| Wednesday, 21st October 2020, 7:27 am

ഹാത്രാസ് കൂട്ടബലാത്സംഗം: യു.പി പൊലീസ് വാദങ്ങളെ എതിര്‍ത്ത ഡോക്ടറെ ജോലിയില്‍ നിന്ന് പുറത്താക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഹാത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ ബലാത്സംഗം നടന്നിട്ടില്ലെന്ന പൊലീസ് വാദത്തെ പരസ്യമായി എതിര്‍ത്ത ഡോക്ടര്‍ക്കെതിരെ നടപടി.

പെണ്‍കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച അലിഗഢ് ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളെജ് ചീഫ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. അസീം മാലിക്കിനെതിരെയാണ് വകുപ്പുതല നടപടിയെടുത്തിരിക്കുന്നത്. അദ്ദേഹത്തെ ആശുപത്രിയില്‍ നിന്നും പുറത്താക്കിയെന്നാണ് റിപ്പോര്‍ട്ട്.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 16 ന് അദ്ദേഹത്തെ സൂപ്രണ്ട്   സ്ഥാനത്ത് നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനുപിന്നാലെ ഒക്ടോബര്‍ 20 മുതല്‍ ആശുപത്രിയില്‍ ജോലി ചെയ്യേണ്ടതില്ലെന്ന് കാട്ടി അധികൃതര്‍ നോട്ടീസ് അയച്ചിരുന്നു.

ഹാത്രാസ് കേസില്‍ പൊലീസ് വാദങ്ങളെ പരസ്യമായി തള്ളിയതിന്റെ പേരിലാണ് തനിക്കെതിരെ നടപടിയെന്നാണ് ഡോക്ടറുടെ വാദം. കേസില്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് മുന്‍നിര്‍ത്തി പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് പൊലീസ് പറഞ്ഞിരുന്നു.

എന്നാല്‍ പെണ്‍കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച ആശുപത്രിയിലെ ഡോക്ടറെന്ന നിലയില്‍ ഈ വാദത്ത എതിര്‍ത്ത് അസീം രംഗത്തെത്തിയിരുന്നു. പെണ്‍കുട്ടി പീഡനത്തിനിരയായി 11 ദിവസത്തിന് ശേഷമാണ് സാമ്പിള്‍ ലാബോറട്ടറി പരിശോധനയ്ക്കായി അയച്ചതെന്നും സംഭവം നടന്ന് 90 മണിക്കൂറിന് ശേഷം തെളിവ് ഇല്ലാതാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ആശുപത്രി റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായിട്ടുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കേസില്‍ തുടക്കം മുതലെ യു.പി പൊലീസ് സ്വീകരിച്ച നടപടികള്‍ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം അര്‍ധരാത്രി വീട്ടുകാരുടെ സമ്മതം കൂടാതെ സംസ്‌കരിച്ചതും, ഹാത്രാസില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ പെണ്‍കുട്ടിയുടെ കുടുംബത്തെ വീട്ടുതടങ്കിലാക്കിയതുമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങളിലുള്‍പ്പെടെ ചര്‍ച്ചയായിരുന്നു

ആദ്യഘട്ടത്തില്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് ഉദ്ധരിച്ച് ബലാത്സംഗം നടന്നിട്ടില്ലെന്നും പൊലീസ് പറഞ്ഞിരുന്നു. തുടക്കം മുതല്‍ ഈ കേസില്‍ സവര്‍ണ ജാതിക്കാരായ പ്രതികളെ സംരക്ഷിക്കാനുള്ള നീക്കമാണ് പൊലീസ് നടത്തിവന്നിരുന്നതെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

വളര്‍ത്തുമൃഗങ്ങള്‍ക്ക് തീറ്റ ശേഖരിക്കാന്‍ പോയതിനിടെയാണ് പെണ്‍കുട്ടിയെ ഠാക്കൂര്‍ വിഭാഗത്തില്‍പ്പെടുന്ന നാല് പേര്‍ ചേര്‍ന്ന് ക്രൂരബലാത്സംഗത്തിന് ഇരയാക്കിയത്.

സെപ്തംബര്‍ 14 നായിരുന്നു പെണ്‍കുട്ടി ക്രൂരബലാത്സംഗത്തിനിരയായത്.ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി സെപ്തംബര്‍ 29നാണ് മരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Doctor Sacked From Service

We use cookies to give you the best possible experience. Learn more