| Tuesday, 9th July 2024, 11:18 am

വ്യാജ ബാബമാരുടെ പട്ടിക പുറത്തുവിടും; സര്‍ക്കാര്‍ നടപടിയെടുക്കണം: ഹിന്ദു സന്യാസി സംഘടന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഹാത്രാസില്‍ ആള്‍ദൈവം ഭോലെ ബാബയുടെ പരിപാടിയില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 121 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിന് പിന്നാലെ വ്യാജ സന്യാസിമാര്‍ക്കെതിരെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ ആവശ്യപ്പെട്ട് അഖില ഭാരതീയ അഖാര പരിഷത്ത്. ഇന്ത്യയിലെ ഹിന്ദു സന്യാസിമാരുടെ സംഘടനകളിലൊന്നാണ് അഖില ഭാരതീയ അഖാര പരിഷത്ത്.

‘2025 ലെ വരാനിരിക്കുന്ന മഹാകുംഭ് മേളയുടെ ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അഖില ഭാരതീയ അഖാര പരിഷത്ത് ജൂലൈ 18 ന് ഒരു യോഗം വിളിച്ചിട്ടുണ്ട്. പ്രസ്തുത യോഗത്തില്‍ രാജ്യത്തെ വ്യാജ സന്യാസിമാര്‍ക്കെതിരെ ചില മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ സംഘടന ആലോചിക്കുന്നുണ്ട്. കൂടാതെ വ്യാജ സന്യാസിമാരുടെയും ദര്‍ശകരുടെയും ഒരു പട്ടിക പുറത്തുവിടാനും സംഘടന തീരുമാനിച്ചിട്ടുണ്ട്,’ അഖാഡ പരിഷത്ത് പ്രസിഡന്റ് മഹന്ത് രവീന്ദ്ര പുരി പറഞ്ഞു.

12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഈ മേളയില്‍ ക്യാമ്പുകള്‍ സ്ഥാപിക്കാനുള്ള സ്ഥലവും മറ്റ് സൗകര്യങ്ങളും ആവശ്യപ്പെടാന്‍ ഇത്തരം വ്യാജ സന്യാസിമാരെ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹത്രാസില്‍ നടന്നതുപോലുള്ള സംഭവങ്ങള്‍ എല്ലാ സന്യാസിമാരുടെയും പ്രശസ്തിയെ ബാധിക്കുന്നതാണെന്ന് അഖാര പരിഷത്ത് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും നിര്‍മ്മല്‍ ആനന്ദ് അഖാരയുടെ സന്യാസിയുമായ ആചാര്യ ദേവേന്ദ്ര ശാസ്ത്രി പറഞ്ഞു.

13 അഖാരകളും ഈ വിഷയത്തില്‍ ഒറ്റക്കെട്ടായി മുന്നോട്ട് വരുകയും വ്യാജ സന്യാസിമാര്‍ക്കെതിരെ നിലപാട് എടുക്കുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സന്യാസിമാര്‍ക്ക് ഇത്തരം വ്യാജ ബാബമാരെ തിരിച്ചറിയാനും അവര്‍ക്കെതിരെ നടപടിയെടുക്കാനും കഴിയുന്ന ഒരു ഏജന്‍സിയും ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ ഈ വിഷയത്തില്‍ നടപടി സ്വീകരിക്കണമെന്നായിരുന്നു ആചാര്യ ദേവേന്ദ്ര ശാസ്ത്രി പറഞ്ഞത്.

‘കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഞങ്ങള്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കുകയും അഖാര പരിഷത്തിന്റെ കീഴില്‍ വ്യാജ സന്യാസിമാരെ കണ്ടെത്തുകയും ചെയ്തിരുന്നു, എന്നാല്‍ കുറച്ചു തവണകളിലായി വ്യാജ സന്യാസിമാരുടെ പട്ടിക പുറത്തുവിട്ടിട്ടും അതില്‍ തുടര്‍ നടപടികളൊന്നും ഉണ്ടായില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹത്രാസ് സംഭവത്തില്‍ ഞങ്ങള്‍ അസ്വസ്ഥരാണ്. സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കാനും വലിയ അനുയായികളേയും ആള്‍ക്കൂട്ടത്തേയും ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെ നിരവധി പേര്‍ തങ്ങളുടെ പേരിന് മുന്നില്‍ ‘ബാബ’ എന്ന് ചേര്‍ത്ത് സ്വയം സന്യാസിമാരായി ഇറങ്ങിയിട്ടുണ്ട്. ഈ വിഷയം സര്‍ക്കാര്‍ ഗൗരവുമായി കാണേണ്ടതാണ്. വിഷയത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചകളുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു,’ അദ്ദേഹം പറഞ്ഞു.

Content Highlight: Hatras Issue Akhara Parishad to specify new norms against fake babas

We use cookies to give you the best possible experience. Learn more