| Sunday, 4th October 2020, 8:13 am

ഹാത്രാസ് പെണ്‍കുട്ടിക്ക് നേരെ ബലപ്രയോഗം നടന്നിരുന്നുവെന്ന് ഡോക്ടര്‍: യു.പി പൊലീസിന്റെ വാദങ്ങള്‍ പൊളിയുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

അലിഗഡ്: ഹാത്രാസില്‍ കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിക്ക് നേരെ ബലപ്രയോഗമുണ്ടായതായി ചികിത്സിച്ച ഡോക്ടറുടെ റിപ്പോര്‍ട്ട്. പെണ്‍കുട്ടിയെ ആദ്യമെത്തിച്ച അലിഗഡിലെ ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടറുടെ മെഡിക്കോ-ലീഗല്‍ എക്‌സാമിനേഷന്‍ റിപ്പോര്‍ട്ടിലാണ് ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നത്.

ബലം പ്രയോഗിച്ച് യോനിയിലേക്ക് ലിംഗം കയറ്റിയതിന്റെയും ഷാള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചതിന്റെയും ലക്ഷണങ്ങളുണ്ടെന്ന് ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. ബലാത്സംഗം നടന്നതിന്റെ ലക്ഷണങ്ങള്‍ ഉണ്ടെന്നും അതിനാല്‍ ആഗ്രയിലെ സര്‍ക്കാര്‍ ഫോറന്‍സിക് ലാബില്‍ കൂടുതല്‍ പരിശോധനകള്‍ നടത്താനുമായി നിര്‍ദേശിക്കുകയുമാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നതെന്ന് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

‘പരിശോധനയില്‍ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഫോറന്‍സിക് പരിശോധനാഫലം വന്നതിന് ശേഷമേ ലൈംഗികപീഡനം നടന്നോ എന്ന് ഉറപ്പിക്കാനാകൂ.’ പരിശോധന നടത്തിയ ഡോ.ഫൈസ് അഹ്മദ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ പെണ്‍കുട്ടിക്ക് നേരെ പീഡനം നടന്ന് എട്ട് ദിവസങ്ങള്‍ക്ക ശേഷം സെപ്തംബര്‍ 22നായിരുന്നു ഫോറന്‍സിക് പരിശോധന നടത്തിയത്.

കുട്ടിക്ക് നേരെ പീഡനം നടന്നതിന്റെ തെളിവുകളില്ലെന്ന യു.പി പൊലീസിന്റെ വാദമാണ് ഇതോടെ പൊളിയുന്നത്. ഹാത്രാസ് പെണ്‍കുട്ടിക്ക് നീതി ആവശ്യപ്പെട്ടുക്കൊണ്ട് രാജ്യവ്യാപകമായി പ്രതിഷേധമുയര്‍ന്ന സമയത്തായിരുന്നു പരിശോധനയില്‍ ബലാത്സംഗത്തിന്റെ തെളിവുകള്‍ ലഭിച്ചില്ലെന്ന വാദവുമായി പൊലീസ് എത്തിയത്. ബീജം കണ്ടെത്താനായില്ലെന്നായിരുന്നു പൊലീസിന്റെ വാദം. സംഭവത്തെ ജാതീയ പ്രശ്‌നമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും പൊലീസ് ആരോപിച്ചിരുന്നു.

ഇപ്പോള്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ പൊലീസിന്റെ വാദങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും പ്രതികളെ രക്ഷിക്കാനുള്ള ശ്രമമായിരുന്നെന്നും വിമര്‍ശനമുയരുകയാണ്.

ഹാത്രാസില്‍ സെപ്തംബര്‍ 14നായിരുന്നു 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ നട്ടെല്ല് തകരുകയും നാവ് മുറിക്കപ്പെടുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച ദല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മരിച്ചത്.

സംഭവത്തില്‍ അലഹാബാദ് ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്. അലഹബാദ് കോടതിയുടെ ലക്നൗ ബെഞ്ചാണ് കേസെടുത്തിരിക്കുന്നത്. സ്വമേധയാ കേസെടുത്ത കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Hathras Gangrape, there was use of force says Aligarh doctor’s report

We use cookies to give you the best possible experience. Learn more