ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹാത്രാസില്‍ ക്രൂരമായി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ നുണ പരിശോധനയ്ക്ക് വിധേയരാക്കാന്‍ നീക്കങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍.
കേസ് തെറ്റായി കൈകാര്യം ചെയ്തുവെന്നാരോപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഹാത്രാസ് ജില്ലാ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതോടെ കേസില്‍ ഉള്‍പ്പെട്ട പൊലീസുകാര്‍ക്ക് പോളിഗ്രാഫിക്, നാര്‍കോ പരിശോധന നടത്തണമെന്ന് പ്രത്യേക അന്വേഷണ സംഘം നിര്‍ദ്ദേശിച്ചിരുന്നു.
ഇതിനിടെയാണ് കേസില്‍ ഉള്‍പ്പെട്ടവരേയും സസ്പെന്‍ഡ് ചെയ്യപ്പെട്ട പൊലീസുകാരേയും നുണപരിശോധനയ്ക്ക് വിധേയരാക്കുമ്പോള്‍ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെയും നുണപരിശോധന നടത്തണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിരിക്കുന്നത്.
സംഭവത്തില്‍ ഏഴ് ദിവസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.
ഈ തീരുമാനത്തിനെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നുവരുന്നുണ്ട്.
വെള്ളിയാഴ്ചയാണ് എസ്.പിയേയും ഡി.എസ്.പിയേയും യു.പി സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തത്. അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെയാണ് യു.പി സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിട്ടുള്ളത്.
വീട്ടുകാരുടെ സമ്മതമില്ലാതെ അര്‍ദ്ധരാത്രി പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് ബലമായി കൊണ്ടുപോയി സംസ്‌കരിച്ചിരുന്നു. കുടുംബാംഗങ്ങള്‍ക്ക് അന്ത്യകര്‍മ്മത്തിനുള്ള അവസരം പോലും നല്‍കാതെ മൃതദേഹം സംസ്‌കരിച്ച പൊലീസിന്റെ നടപടി വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
ഹാത്രാസ് പെണ്‍കുട്ടിയ്ക്ക് നീതി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്തുള്‍പ്പെടെ പ്രതിഷേധം ആളിക്കത്തുന്നതിനിടയിലാണ് യു.പി സര്‍ക്കാര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് ആരംഭിച്ച പ്രക്ഷോഭത്തില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഭീം ആര്‍മി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദ്, സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ, നടി സ്വര ഭാസ്‌കര്‍, ഗുജറാത്ത് എം.എല്‍.എ ജിഗ്നേഷ് മേവാനി, മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ പങ്കെടുത്തിരുന്നു.
ഹാത്രാസ് സംഭവത്തില്‍ കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നാണ് രാജ്യത്തിന്റെ ആവശ്യമെന്ന് കെജ്‌രിവാള്‍ പ്രതികരിച്ചിരുന്നു. ഉത്തര്‍പ്രദേശ് സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്ന് യെച്ചൂരി പറഞ്ഞിരുന്നു.
നേരത്തെ ഹാത്രാസില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോയ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും ഉത്തര്‍പ്രദേശ് പൊലീസ് കയ്യേറ്റം ചെയ്തിരുന്നു.
ഹാത്രാസില്‍ സെപ്തംബര്‍ 14നായിരുന്നു 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.
കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങള്‍ പ്രദേശം മുഴുവന്‍ തെരച്ചില്‍ നടത്തി. ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. ചൊവ്വാഴ്ച ദല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മരിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക