ഹത്രാസ്, കത്വ, ഉന്നാവോ; മഹാദുരന്തങ്ങളാല്‍ മായ്ക്കപ്പെടുന്ന ഭരണപക്ഷം പ്രതിയായ സ്ത്രീപീഡന കേസുകള്‍
Opinion
ഹത്രാസ്, കത്വ, ഉന്നാവോ; മഹാദുരന്തങ്ങളാല്‍ മായ്ക്കപ്പെടുന്ന ഭരണപക്ഷം പ്രതിയായ സ്ത്രീപീഡന കേസുകള്‍
ആര്യ. പി
Wednesday, 10th July 2024, 1:49 pm

ഹത്രാസ്, കത്വ, ഉന്നാവോ ഈ മൂന്ന് പേരുകള്‍ ഇന്ത്യക്കാര്‍ ഓര്‍ക്കുന്നത് ഭരണപക്ഷത്തിന് പങ്കുള്ള, നടുക്കുന്ന മൂന്ന് സ്ത്രീപീഡന കേസുകളുടെ പേരിലാണ്. യു.പിയിലെ ഹത്രാസിലും ഉന്നാവോയിലും ജമ്മുകശ്മീരിലെ കത്വയിലും പെണ്‍കുട്ടികള്‍ക്ക് നേരെ നടന്ന മൂന്ന് ക്രൂരമായ ബലാത്സംഗങ്ങള്‍, കൊലപാതകങ്ങള്‍. ഭരണകൂടത്തിന്റെ പിന്തുണയോടെയുള്ള കേസ് അട്ടിമറിക്കല്‍. വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും അത് ആളുകളുടെ ഓര്‍മകളില്‍ അവശേഷിക്കും.

ഹത്രാസ് എന്നും കത്വ എന്നും ഉന്നാവോ എന്നും ഗൂഗിളില്‍ തിരയുമ്പോള്‍ ലഭിച്ചിരുന്ന വാര്‍ത്തകളുടെ സ്ഥാനത്ത് ഇന്നുള്ളത് മൂന്ന് പുതിയ ദുരന്ത വാര്‍ത്തകളാണ്.

ഹത്രാസില്‍ ഭോലെ ബാബയെന്ന ആള്‍ദൈവം നടത്തിയ പരിപാടിയില്‍ 121 പേര്‍ മരിച്ച സംഭവമാണ് അതിലൊന്ന്. കത്വയില്‍ സൈനികര്‍ക്ക് നേരെ നടന്ന തീവ്രവാദ ആക്രമണ വാര്‍ത്തയാണ് മറ്റൊന്ന്. ഉന്നാവോയില്‍ കഴിഞ്ഞ ദിവസം നടന്ന ബസ് അപകടത്തില്‍ 18 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട വാര്‍ത്തയാണ് ഒടുവിലത്തേത്ത്.

ഒരു തരത്തില്‍ ഭരണകൂടം പ്രതികളായ, ഭരണകൂടത്തിനെതിരെ വലിയ ജനരോഷമുയര്‍ന്ന മൂന്ന് കേസുകളാല്‍ അറിയിപ്പെട്ടിരുന്ന സ്ഥലനാമങ്ങള്‍ ഇന്നറിയപ്പെടുന്ന ഈ മൂന്ന് ദുരന്തങ്ങളുടെ പേരിലാണ്.

ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതും ഏറ്റവും കൂടുതല്‍ പേരുടെ മരണത്തിന് ഇടയാക്കിയതുമായ സംഭവമാണ് 2024 ജൂലൈ 2 ന് യു.പിയിലെ ഹത്രാസില്‍ ആള്‍ദൈവം ഭോലെ ബാബ നടത്തിയ മതപരിപാടിയില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 121 പേര്‍ മരിച്ച സംഭവം. മരണപ്പെട്ടവരില്‍ ഭൂരിഭാഗം പേരും സ്ത്രീകളും കുട്ടികളുമായിരുന്നു. നൂറ് കണക്കിന് പേരാണ് നിലവില്‍ പരിക്കേറ്റ് ആശുപത്രിയില്‍ തുടരുന്നത്.

ഭോലെ ബാബയുടെ പരിപാടിയ്ക്ക് പിന്നാലെയുണ്ടായ ദുരന്ത ചിത്രം

ഹത്രാസില്‍ പരിപാടി സംഘടിപ്പിച്ച ആള്‍ദൈവം ഭോലെ ബാബ കേസില്‍ കുറ്റക്കാരനല്ലെന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. അപകടത്തിന്റെ ഉത്തരവാദികള്‍ അനുയായികള്‍ ആണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബാബയുടെ പേര് പോലും അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ല. അനുവദനീയമായതിലും കൂടുതല്‍ ആളുകളെ പ്രവേശിപ്പിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.

ഇതിന് മുന്‍പ് യു.പിയിലെ ഹത്രാസ് എന്ന സ്ഥലപേര് അറിയപ്പെട്ടിരുന്നത് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ഒരു ബലാത്സംഗ കേസിന്റെ പേരിലായിരുന്നു.

2020 സെപ്റ്റംബര്‍ 14 നാണ് ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ 19 കാരിയായ ഒരു ദളിത് പെണ്‍കുട്ടിയെ സവര്‍ണ വിഭാഗത്തില്‍പ്പെട്ട നാല് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി മരണാസന്നയാക്കിയത്. എതിര്‍ത്ത പെണ്‍കുട്ടിയെ കഴുത്തില്‍ ഷാള്‍ കെട്ടി വലിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.

രണ്ടാഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷമാണ് പെണ്‍കുട്ടി മരണപ്പെടുന്നത്. നട്ടെല്ലിനേറ്റ ഗുരുതരമായ പരിക്കും കഴുത്തുഞെരിച്ച സമയത്ത് പെണ്‍കുട്ടിയുടെ നാവ് കടിച്ച് അറ്റുപോയെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. മരണം നടന്ന ഉടന്‍ തന്നെ ജനരോഷം ഭയന്ന്, ബന്ധുക്കളുടെ അനുമതി പോലും തേടാതെ അര്‍ധരാത്രിയില്‍ പൊലീസ് ബലം പ്രയോഗിച്ച് മൃതദേഹം സംസ്‌ക്കരിച്ചു. മകളുടെ അന്ത്യകര്‍മങ്ങള്‍ പോലും ചെയ്യാന്‍ കുട്ടിയുടെ മാതാപിതാക്കളെ അനുവദിച്ചില്ല.

ഹത്രാസ് പെണ്‍കുട്ടിയുടെ മൃതദേഹം അടക്കം ചെയ്യുന്ന പൊലീസുകാര്‍

സംഭവത്തിന് ശേഷം മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയില്‍ നാല് പ്രതികളുടെ പേര് പെണ്‍കുട്ടി പറഞ്ഞിരുന്നെങ്കിലും പ്രതികളെ പിടികൂടാനോ നടപടി എടുക്കാനോ പൊലീസ് തയ്യാറായില്ല. പ്രതികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ ഇടപെടലുകളുണ്ടായത് വലിയ ജനരോഷത്തിന് കാരണമായി.

വിഷയത്തില്‍ രാജ്യം മുഴുവന്‍ വലിയ പ്രക്ഷോഭം ഉയര്‍ന്നേക്കാമായിരുന്ന ഒരു വിഷയത്തെ, അത്തരമൊരു സാധ്യത മുന്നില്‍കണ്ട് ഭരണകൂടം ബോധപൂര്‍വം ഒതുക്കുകയായിരുന്നെന്ന ആരോപണവും അന്ന് ഉയര്‍ന്നിരുന്നു.

ഹത്രാസ് സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയേയും പ്രിയങ്കയേയും യു.പി പൊലീസും കേന്ദ്രസേനയുമൊക്കെ ചേര്‍ന്ന് തടഞ്ഞതും അന്ന് വലിയ വാര്‍ത്തയായിരുന്നു. ഹത്രാസ് സന്ദര്‍ശിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാളി മാധ്യമ പ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പനെ യു.പി പൊലീസ് അറസ്റ്റ് ചെയ്ത് വിചാരണത്തടവുകാരനാക്കി ജയിലിലടക്കുകയും ചെയ്തു.

കേസില്‍ പ്രതികളായ നാലില്‍ മൂന്ന് പേരേയും 2023 മാര്‍ച്ചില്‍ പ്രത്യേക കോടതി തെളിവില്ലെന്ന കാരണം പറഞ്ഞ് വെറുതെ വിട്ടു. ഒരാളെ ജീവപര്യന്തം ശിക്ഷിച്ചു. പ്രതികള്‍ക്കെതിരെ കൊലപാതക കുറ്റമോ ബലാത്സംഗമോ ചുമത്തിയിരുന്നില്ലെന്നതും പ്രധാനമാണ്.

ഹത്രാസ് എന്ന് ഗൂഗിളില്‍ തിരയുന്ന ആര്‍ക്കും ഇത്രയുംനാള്‍ ലഭിച്ചിരുന്നത് യു.പിയിലെ 19കാരിയുടെ മരണത്തിന് ഇടയാക്കിയ ക്രൂരബലാത്സംഗത്തിന്റെ വാര്‍ത്തകളും ഭരണകൂടത്തിന്റെ അനാസ്ഥയും രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനവും പ്രതികളെ വെറുതെ വിട്ടതും, നീതി ലഭിച്ചില്ലെന്ന് കുടുംബം പറുന്ന വാര്‍ത്തകളുമൊക്കെ ആയിരുന്നെങ്കില്‍ ഇന്നത് ഹത്രാസില്‍ ഭോലെ ബാബ നടത്തിയ പരിപാടിയില്‍ 121 പേര്‍ കൊല്ലപ്പെട്ട വാര്‍ത്തയായി മാറിയിരിക്കുന്നു. ഒരു ദുരന്തം മറ്റൊരു ദുരന്തത്തെ മായ്ച്ചുകളയുന്ന അപൂര്‍വത.

ഇനി അടുത്തത് കത്വ. 2018 ജനുവരി 10 ന് ജമ്മുവിനടുത്ത് കത്വയിലെ രസാന ഗ്രാമത്തിലെ എട്ടുവയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി എട്ട് പേര്‍ ചേര്‍ന്ന് ക്ഷേത്രത്തില്‍ തടവില്‍വെച്ചു കൂട്ടബലാത്സംഗം ചെയ്ത് കൊലചെയ്ത സംഭവമാണ് കത്വ ബലാത്സംഗ കേസ്.

കൊലചെയ്യപ്പെട്ട ആസിഫ ബാനു നാടോടികളായ ബകര്‍വാള്‍ സമുദായത്തില്‍പ്പെട്ട ആളായിരുന്നു. മൃതദേഹം കണ്ടെത്തുമ്പോള്‍ കുട്ടിയെ കാണാതായിട്ട് ഒരാഴ്ച കഴിഞ്ഞിരുന്നു. വലിയ പ്രതിഷേധമാണ് വിഷയത്തില്‍ രാജ്യത്താകമാനം ഉയര്‍ന്നത്. വിഷയത്തില്‍ പ്രതികളെ പിന്തുണച്ച് ബി.ജെ.പി മന്ത്രിമാര്‍ തന്നെ രംഗത്തെത്തിയത് വലിയ വാര്‍ത്തയായി. കത്വ പ്രതികളെ പിന്തുണച്ച് ഹിന്ദു ഏക്താ മഞ്ച്ച നടത്തിയ റാലിയില്‍ ബി.ജെ.പി നേതാവുള്‍പ്പെടെ പങ്കെടുത്തു. റാലിയില്‍ ദേശീയ പതാക ഉയര്‍ത്തപ്പെട്ടു. പിന്നാലെ ഇയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.

കേസില്‍ ആറുപേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി മൂന്നു പ്രതികള്‍ക്ക് ജീവപര്യന്തം തടവും മൂന്ന് പ്രതികള്‍ക്ക് അഞ്ചു വര്‍ഷം തടവും വിധിച്ചു.

എന്നാല്‍ ഇന്ന് കത്വ എന്ന് ഗൂഗിളില്‍ തിരയുമ്പോള്‍ നമുക്ക് ലഭിക്കുന്നത് ജൂലൈ 8ന് ജമ്മുകശ്മീരിലെ കത്വയില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ തീവ്രവാദികള്‍ നടത്തിയ ആക്രമണമാണ്. അഞ്ച് സൈനികരാണ് തീവ്രവാദ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കത്വയിലെ മച്ചേഡി മേഖലയില്‍ പട്രോളിങ് സംഘത്തിന് നേരെയായിരുന്നു ആക്രമണം നടന്നത്. അതിര്‍ത്തി കടന്നെത്തിയ ഭീകരരാണ് ആക്രമണം നടത്തിയെന്നാണ് കേന്ദ്രആഭ്യന്തരമന്ത്രാലം പറയുന്നത്. കത്വയിലെ ആസിഫ എന്ന പെണ്‍കുട്ടി ക്രൂരമായ ബലാത്സംഗത്തിന് ഇരയായി കൊലചെയ്യപ്പെട്ട വാര്‍ത്ത മാഞ്ഞുപോയി അവിടെ സൈനികര്‍ കൊല്ലപ്പെട്ട വാര്‍ത്ത ഇടംപിടിക്കുന്നു.

ബി.ജെ.പി സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ മറ്റൊരു കേസായിരുന്നു 2017 ജൂണ്‍ 4 ന് ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ 17 വയസുകാരിയായ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം.

യു.പി ബി.ജെ.പി എം.എല്‍.എയായ കുല്‍ദീപ് സിങ് സെന്‍ഗാറായിരുന്നു കേസിലെ പ്രതി. സര്‍ക്കാര്‍ പ്രതിയ്‌ക്കൊപ്പം നിന്ന കേസില്‍ നീതി ലഭിക്കില്ലെന്നായതോടെ പെണ്‍കുട്ടി 2018 ഏപ്രില്‍ 8 ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയിയ്ക്ക് മുന്‍പില്‍ ആത്മഹത്യാ ശ്രമം നടത്തി. ഇതിനിടെ പെണ്‍കുട്ടിയുടെ അച്ഛനെ മറ്റൊരു കേസില്‍ പ്രതിയാക്കി. അദ്ദേഹം പിന്നീട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ചു. 2018 ഏപ്രിലില്‍ വിഷയം ദേശീയ ശ്രദ്ധയാകര്‍ഷിച്ചു. ഇരയ്ക്ക് നീതി തേടി വലിയ പ്രതിഷേധങ്ങള്‍ നടന്നു.

2018ല്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കുല്‍ദീപ് സിങ് സെന്‍ഗാര്‍, സഹോദരന്‍, മൂന്ന് പോലീസുകാര്‍ എന്നിവരും മറ്റ് അഞ്ച് പ്രതികള്‍ എന്നിവര്‍ക്കെതിരെയായിരുന്നു കുറ്റപത്രം.

ബി.ജെ.പി നേതാവ് കുല്‍ദീപ് സിങ് സെന്‍ഗാര്‍

പിന്നീട് 2019 ജൂലൈ 28 ന് ട്രക്കും പെണ്‍കുട്ടിയുടെ കുടുംബം സഞ്ചരിച്ച കാറുമായി കൂട്ടിയിടിച്ച് പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. കാറിലുണ്ടായിരുന്നു പെണ്‍കുട്ടിയുടെ രണ്ട് അടുത്ത ബന്ധുക്കള്‍ കൊല്ലപ്പെട്ടു. കേസില്‍ സെന്‍ഗാര്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു.

എന്നാല്‍ ഇന്ന് ഉന്നാവോ എന്ന് ഗൂഗിളില്‍ തിരയുമ്പോള്‍ ഉന്നാവോയിലെ കൂട്ടബലാത്സംഗമോ ബി.ജെ.പി കേസിനെ അട്ടിമറിച്ചതോ കാണാനാവില്ല. പകരം യു.പിയില്‍ നടന്ന ബസ് അപകടത്തില്‍ 18 പേര്‍ കൊല്ലപ്പെട്ട വാര്‍ത്തകളാണ് ലഭിക്കുന്നത്. മില്‍ക്ക് ടാങ്കറുമായി കൂട്ടിയിടിച്ചുണ്ടായ അപകട വാര്‍ത്തകളാണ് ലഭിക്കുന്നതില്‍ ഭൂരിഭാഗവും.

ഹത്രാസ്, ഉന്നാവോ, കത്വ ഇന്ന് ഈ സ്ഥലനാമങ്ങളില്‍ അറിയപ്പെട്ടിരുന്ന സ്ത്രീപീഡന കേസുകള്‍ മാഞ്ഞുപോകുന്നത് മറ്റു ദുരന്തങ്ങള്‍ കൊണ്ടാണ്. പുതിയ ദുരന്തങ്ങള്‍ പഴയ ദുരന്തങ്ങളെ വിസ്മൃതിയിലാഴ്ത്തുന്നു.

Content Highlight: Hathras, Unnao, Katwa rape casse are fading due to other tragedies

 

 

 

ആര്യ. പി
അസോസിയേറ്റ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.