| Friday, 2nd October 2020, 10:10 am

ഹാത്രാസ് കൂട്ടബലാത്സംഗം: യോഗി സര്‍ക്കാരിനെ പിരിച്ചുവിട്ട് യു.പിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് അഭിഭാഷകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹാത്രാസില്‍ ക്രൂരമായി കൂട്ടബലാത്സംഗത്തിന് ഇരയായി ദളിത് പെണ്‍കുട്ടി മരിച്ചതിന് പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്.

പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ സമ്മതമില്ലാതെ മൃതദേഹം ബലമായി കൊണ്ടുപോയി സംസ്‌ക്കരിച്ച യു.പി പൊലീസിന്റെ നടപടിക്കെതിരേയും വിമര്‍ശനം ഉയര്‍ന്നുവന്നിട്ടുണ്ട്.

അതേസമയം, ഉത്തര്‍പ്രദേശില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ഗാസിയബാദിലെ ഒരു കൂട്ടം അഭിഭാഷകര്‍.

യോഗി ആദിത്യനാഥ് സര്‍ക്കാരിനെ പിരിച്ച് വിട്ട് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാണ് അഭിഭാഷകരുടെ ആവശ്യം.

സംസ്ഥാനത്തെ കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്നതില്‍ യോഗി സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടെന്ന്
അഭിഭാഷകരുടെ മാര്‍ച്ചിന് നേതൃത്വം നല്‍കിയ നഹര്‍ സിംഗ് യാദവ് പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുകയാണെന്ന് ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി മരിച്ച സംഭവം ചൂണ്ടിക്കാട്ടിക്കൊണ്ട് അഭിഭാഷകര്‍ പറഞ്ഞു.

ഹാത്രാസില്‍ സെപ്തംബര്‍ 14നായിരുന്നു 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.

കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങള്‍ പ്രദേശം മുഴുവന്‍ തെരച്ചില്‍ നടത്തി. ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.

ക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ചൊവ്വാഴ്ച ദല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Hathras gang-rape: Lawyers demand president’s rule in Uttar Pradesh

We use cookies to give you the best possible experience. Learn more