ഹാത്രാസ് കേസ്: പ്രതികളിലൊരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് സി.ബി.ഐ
Hathras Gang Rape
ഹാത്രാസ് കേസ്: പ്രതികളിലൊരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് സി.ബി.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th October 2020, 1:49 pm

ലക്‌നൗ: ഹാത്രാസ് കൂട്ടബലാത്സംഗക്കേസിലെ നാലു പ്രതികളില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് സി.ബി.ഐ. പ്രതിയുടെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ചതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ ടുഡെയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

പ്രതികളിലൊരാള്‍ പ്രായപൂര്‍ത്തിയായതല്ലെന്ന് കണ്ടെത്തിയ സി.ബി.ഐ കേസില്‍ യു.പി പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയെയും രൂക്ഷമായി വിമര്‍ശിച്ചു.

സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് പ്രകാരം പ്രതി ജനിച്ചത് 2/12/2002 ആണ്. നിലവില്‍ കേസിലെ നാലു പ്രതികളെയും അലിഗഢ് ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. തിങ്കളാഴ്ച നാലുപേരെയും 8 മണിക്കൂറോളം സി.ബി.ഐ ചോദ്യം ചെയ്തിരുന്നു.

ഒക്ടോബര്‍ പതിനൊന്നിനാണ് കേസന്വേഷണം സി.ബി.എയ്ക്ക് വിടാന്‍ ഉത്തരവിട്ടത്. സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെയും പൊലീസിന്റെയും നടപടിയിയില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തിലായിരുന്നു കേസ് സി.ബി.ഐയ്ക്ക് വിടാന്‍ തീരുമാനിച്ചത്.

യു.പി പൊലീസ് പെണ്‍കുട്ടിയുടെ മൃതദേഹം അര്‍ധരാത്രി വീട്ടുകാരുടെ സമ്മതം കൂടാതെ സംസ്‌കരിച്ചതും, ഹാത്രാസില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ പെണ്‍കുട്ടിയുടെ കുടുംബത്തെ വീട്ടുതടങ്കിലാക്കിയതുമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങളിലുള്‍പ്പെടെ ചര്‍ച്ചയായിരുന്നു

ആദ്യഘട്ടത്തില്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് ഉദ്ധരിച്ച് ബലാത്സംഗം നടന്നിട്ടില്ലെന്നും പൊലീസ് പറഞ്ഞിരുന്നു. തുടക്കം മുതല്‍ ഈ കേസില്‍ സവര്‍ണ ജാതിക്കാരായ പ്രതികളെ സംരക്ഷിക്കാനുള്ള നീക്കമാണ് പൊലീസ് നടത്തിവന്നിരുന്നതെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

അതേസമയം ഹാത്രാസ് കേസില്‍ സി.ബി.ഐ അന്വേഷണമല്ല വേണ്ടത് കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ചാല്‍ മാത്രമേ പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കുകയുള്ളൂ എന്ന് ദളിത് ആക്റ്റിവിസ്റ്റുകള്‍ വ്യക്തമാക്കിയിരുന്നു.

പെണ്‍കുട്ടിയുടെ കുടുംബം നിര്‍ദേശിക്കുന്ന രണ്ട് പേരെങ്കിലും പ്രത്യേക അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടണം എന്നും ആവശ്യം ഉയര്‍ന്നിരുന്നു.

വളര്‍ത്തുമൃഗങ്ങള്‍ക്ക് തീറ്റ ശേഖരിക്കാന്‍ പോയതിനിടെയാണ് പെണ്‍കുട്ടിയെ ഠാക്കൂര്‍ വിഭാഗത്തില്‍പ്പെടുന്ന നാല് പേര്‍ ചേര്‍ന്ന് ക്രൂരബലാത്സംഗത്തിന് ഇരയാക്കിയത്.

സെപ്തംബര്‍ 14 നായിരുന്നു പെണ്‍കുട്ടി ക്രൂരബലാത്സംഗത്തിനിരയായത്.ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി സെപ്തംബര്‍ 29നാണ് മരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: CBI Reports On Hathras Case