കഴിഞ്ഞ കുറച്ച് സീസണുകളിൽ ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാൾഡോയുടെ മോശം പ്രകടനത്തെ ചൊല്ലിയുള്ള ചർച്ചകൾ ഫുട്‌ബോൾ ലോകത്തും ആരാധകർക്കിടയിലും സജീവമാണ്. അഞ്ച് തവണ ബാലൺ ഡി ഓർ പുരസ്‌കാര ജേതാവായ താരം ഇപ്പോൾ റാങ്കിങ്ങിൽ 20ാം സ്ഥാനത്താണ്.
കോർട്ടിൽ യുവതാരങ്ങളുടെ വേഗതക്കൊപ്പം പൊരുത്തപ്പെടാൻ കഴിയാത്തതാണ് താരത്തിന്റെ മോശം പ്രകടനത്തിന് പിന്നിലെന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ റൊണാൾഡോക്ക് മാനസികമായി മറ്റ് പല സമ്മർദങ്ങളും ഉണ്ടാകുമെന്ന് വേറെയും ചിലർ അനുമാനിച്ചു.
എന്നിരുന്നാലും, മോശം പ്രകടനത്തെ ചൊല്ലി താരത്തിനെതിരെ ട്രോളുകളും കളിയാക്കലുകളും വ്യാപകമാണ് സോഷ്യൽ മീഡിയയിൽ.
ബാലൺ ഡി ഓർ റാങ്കിങ് പട്ടികയിൽ താരം 20ാം സ്ഥാനത്തായതാണ് ഏറ്റവും പുതിയ വിഷയം. ഏഴ് തവണ ബാലൻ ഡി ഓർ പുരസ്‌കാര ജേതാവായിരുന്ന അർജന്റൈൻ ഇതിഹാസം ലയണൽ മെസിയുടെ പേര് ഇത്തവണ നോമിനേഷനിൽ ഉണ്ടായിരുന്നില്ല.
അതാണ് ഹേതുവായി ചിലർ റൊണാൾഡോക്ക് നേരെ പ്രയോഗിക്കുന്നത്. മെസി നോമിനേറ്റ് ചെയ്യപ്പെടാത്തത് കൊണ്ടാണെന്നെങ്കിലും പറയാമെന്നും ഇത്രയും മത്സരങ്ങൾ കളിച്ചിട്ടും ഇങ്ങനെ തഴയപ്പെടാനാണല്ലോ റൊണാൾഡോ വിധി എന്നാണ് ചിലർ ട്വീറ്റ് ചെയ്തത്.
പഴയ ഫോമിൽ തുടരാൻ പറ്റില്ലെന്ന ബോധ്യമുണ്ടെങ്കിൽ കളി നിർത്തി പോയ്ക്കൂടെ എന്നും യുവാക്കൾക്കൊപ്പം പൊരുതാൻ കഴിയുന്നില്ലെങ്കിൽ മറ്റാർക്കെങ്കിലും അവസരം നൽകിക്കൂടെ എന്ന് തുടങ്ങിയ ചോദ്യങ്ങളാണ് മറ്റുചിലർ താരത്തിന് നേരെ ഉയർത്തുന്നത്.
അതേസമയം, പഴയ ഫോമിലേക്ക് തിരിച്ചെത്താൻ കഴിയാത്തതിൽ താരം മാനസികമായി ബുദ്ധിമുട്ടുന്നുണ്ടെന്നും താരത്തെ വിടാതെ പിന്തുടർന്ന് അപമാനിക്കുന്നത് അദ്ദേഹത്തിന് സമ്മർദമുണ്ടാക്കുമെന്നും ആരാധകരിൽ ചിലർ അഭിപ്രായപ്പെട്ടു.
ഈ സീസണിൽ ബെഞ്ചിലിരിക്കുന്നത് തുടരേണ്ടി വന്നപ്പോൾ റൊണാൾഡോയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്ത് വന്നിരുന്നു. അതേസമയം താരം മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ പദ്ധതിയിടുന്നതായും അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.
എന്നാൽ റൊണാൾഡോയെ വാങ്ങാൻ ക്ലബ്ബുകൾ മുന്നിലേക്ക് വരുന്നില്ലെന്നും അദ്ദേഹം യുണൈറ്റഡിൽ തന്നെ തുടരുമെന്നും റിപ്പോർട്ടുകളുണ്ട്. വമ്പൻ ക്ലബ്ബുകളിൽ നിന്ന് ഓഫർ ഉണ്ടെങ്കിൽ മാത്രമെ മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ വിട്ട് നൽകൂ എന്നും അല്ലാത്തപക്ഷം താരം ക്ലബ്ബിൽ തുടരുമെന്ന് പരിശീലകൻ എറിക് ടെൻ ഹാഗ് പറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.
Content Highlight: Haters blame Cristiano Ronaldo for not winning Ballon d’Or