ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഹാത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ വനിതാ മാധ്യമ പ്രവര്‍ത്തകയ്ക്കും ക്യാമറമാനും പൊലീസ് മര്‍ദ്ദനം.
എ.ബി.പി ന്യൂസ് ചാനലിലെ മാധ്യമ പ്രവര്‍ത്തക പ്രതിമ മിശ്രയേയും ക്യാമറമാനെയും പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കുന്നതില്‍ നിന്ന് പൊലീസ് തടയുകയായിരുന്നു. മാധ്യമപ്രവര്‍ത്തകയെ കള്ളി എന്ന് വിളിച്ച് പൊലീസ് അപമാനിക്കുകയും ചെയ്തു.
ക്യാമറമാന്‍ മനോജിന് നേര്‍ക്ക് ആക്രോശിച്ചെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ ക്യാമറ നിര്‍ബന്ധപൂര്‍വ്വം ലോക്ക് ചെയ്യിപ്പിച്ചു. പ്രതിമ മിശ്രയെ ബലമായി പൊലീസ് കാറില്‍ കയറ്റികൊണ്ടുപോകുകയും അവരുടെ ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്തു.
മാധ്യമപ്രവര്‍ത്തകര്‍ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പ്രവേശിക്കുന്നത് നേരത്തെ തന്നെ പൊലീസ് തടയുന്നുണ്ടായിരുന്നു. മറ്റൊരു വഴിയിലൂടെ പെണ്‍കുട്ടിയുടെ വീട്ടിലെത്താന്‍ ശ്രമിക്കുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ കയ്യേറ്റമുണ്ടായത്.
ഹാത്രാസ് സംഭവത്തിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ ആദിത്യനാഥ് സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. വ്യാഴാഴ്ച്ച പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പുറപ്പെട്ട കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവര്‍ക്കുമെതിരെ നിരോധനാജ്ഞ ലംഘിച്ചു എന്ന കുറ്റം ചുമത്തി കേസുമെടുത്തിരിന്നു.
കോണ്‍ഗ്രസ് നേതാക്കളുടെ സന്ദര്‍ശനത്തിന് മുന്നോടിയായി യു.പി ഭരണകൂടം സംസ്ഥാനത്തുടനീളം വലിയ രീതിയിലുള്ള പ്രതിരോധം തീര്‍ത്തിരുന്നു. ഇതിന്റെ ഭാഗമായി ഹാത്രാസ് ജില്ലയില്‍ 144 പ്രഖ്യാപിക്കുകയും മാധ്യമങ്ങള്‍ അടക്കമുള്ളവര്‍ക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്തിരുന്നു.
രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കരുതല്‍ കസ്റ്റഡിയിലെടുത്തതായിട്ടാണ് യു.പി പൊലീസ് പറഞ്ഞത്. യാത്രക്കിടെ രാഹുലിനേയും പ്രിയങ്കയേയും പൊലീസ് തടഞ്ഞിരുന്നു.
ഹാത്രാസ് ജില്ലയുടെ അതിര്‍ത്തിയില്‍ വെച്ചായിരുന്നു രാഹുലിനേയും പ്രിയങ്കയേയും പൊലീസ് തടഞ്ഞത്. തുടര്‍ന്ന് ഹാത്രാസിലേക്ക് കാല്‍നടയായി പോകാനായിരുന്നു രാഹുലും പ്രിയങ്കയും ശ്രമിച്ചത്. യമുനാ എക്സ്പ്രസ് വേയില്‍ വെച്ചാണ് രാഹുലിനേയും പ്രിയങ്കയേയും പൊലീസ് തടഞ്ഞത്. തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്കൊപ്പം മാര്‍ച്ച് നടത്തി മുന്നോട്ടുനീങ്ങുകയായിരുന്നു രാഹുല്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക