| Friday, 2nd October 2020, 8:19 pm

ഹാത്രാസ് പ്രക്ഷോഭം ജന്തര്‍ മന്ദറില്‍; അണിചേര്‍ന്ന് യെച്ചൂരിയും കെജ്‌രിവാളും ആസാദും സ്വര ഭാസ്‌കറും പ്രശാന്ത് ഭൂഷണും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ ഹാത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയ്ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ദല്‍ഹി ജന്തര്‍ മന്ദറില്‍ വന്‍ പ്രതിഷേധം. വെള്ളിയാഴ്ച വൈകിട്ട് ആരംഭിച്ച പ്രക്ഷോഭത്തില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഭീം ആര്‍മി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദ്, സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ, നടി സ്വര ഭാസ്‌കര്‍, ഗുജറാത്ത് എം.എല്‍.എ ജിഗ്നേഷ് മേവാനി, മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ പങ്കെടുത്തു.

ഹാത്രാസ് സംഭവത്തില്‍ കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നാണ് രാജ്യത്തിന്റെ ആവശ്യമെന്ന് കെജ്‌രിവാള്‍ പ്രതികരിച്ചു. ഉത്തര്‍പ്രദേശ് സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്ന് യെച്ചൂരി പറഞ്ഞു. നീതി ലഭ്യമാക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

പെണ്‍കുട്ടിക്ക് ആദരമര്‍പ്പിച്ച് വാല്‍മീകി മന്ദിറില്‍ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രാര്‍ഥനാ സംഗമം നടത്തി. കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് വേണ്ടി എല്ലാവരുടെയും ശബ്ദം ഉയരണമെന്നും കുടുംബത്തിനു നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നും പ്രിയങ്ക പറഞ്ഞു.

”സര്‍ക്കാര്‍ അവളുടെ കുടുംബത്തെ സഹായിച്ചിട്ടില്ല. അവരെ ഒറ്റപ്പെടുത്തുകയാണ്. വാത്മീകി കമ്മ്യൂണിറ്റി പെണ്‍കുട്ടിയ്ക്ക് വേണ്ടി പ്രാര്‍ത്ഥന നടത്തുന്നു എന്നറിഞ്ഞതിനാലാണ് ഞാനിവിടെ എത്തിയത്. എല്ലാവരും അവള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തി സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം തീര്‍ക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. നമ്മുടെ സഹോദരിക്ക് നീതി ലഭിക്കുക തന്നെ വേണം പ്രിയങ്ക പറഞ്ഞു.

സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഉത്തര്‍പ്രദേശില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗാസിയബാദിലെ ഒരു കൂട്ടം അഭിഭാഷകരും ഇതിനിടെ രംഗത്തെത്തിയിട്ടുണ്ട്.

യോഗി ആദിത്യനാഥ് സര്‍ക്കാരിനെ പിരിച്ച് വിട്ട് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാണ് അഭിഭാഷകരുടെ ആവശ്യം.

സെപ്തംബര്‍ 14നായിരുന്നു ഹാത്രാസില്‍ 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി ആക്രമത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചതെന്ന് കുടുംബം പറഞ്ഞിരുന്നു.

കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങള്‍ പ്രദേശം മുഴുവന്‍ തെരച്ചില്‍ നടത്തി. ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.

ക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ചൊവ്വാഴ്ചയാണ് മരിച്ചത്. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് നിര്‍ബന്ധിച്ച് സംസ്‌കരിച്ചത് വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Hathras Gangrape Sitaram Yechury Aravind Kejriwal Prashanth Bhushan SwaraBhasker Jignesh Mevani

We use cookies to give you the best possible experience. Learn more