ന്യൂദല്‍ഹി: ഹത്രാസില്‍ കൂട്ടബലാംത്സത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് ജോലി ലഭിക്കുന്നതും ഹത്രാസില്‍ നിന്ന് അവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുമുള്ള അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നല്‍കിയ ഹരജിയില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി.
ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ്. നരസിംഹ, ജസ്റ്റിസ് ജെ.ബി. പര്‍ദ്ദിവാല എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീലുമായി വന്നതില്‍ അതിശയം തോന്നുന്നുവെന്ന് പറഞ്ഞത്.
അപ്പീലില്‍ ഇടപെടാന്‍ സാധിക്കില്ലെന്ന് അറിയിച്ച കോടതി ഇങ്ങനെയുള്ള കാര്യങ്ങളുമായി വരരുതെന്ന് ശാസിക്കുകയും ചെയ്തു.
‘ഇതൊക്കെയും കുടുംബത്തിന് നല്‍കുന്ന സൗകര്യങ്ങളാണ്. ഇതില്‍ കോടതി ഇടപെടില്ല. ഇങ്ങനെയുള്ള കാര്യങ്ങളുമായി സംസ്ഥാനം വരാന്‍ പാടില്ല,’ ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 136 പ്രകാരം ഈ കേസിലെ വസ്തുതകളും സാഹചര്യങ്ങളും അനുസരിച്ച് ഈ ഹരജിയില്‍ ഇടപെടില്ലെന്നും കോടതി അറിയിച്ചു.
കുടുംബത്തെ മാറ്റിപ്പാര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്നും എന്നാല്‍ അവര്‍ക്ക് നോയിഡയോ ദല്‍ഹിയോ ഗസിയാബാദോ വേണമെന്നാണ് ആവശ്യമെന്നും സര്‍ക്കാറിന് വേണ്ടി ഹാജരായ അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ യു.പി ഗരിമ പ്രഷാദ് പറഞ്ഞു.
വിവാഹിതനായ മൂത്ത സഹോദരനെ ഇരയുടെ ആശ്രിതനായി കണക്കാക്കാന്‍ സാധിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.
ഹത്രാസിലെ ദലിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതിനും കൊലപ്പെടുത്തിയതിനുമെതിരെ അലഹബാദ് ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. 2022 ജൂലൈ 26നായിരുന്നു കേസില്‍ വിധി പുറപ്പെടുവിച്ചത്.
വിധിയില്‍ ഇരയുടെ കുടുംബാംഗങ്ങളില്‍ ഒരാള്‍ക്ക് അവരുടെ യോഗ്യതയ്ക്കാനുപാതികമായി സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.
1986ലെ എസ്.സി, എസ്.ടി നിയമപ്രകാരവും കുടുംബത്തിന്റെ പിന്നോക്ക സാമ്പത്തികാവസ്ഥയും പരിഗണിച്ചാണ് കോടതി അങ്ങനെയൊരു ഉത്തരവിറക്കിയതെന്ന് ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു.
ഇരയുടെ കുടുംബത്തിന് സ്ഥലം മാറുന്നതിനും നിയമം അനുശാസിക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.
എന്നാല്‍ തൊഴില്‍ നല്‍കുക എന്നത് ആര്‍ട്ടിക്കിള്‍ 14ന്റെയും 16ന്റെയും ലംഘനമാണെന്നാണ് സര്‍ക്കാരിന്റെ വാദം.
അതേസമയം ഇരയുടെ കുടുംബത്തിന് നേരെ എപ്പോഴും മറ്റ് ഗ്രാമവാസികളില്‍ നിന്ന് ഉപദ്രവം ഉണ്ടാകുന്നുവെന്നും സി.ആര്‍.പി.എഫിന്റെ സുരക്ഷയുണ്ടായപ്പോഴും ഇത് ആവര്‍ത്തിച്ചതായും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. അത് കൂടി പരിഗണിച്ചാണ് കുടുംബത്തെ സ്ഥലം മാറ്റി പാര്‍പ്പിക്കണമെന്ന് ഉത്തരവിട്ടത്.
ഹത്രാസ് കേസിലെ പെണ്‍കുട്ടിയുടെ മൃതദേഹം കുടുംബാംഗങ്ങള്‍ക്ക് നല്‍കാതെ പൊലീസ് സംസ്‌കരിച്ചതും വലിയ വിമര്‍ശനങ്ങളും സംശയങ്ങളും ഉയര്‍ത്തിയിരുന്നു. സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മലയാളി മാധ്യമപ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പനെ പൊലീസ് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം ആഴ്ചകള്‍ക്ക് മുമ്പ് വിചാരണ കോടതി കേസില്‍ നിന്ന് കൂട്ടബലാംത്സംഗം ഒഴിവാക്കുകയും നാല് പ്രതികളില്‍ മൂന്ന് പേരെ വെറുതെ വിടുകയും ചെയ്തിരുന്നു. ഇന്ത്യന്‍ പീനല്‍ കോഡ് സെഷന്‍ 304 പ്രകാരമുള്ള കൊലപാതകത്തിന് തുല്യമല്ലാത്ത നരഹത്യ, എസ്.സി-എസ്,ടി നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ എന്നിവയ്ക്കാണ് ശേഷിക്കുന്ന പ്രതിയായ സന്ദീപിനെ കോടതി ശിക്ഷിച്ചിരിക്കുന്നത്.
content highlight: Hathras; UP against the High Court’s order to help the family. Petition of the Government; Reprimanded by the Supreme Court