ലഖ്‌നൗ: ഉത്തർപ്രദേശിലെ അലിഗഡിലെ ഹത്രാസിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബാംഗങ്ങളെ കാണാനെത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ന് പുലർച്ചെയാണ് രാഹുൽ ഗാന്ധി ഹത്രാസ് സന്ദർശനത്തിനെത്തിയത്.
‘ഭോലെ ബാബ’ എന്നറിയപ്പെടുന്ന നാരായൺ സാകർ ഹരിയുടെ നേതൃത്വത്തിൽ നടന്ന സത്‌സംഗം എന്ന മതപരിപാടിക്കിടെയാണ് തിക്കിലും തിരക്കിലും പെട്ട് 123 പേർ മരിച്ചത്. ഒരു ലക്ഷത്തോളം പേര്‍ പരിപാടിയിൽ പങ്കെടുത്തിരുന്നുവെന്നാണ് ഇവിടെ നിന്നും വരുന്ന റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നത്.
യു.പിയിൽ കനത്ത ചൂട് നില നിൽക്കുന്ന സാഹചര്യത്തിലാണ് പരിപാടി നടത്തിയത്. തിക്കും തിരക്കും കനത്ത ചൂടും കാരണം ആളുകൾ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു.
യു.പി കോൺഗ്രസ് അധ്യക്ഷൻ അജയ് റായ്, സംസ്ഥാന കോൺഗ്രസ് ചുമതലയുള്ള അവിനാഷ് പാണ്ഡെ, പാർട്ടി വക്താവ് സുപ്രിയ ശ്രീനേറ്റ് തുടങ്ങിയവരും രാഹുൽ ഗാന്ധിക്കൊപ്പം ഹത്രാസ് സന്ദർശിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
മരിച്ചവരുടെ ബന്ധുക്കളെ കണ്ട രാഹുൽ ഗാന്ധി അവർക്ക് കോൺഗ്രസ് പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ചു.
‘ഇതിനെ രാഷ്ട്രീയവത്കരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. സംവിധാനത്തിൽ പോരായ്മകൾ ഉണ്ടായിട്ടുണ്ട്. വളരെ ദരിദ്രരായ കുടുംബങ്ങളായതിനാൽ അവർക്ക് കൂടുതൽ നഷ്ടപരിഹാരം ലഭിക്കണമെന്ന് ഞാൻ കരുതുന്നു.
തുറന്ന മനസ്സോടെ നഷ്ടപരിഹാരം നൽകാൻ യു.പി മുഖ്യമന്ത്രിയോട് ഞാൻ അഭ്യർത്ഥിക്കുന്നു. അവർക്ക് ഇപ്പോൾ അത് ആവശ്യമാണ്, കൂടുതൽ നഷ്ടപരിഹാരം എത്രയും വേഗം നൽകണം,’ രാഹുൽ ഗാന്ധി പറഞ്ഞു
‘സംഭവത്തെ കുറിച്ച് അദ്ദേഹം ഞങ്ങളോട് ചോദിച്ചു. എന്ത് സഹായത്തിനും പാർട്ടി കൂടെ ഉണ്ടാവും എന്ന ഉറപ്പും അദ്ദേഹം ഞങ്ങൾക്ക് നൽകി. പാർട്ടിയുടെ പിന്തുണയോടെ ഞങ്ങളെ സഹായിക്കും എന്ന് പറഞ്ഞു,’ മരിച്ചവരിൽ ഒരാളുടെ കുടുംബാഗം പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച ഉത്തർപ്രദേശ് പൊലീസ് മെയിൻപുരിയിലെ രാംകുതിർ ചാരിറ്റബിൾ ട്രസ്റ്റിലെ ആൾദൈവമായ ‘ഭോലെ ബാബ’യ്‌ക്കായി തിരച്ചിൽ നടത്തിയിരുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബുധനാഴ്ച ഹത്രാസ് സന്ദർശിച്ച് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.
Content Highlight: Hathras stampede: Congress leader Rahul Gandhi visits home of victim in Aligarh