| Thursday, 8th October 2020, 8:07 am

ഹാത്രാസില്‍ ജാതി സംഘര്‍ഷമുണ്ടാക്കാന്‍ 100 കോടിയുടെ വിദേശ നിക്ഷേപമെന്ന് എന്‍ഫോഴ്‌സമെന്റ് വാദം; നീക്കം യോഗിക്കെതിരെയുള്ള ഗൂഢാലോചന വാദം പൊളിയുന്നതിനിടെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: ഹാത്രാസില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ വിദേശ ഇടപെടലെന്ന യു.പി സര്‍ക്കാരിന്റെ വാദത്തെ പിന്തുണച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും. യു.പിയില്‍ ജാതി കലാപം ഉണ്ടാക്കാന്‍ 100 കോടി രൂപയുടെ സഹായം വിദേശത്തു നിന്നെത്തിയെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് വാദം.

ഇതില്‍ 50 കോടി രൂപ മൗറീഷ്യസില്‍ നിന്നാണ് വന്നതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറഞ്ഞുവെന്ന് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്  റിപ്പോര്‍ട്ടു  ചെയ്യുന്നു.

ഫണ്ട് എവിടെ നിന്നെത്തി എന്നതില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് പറഞ്ഞു. ഫണ്ടെത്തിയത് എവിടെ നിന്നെന്ന് കണ്ടെത്തിയാല്‍ സംസ്ഥാനത്ത് നടക്കുന്ന സംഘര്‍ഷാവസ്ഥയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് വാദിക്കുന്നത്.

അതേസമയം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വാദങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. കേസന്വേഷണത്തെ അട്ടിമറിക്കാനുള്ള നീക്കമാണ് യോഗി ആദിത്യനാഥ് സര്‍ക്കാരിനോടൊപ്പം ചേര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് നടത്തുന്നതെന്ന് പ്രതിപക്ഷ കക്ഷികള്‍ പറഞ്ഞു.

നേരത്തെ ഹാത്രാസ് സംഭവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ‘ അന്താരാഷ്ട്ര ഗൂഢാലോചന’ നടന്നതായി ചൂണ്ടിക്കാട്ടി യു.പി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

യു.പി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ വൈരുദ്ധ്യങ്ങളും അബദ്ധങ്ങളും തുറന്നുകാട്ടി മുതിര്‍ന്ന അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍ രംഗത്തെത്തിയിരുന്നു. പൊലീസുകാരും അവരുടെ ഏമാന്മാരും തമ്മില്‍ നടന്ന ഗൂഢാലോചനയാണിതെന്നാണ് പൊലീസ് സമര്‍പ്പിച്ച തെളിവുകള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നതെന്നാണ് പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററിലെഴുതിയത്.

വെബ്സൈറ്റുകളിലൂടെ കലാപത്തിന് ആഹ്വാനം ചെയ്തെന്നും രാജ്യാന്തര ഗൂഢാലോചന നടന്നെന്നുമാണ് യു.പി പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ പറയുന്നത്.

എന്നാല്‍ ഒക്ടോബര്‍ മൂന്നിനും നാലിനുമാണ് പ്രസ്തുത വെബ്സൈറ്റ് ക്രിയേറ്റ് ചെയ്തിരിക്കുന്നതെന്നും ഇത് എവിടെയും സര്‍ക്കുലേറ്റ് ചെയ്യപ്പെട്ടിട്ടില്ലെന്നും മാധ്യമപ്രവര്‍ത്തകയായ രോഹിണി സിംഗ് കണ്ടെത്തിയിരുന്നു.

ഇത് സാധൂകരിക്കുന്ന വെബ്സൈറ്റ് സ്‌ക്രീന്‍ ഷോട്ടുകളടക്കം രോഹിണി സിംഗ് ട്വീറ്റ് ചെയ്തിരുന്നു. ‘ഇപ്പോള്‍ പബ്ലിഷ് ചെയ്യപ്പെടുകയും ആരും സര്‍ക്കുലേറ്റ് ചെയ്യുകയും ചെയ്യാത്ത ഒരു വെബ്സൈറ്റിനെ കുറിച്ച് കണ്ടെത്തിയ യു.പി പൊലീസിന്റെ കാര്യക്ഷമത’ എന്നായിരുന്നു രോഹിണി ട്വീറ്റ് ചെയ്തത്. ഇത് റീട്വീറ്റ് ചെയ്തുക്കൊണ്ടാണ് പ്രശാന്ത് ഭൂഷണ്‍ യു.പി സര്‍ക്കാരിനെ പരിഹസിച്ചുക്കൊണ്ട് രംഗത്തെത്തിയത്.

പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്.ഐ.ആറില്‍ justiceforhathrasvictim.carrd.co വെബ്സൈറ്റില്‍ എങ്ങനെ സുരക്ഷിതമായി പ്രതിഷേധങ്ങള്‍ നടത്താം, പൊലീസിനെ ഒഴിവാക്കാം തുടങ്ങിയ വിവരങ്ങളും അടങ്ങിയിരുന്നതായി പറയുന്നുണ്ട്. അമേരിക്കയിലെ ബ്ലാക്ക് ലൈവ്സ് മാറ്റര്‍ എന്ന പ്രക്ഷോഭവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഈ സൈറ്റില്‍ അധികവും ഉണ്ടായിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight:  Hatras Case: Rs 100 Crore sent from abroad to fund violennce in Up hints ED

We use cookies to give you the best possible experience. Learn more