'പണം കൊടുത്തില്ലെങ്കില്‍ പടം നശിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്ത് മാതൃഭൂമി'; വില്ലനെ വിമര്‍ശിച്ച മാതൃഭൂമിയ്‌ക്കെതിരെ പുലിമുരുകന്‍ ഒഫീഷ്യല്‍ പേജില്‍ ആക്ഷേപം
Daily News
'പണം കൊടുത്തില്ലെങ്കില്‍ പടം നശിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്ത് മാതൃഭൂമി'; വില്ലനെ വിമര്‍ശിച്ച മാതൃഭൂമിയ്‌ക്കെതിരെ പുലിമുരുകന്‍ ഒഫീഷ്യല്‍ പേജില്‍ ആക്ഷേപം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th October 2017, 1:47 pm

കോഴിക്കോട്: മോഹന്‍ലാല്‍ ചിത്രം വില്ലന് മോശം റിവ്യൂ എഴുതിയ മാതൃഭൂമിയ്‌ക്കെതിരെ വിമര്‍ശനവുമായി പുലിമുരുകന്‍. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന് ഇന്ന് മാതൃഭൂമി പത്രത്തിലെ ചിത്രഭൂമിയില്‍ രണ്ട് സ്റ്റാര്‍ റേറ്റിംഗോടു കൂടിയായിരുന്നു റിവ്യൂ നല്‍കിയിരുന്നത്. ഇതിനെതിരെയാണ് ഇപ്പോള്‍ പുലിമുരുകന്‍ ചിത്രത്തിന്റെ അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്.

പണം കൊടുത്തില്ലെങ്കില്‍ പടം നശിപ്പിക്കും എന്ന് പ്രതിജ്ഞയെടുത്തിരിക്കുകയാണ് മാതൃഭൂമി എന്നാണ് വിമര്‍ശനം. ഇതേ വാര്‍ത്ത നല്‍കിയ ഓണ്‍ലൈന്‍ മലയാളി എന്ന ന്യൂസ് പോര്‍ട്ടലിന്റെ ലിങ്കും പുലിമുരുകന്റെ ഒഫീഷ്യല്‍ പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

“പണം വേണം, പ്രൊമോഷന്‍ തരണം അല്ലെങ്കില്‍ ഞങ്ങള്‍ സിനിമ തര്‍ക്കും, ഇതാണ് മലയാളത്തിലെ ലീഡിങ് പത്രമായ മാതൃഭൂമിയുടെ പുതിയ അജണ്ട. മോഹന്‍ലാല്‍ ചിത്രങ്ങളെ കടന്നാക്രമിക്കുന്ന മാതൃഭൂമി പ്രവണത തുടരുകയാണ്. മോഹന്‍ലാല്‍ നായകനായി എത്തിയ ഓണ ചിത്രം വെളിപാടിന്റെ പുസ്തകം കഥയും ക്ലൈമാക്‌സും അടക്കം പരസ്യപ്പെടുത്തിയ മാധ്യമ ധര്‍മ്മം, കാരണം പ്രൊമോഷന് പണം ലഭിച്ചില്ല. പത്രത്തില്‍ പരസ്യം നല്കിയില്ലത്രേ.” എന്നാണ് വാര്‍ത്ത.

“ലാലേട്ടനെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന എല്ലാവരും മാതൃഭൂമി എന്ന കക്കൂസ് പത്രം വാങ്ങുകയോ വായിക്കുകയോ ചെയ്യില്ലെന്ന് പരസ്യമായി പ്രതിഞ്ജ ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുക”. എന്ന് ആരാധകരില്‍ ചിലര്‍ പോസ്റ്റിന് കമന്റ് ഇടുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ മോഹന്‍ലാലും ബി.ഉണ്ണികൃഷ്ണനും ഒരുമിച്ച ചിത്രത്തിന് തിയ്യറ്ററുകളില്‍ നിന്നും മോശം പ്രതികരണമാണ് ലഭിച്ചു വരുന്നത്. ഗ്രാന്റ്മാസ്റ്റര്‍ മോഡലില്‍ ഒരുക്കിയ ചിത്രം ത്രില്ലറെന്ന നിലയില്‍ തൃപ്തിപ്പെടുത്തില്ലെന്നാണ് വിമര്‍ശനം.


Also Read: വില്ലന്‍: മറ്റൊരു ദുരന്ത നായകന്‍


കഴിഞ്ഞ ദിവസം ചിത്രത്തിലെ നായകന്‍ മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം പറഞ്ഞ പ്രസ്താവന വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. മോഹന്‍ലാലിന്റേതായി ഒരു പ്രമുഖ പത്രത്തില്‍ വന്ന വാക്കുകളാണ് താരത്തിന്റെ മുന്‍കൂര്‍ ജാമ്യമെന്ന നിലയില്‍ സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിയിരിക്കുന്നത്.

” ഒരേ കാര്യം ചെയ്തു കൊണ്ടിരിക്കുന്നതിനിടയ്ക്കു ചില അപ്‌സ് ആന്‍ഡ് ഡൗണ്‍സൊക്കെ ഉണ്ടാവണ്ടേ? അപ്പോഴല്ലേ ലൈഫിന് ഒരു രസം” എന്നു തുടങ്ങുന്ന മോഹന്‍ലാലിന്റെ വാക്കുകളാണ് വീണ്ടും ചര്‍ച്ചയായിരിക്കന്നത്.
എല്ലാം നല്ലതായി വന്നാല്‍ എന്താണെന്നൊരു രസം. മടുത്തു പോവില്ലെ? ഇടയ്‌ക്കൊക്കെ നമ്മുടെ സിനിമകള്‍ മോശമാകണം, ആളുകള്‍ കൂവണം, കുറ്റം പറയണം ഒക്കെ വേണം. അപ്പോഴല്ലേ ഒരു ആക്ടര്‍ക്ക് ഒരു പെര്‍ഫോര്‍മര്‍ എന്ന നിലയ്ക്ക് സ്വയം പരിശോധിക്കാനാവുകയുള്ളൂ. എന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.

ചിത്രത്തിന്റെ ഭാവി മുന്നില്‍ കണ്ട് മോഹന്‍ലാല്‍ നേരത്തെ തന്നെ പറഞ്ഞ വാക്കുകളാണിതെന്നാണ് സോഷ്യല്‍ മീഡിയയിലെ വിമര്‍ശകര്‍ പറയുന്നത്.