ലഖ്‌നൗ: ഹത്രാസ് ദുരന്തത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പ്രത്യേക അന്വേഷണ സംഘം. അപകടത്തിന്റെ ഉത്തരവാദികള്‍ സംഘാടകര്‍ ആണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഭോലെ ബാബയുടെ പേര് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല.
സംഘാടകര്‍ അനുവദനീയമായതിലും കൂടുതല്‍ ആളുകളെ പ്രവേശിപ്പിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
അനുവദനീയമായതിലും കൂടുതല്‍ ആളുകളെ സമിതി ക്ഷണിച്ചു. എന്നാല്‍ മതിയായ ക്രമീകരണങ്ങള്‍ ഒരുക്കുന്നതില്‍ സംഘാടകര്‍ പരാജയപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തു.
മരിച്ചവരുടെ കുടുംബാംഗങ്ങളും പരിക്കേറ്റ ഭക്തരും ഉള്‍പ്പെടെ 119 പേരുടെ മൊഴികള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഏകദേശം 300 പേജുകളോളം വരുന്ന റിപ്പോര്‍ട്ടാണ് എസ്.ഐ.ടി സര്‍ക്കാരിന് സമര്‍പ്പിച്ചത്.
ഭക്തര്‍ തന്റെ കാല്‍പാദം പതിഞ്ഞ മണ്ണെടുക്കാന്‍ പറഞ്ഞതോടെയാണ് തിക്കും തിരക്കും ഉണ്ടായതെന്ന് പരിപാടിയില്‍ പങ്കെടുത്തവര്‍ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തിരക്കിനിടയില്‍ ബാബ സ്ഥലം വിട്ടെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
അതേസമയം, പരിപാടിക്കിടെ അജ്ഞാതര്‍ വിഷം തളിച്ചതാണ് അപകടത്തിന് കാരണമെന്ന് ഭോലെ ബാബയുടെ അഭിഭാഷകന്‍ നേരത്തെ അവകാശപ്പെട്ടിരുന്നു. ഇതില്‍ ഗൂഢാലോചന നടന്നെന്നും അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ജൂലൈ രണ്ടിനാണ് ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ആള്‍ദൈവം ഭോലെ ബാബ നടത്തിയ സത്സംഗത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 100ലധികം ആളുകള്‍ മരിച്ചത്. സംഭവത്തില്‍ മുഖ്യ പ്രതിയാണെന്ന് പൊലീസ് പറയുന്ന ദേവപ്രകാശ് മധുകറിനെ കോടതി കഴിഞ്ഞദിവസം 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
പരിപാടിക്ക് രേഖാമൂലം അനുമതി ലഭിച്ചിട്ടുണ്ടോയെന്നും ആരില്‍ നിന്നാണ് അനുമതി വാങ്ങിയതെന്നതിലും കോടതി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. 80,000 ആളുകള്‍ക്ക് പങ്കെടുക്കാന്‍ അനുമതി ലഭിച്ചെന്നാണ് മധുകര്‍ കോടതിയില്‍ മറുപടി നല്‍കിയത്.
Content Highlight: Hathras Stampede: SIT says organisers of ‘Satsang’ responsible for mishap