|

ഹത്രാസിൽ തിക്കിലും തിരക്കിലും പെട്ട് 121 പേർ കൊല്ലപ്പെട്ട സംഭവം; ഭോലെ ബാബയ്ക്ക് ക്ലീൻ ചിറ്റ് നൽകി ജുഡീഷ്യൽ കമ്മീഷനും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹത്രാസിൽ തിക്കിലും തിരക്കിലും പെട്ട് 121 പേർ കൊല്ലപ്പെട്ട സംഭവത്തിൽ ഭോലെ ബാബയ്ക്ക് ക്ലീൻ ചിറ്റ് നൽകുന്ന റിപ്പോർട്ട് ഉത്തർപ്രദേശ് മന്ത്രിസഭയിൽ സമർപ്പിച്ച് ജുഡീഷ്യൽ കമ്മീഷൻ. സംഭവത്തിൽ ഭോലെ ബാബക്ക് നേരിട്ട് പങ്കില്ലെന്ന് ജുഡീഷ്യൽ കമ്മീഷൻ പറഞ്ഞു. ദുരന്തത്തിന് കാരണം സംഘാടകരുടെയും ഭരണപരമായ അധികാരികളുടെയും കെടുകാര്യസ്ഥതയും കുഴപ്പങ്ങളുമാണെന്ന് കമ്മീഷൻ കൂട്ടിച്ചേർത്തു.

ദുരന്തത്തിന് ഒരു ദിവസത്തിനുശേഷം യോഗി ആദിത്യനാഥ് സർക്കാർ വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ മൂന്നംഗ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചു. ആ കമ്മീഷനാണ് ഇപ്പോൾ റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്.

2024 ജൂലൈ രണ്ടിനാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഭോലെ ബാബ നടത്തിയ മതസമ്മേളനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 121 പേർ കൊല്ലപ്പെട്ടു. അവരിൽ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ട് മന്ത്രിസഭ അംഗീകരിക്കുകയും ചെയ്തു. റിപ്പോർട്ടിൽ പറയുന്നതനുസരിച്ച്, തിക്കിലും തിരക്കിലും പെട്ട് നിരവധിപേർ മരണപ്പെട്ടതിന്റെ ഉത്തരവാദികൾ പരിപാടിയുടെ സംഘാടകരാണെന്ന് കണ്ടെത്തി. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ തദ്ദേശ ഭരണകൂടത്തിനും ഉത്തർപ്രദേശ് പൊലീസിനും ഗുരുതരമായ വീഴ്ചകൾ സംഭവിച്ചെന്ന് കമ്മീഷൻ പറഞ്ഞു. പരിപാടിയുടെ സംഘാടകരെയാണ് പ്രധാന പ്രതികളാക്കി കമ്മീഷൻ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

നേരത്തെ നടത്തിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌.ഐ.ടി) അന്വേഷണത്തിൽ ഭോലെ ബാബക്ക് ക്ലീൻ ചിറ്റ് നൽകിയിരുന്നു.
പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ, ദുരന്ത സമയത്ത് ‘സത്സംഗം’ നടത്തിയിരുന്ന സ്വയം പ്രഖ്യാപിത ആൾദൈവം ഭോലെ ബാബയെ ( യഥാർത്ഥ പേര് സൂരജ് പാൽ സിങ് ) ജുഡീഷ്യൽ കമ്മീഷൻ കുറ്റവിമുക്തനാക്കുകയും ചെയ്തു.

അമിത തിരക്കും പുറത്തേക്കുള്ള വഴികളുടെ അഭാവവുമാണ് അപകടത്തിന് കാരണമായതെന്ന് ദൃക്‌സാക്ഷികൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. മാനവ് മംഗൾ മിലാൻ സദ്ഭാവന സമാഗം കമ്മിറ്റി സംഘടിപ്പിച്ച ‘സത്സംഗ്’ രതിഭാൻപൂരിൽ ആയിരുന്നു നടന്നത്. അവിടെ വിശ്വ ഹരി ഭോലെ ബാബയുടെ പ്രസംഗം കേൾക്കാൻ ഒരു വലിയ ജനക്കൂട്ടം എത്തി.

ഭക്തർ പരിപാടി നടക്കുന്ന സ്ഥലത്തെ താത്ക്കാലിക ടെന്റിൽ നിന്ന് പുറത്തിറങ്ങാൻ ശ്രമിച്ചപ്പോഴാണ് അപകടം ഉണ്ടായത്. ഭോലെ ബാബ വേദി വിട്ട് വാഹനത്തിൽ കയറാൻ തുടങ്ങിയതോടെ നൂറുകണക്കിന് അനുയായികൾ അദ്ദേഹത്തിന്റെ കാൽ തൊട്ട് വന്ദിക്കാൻ പിന്നാലെ ഓടി. ഇതോടെ തിക്കിലും തിരക്കിലും പെട്ട് നിരവധിപേർ മരണപ്പെടുകയായിരുന്നു.

ഔദ്യോഗിക കണക്കുകൾ പ്രകാരം, അപകടത്തിൽ 121 പേർ മരിച്ചു, അതിൽ കുറഞ്ഞത് 112 പേർ സ്ത്രീകളാണ്. ഏഴ് പേർ കുട്ടികളായിരുന്നു. 80ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Content Highlight: Hathras stampede: Bhole Baba gets clean chit, judicial commission submits report to UP government