറ്റു പ്രധാന സാമ്പിളുകള്‍ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറിയിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
അതേസമയം പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായോ എന്ന കാര്യം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വിക്രാന്ത് വീര്‍ പറഞ്ഞു.
ഡോക്ടര്‍മാര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും ഫോറന്‍സിക് പരിശോധനയ്ക്ക് കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കുറ്റകൃത്യം നടന്ന സ്ഥലം പ്രത്യേക അന്വേഷണ സംഘം സന്ദര്‍ശിച്ചതായി ഉദ്യോഗസ്ഥന്‍ അറിയിച്ചു. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളില്‍ നിന്ന് വീണ്ടും മൊഴിയെടുക്കും.
അതേസമയം ഹാത്രാസില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മാധ്യമങ്ങളെയും പ്രദേശത്തേക്ക് കടക്കുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്.
ഹാത്രാസില്‍ സെപ്തംബര്‍ 14നായിരുന്നു 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി ആക്രമത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചതെന്ന് കുടുംബം പറഞ്ഞിരുന്നു.
കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങള്‍ പ്രദേശം മുഴുവന്‍ തെരച്ചില്‍ നടത്തി. ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.
ക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ചൊവ്വാഴ്ചയാണ് മരിച്ചത്. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് നിര്‍ബന്ധിച്ച് സംസ്‌കരിച്ചത് വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക