കൊച്ചി: കഴിഞ്ഞ ദിവസമാണ് ദൃശ്യം 2 സിനിമ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലോകമെമ്പാട് നിന്നും വന്നു കൊണ്ടിരിക്കുന്നത്.
എന്നാല്‍ ദൃശ്യം 2വിനെതിരെ വിദ്വേഷ പരാമര്‍ശങ്ങളുമായി ചിലര്‍ എത്തിയിരിക്കുകയാണ് ഇപ്പോള്‍. ദൃശ്യം 2 സിനിമയില്‍ 90 ശതമാനം കഥാപാത്രങ്ങളും ക്രിസ്ത്യാനികളാണെന്നും ഹിന്ദുക്കളുടെ സംസ്‌ക്കാരത്തെ നശിപ്പിക്കുകയാണ് ഇതെന്നുമാണ് ട്വിറ്ററില്‍ ചില മത വര്‍ഗീയ വാദികളുടെ ട്വീറ്റ്.
ജയന്ത എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് ഇത്തരത്തില്‍ ഒരു കമന്റ് വന്നത്. സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ കൂടുതലും ക്രിസ്ത്യാനികളാണ് എന്നും ആന്ധ്ര, തമിഴ്‌നാട്, കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ ഇല്ലാതായി എന്നാണ് കരുതുന്നതെന്നും ഇയാള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഇതിനെ പിന്തുണച്ചും ചിലര്‍ ട്വീറ്റുകളുമായി എത്തിയിട്ടുണ്ട്. ബോളിവുഡിനെ മുസ്‌ലിം മതവിഭാഗക്കാര്‍ പിടിച്ചെടുത്തെന്നും ഇതേപോലെ ഇപ്പോള്‍ തമിഴ് സിനിമയെ ക്രിസ്ത്യാനികള്‍ പിടിച്ചെടുക്കുകയുമാണെന്നാണ് സൗമേന്ദ്ര റൂട്ട്രേ എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
തമിഴിലെ വിജയ് ഇതിന് ഒരു ഉദാഹരണമാണെന്നുമാണ് ഇയാള്‍ പറയുന്നത്. ഇതിന് മറുപടിയുമായി നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. ദയവായി സൗത്ത് ഇന്ത്യന്‍ സിനിമകള്‍ പ്രത്യേകിച്ച് മലയാള സിനിമകള്‍ ഇത്തരം ആളുകള്‍ കാണരുതെന്നും ചങ്ക് പൊട്ടി ചാവുമെന്നും പരിഹാസ ട്വീറ്റുകള്‍ എത്തുന്നുണ്ട്.
ജോര്‍ജ് കുട്ടിക്ക് എതിരെ കേസ് കൊടുക്കണം, കാരണം വരുണ്‍ പ്രഭാകര്‍ എന്ന ഹിന്ദു യുവാവിനെ തലക്കടിച്ച് കൊന്നതാണെന്നും ഗീത, പ്രഭാകര്‍ എന്നീ പേരുള്ള രണ്ട് ഹിന്ദുക്കളുടെ മകനാണ് വരുണ്‍ എന്നുമാണ് പരിഹാസ ട്വീറ്റുകള്‍.
കഞ്ചാവിന് പകരം ചാണകം ഉണക്കി വലിക്കുമ്പോള്‍ ഇങ്ങനെയൊക്കെ തോന്നാം എന്നും കമന്റുകള്‍ വരുന്നുണ്ട്. അതേസമയം ദൃശ്യം2 വിന്റെ തെലുങ്ക് റീമേക്ക് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
ഫെബ്രുവരി 18ന് രാത്രിയാണ് ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ആമസോണ്‍ പ്രൈമില്‍ 19ാം തിയ്യതി റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചതെങ്കിലും 18ാം തിയ്യതി രാത്രി തന്നെ ഇന്ത്യയില്‍ ചിത്രം റിലീസ് ആവുകയായിരുന്നു.
മോഹന്‍ലാല്‍, മീന, എസ്തേര്‍, അന്‍സിബ, ആശ ശരത്, സിദ്ദീഖ് എന്നീ ദൃശ്യത്തിന്റെ ആദ്യ കാസ്റ്റ് തന്നെയാണ് രണ്ടാം ഭാഗത്തിലും പ്രധാന വേഷത്തിലെത്തുന്നത്. മുരളി ഗോപിയും ഗണേഷ് കുമാറുമാണ് പ്രധാന വേഷത്തിലെത്തുന്ന പുതിയ താരങ്ങള്‍.
2013ലാണ് മോഹന്‍ലാല്‍ നായകനായി ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ദൃശ്യം എത്തുന്നത്. 100 ദിവസത്തിനു മുകളില്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും പിന്നീട് ആറ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു ദൃശ്യം. 50 കോടി ക്ലബിലെത്തിയ ആദ്യമലയാള ചിത്രം കൂടിയാണ് ദൃശ്യം.
ദൃശ്യത്തിന്റെ രണ്ടാം ഭാഗം നിരാശപ്പെടുത്തിയില്ലെന്നാണ് ചിത്രത്തെ കുറിച്ച് ഉയര്‍ന്നുവരുന്ന അഭിപ്രായം. ത്രില്ലറുകള്‍ സൃഷ്ടിക്കാനുള്ള ജീത്തു ജോസഫിന്റെ കഴിവിനെ അഭിനന്ദിച്ചു കൊണ്ട് വിവിധ ഭാഷകളിലുള്ള സിനിമാ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Hateful tweets against Drishyam 2 movie, Malayalees with reply