ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തനിരയായി കൊല്ലപ്പെട്ടതിന് പിന്നാലെ നിര്‍ഭയയെ ഓര്‍മ്മിച്ച് രാജ്യം. നിര്‍ഭയ എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. സാമൂഹ്യപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തരുമെല്ലാം രാജ്യത്തെ സ്ത്രീസുരക്ഷയിലെ അപാകതകളും ദളിത് വിഭാഗക്കാര്‍ക്ക് നേരെ നിരന്തരമായി നടക്കുന്ന അതിക്രമങ്ങളും ചൂണ്ടിക്കാട്ടി രംഗത്തെത്തിയിട്ടുണ്ട്. നിര്‍ഭയക്കൊപ്പം ദളിത് എന്ന ഹാഷ്ടാഗിലും നിരവധി പേരാണ് സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുന്നത്.
നിര്‍ഭയയെ രാജ്യം മുഴുവന്‍ അറിയുകയും വലിയ പ്രതിഷേധം ഉയരുകയും ചെയ്തു. പക്ഷെ നാവ് മുറിക്കപ്പെട്ട്, നട്ടെല്ലുകള്‍ തകര്‍ക്കപ്പെട്ട് ക്രൂരമായി പീഡിപ്പിക്കപ്പെട്ട പത്തൊന്‍പതുകാരിയായ ഈ ദളിത് പെണ്‍കുട്ടിയെ അറിയാതെ പോയെന്ന് നിരവധി പേര്‍ ട്വിറ്ററില്‍ പറയുന്നു. ഫോര്‍ഗോട്ടണ്‍ (മറന്നുപോയ) നിര്‍ഭയ എന്ന വാക്കുകളോട് കൂടിയാണ് ട്വീറ്റുകള്‍.
കൂട്ടബലാത്സംഗത്തിനിരയായ ദളിത് പെണ്‍കുട്ടി ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. ദല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. സെപ്തംബര്‍ 14നായിരുന്നു സംഭവം നടന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം മാത്രമായിരുന്നു സംഭവം മാധ്യമങ്ങളില്‍ ചര്‍ച്ചയായത്. ദളിതര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളോട് പൊതുസമൂഹവും മാധ്യമങ്ങളും കണ്ണടക്കുകയാണെന്നാണ് പ്രധാന വിമര്‍ശനം. ഈ സംഭവത്തെ നമ്മള്‍ പിന്തുടര്‍ന്നേ മതിയാകൂയെന്ന് മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്ത് ട്വിറ്ററില്‍ കുറിച്ചു.
കേന്ദ്ര സര്‍ക്കാരിനും ഉത്തര്‍പ്രദേശ് സര്‍ക്കാരിനുമെതിരെയും വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്നെങ്കിലും ഉണര്‍ന്നു പ്രവര്‍ത്തക്കുമോയെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യം. ‘ഈ ലോകം അതിക്രൂരമായി മാറിക്കൊണ്ടിരിക്കുകയാണ്. നിര്‍ഭയ ഫണ്ട്, ബേഠി ബച്ചാവോ, ശക്തമായ നിയമങ്ങള്‍, പക്ഷെ എന്നാണ് കാര്യങ്ങളില്‍ ശരിക്കും മാറ്റം വരിക’ മാധ്യമപ്രവര്‍ത്തകനായ രജ്ദീപ് സര്‍ദേശായി ട്വിറ്ററില്‍ കുറിച്ചു.
ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ വെച്ചായിരുന്നു പെണ്‍കുട്ടിയെ നാല് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. മൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് കുട്ടിയെ ഇവര്‍ ബലാത്സംഗം ചെയ്തത്. കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങള്‍ പ്രദേശം മുഴുവന്‍ തെരച്ചില്‍ നടത്തി. ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്തിരുന്നു. ആദ്യം അലിഗറിലെ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിയെ ദല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റിയത്.
പെണ്‍കുട്ടിയെ ദല്‍ഹിയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ നാക്ക് മുറിച്ച നിലയിലായിരുന്നു. പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താനും ശ്രമിച്ചിരുന്നു.
സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തു. ഹത്രാസ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍വെച്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സന്ദീപ്, രാമു, ലവകുശ്, രവി എന്നീ പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് എസ്.പി വിക്രാന്ത് വീര്‍ അറിയിച്ചു.
ഈ നാലുപേരും ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണെന്നും ചോദ്യം ചെയ്യലുകള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതികള്‍ക്കെതിരെ ബലാത്സംഗത്തിനും വധശ്രമത്തിനും കേസെടുത്തിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക