കുസാറ്റ് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവ അവധി നല്‍കിയ വാര്‍ത്ത വലിയ രീതിയിലാണ് സ്വീകരിക്കപ്പെട്ടത്. തീരുമാനം എല്ലാ സര്‍വകലാശാലയിലും നടപ്പാക്കണമെന്നാണ് പൊതുവായ ആവശ്യം.
ഇതിനിടയില്‍ വിഷയത്തില്‍ വിദ്വേഷ പ്രചരണവുമായി രംഗത്തെത്തിയിരിക്കുക്കുകയാണ് ചില പ്രൊഫൈലുകള്‍. ‘ലിബറല്‍ ഇടത്തിലെ പുരോഗമനം’ എന്ന നരേഷനിലാണ് ഇവരുടെ വിദ്വേഷ ട്രോളുകള്‍.
സംസ്ഥാന സര്‍ക്കാരിന്റെ ജെന്‍ഡര്‍ ന്യൂട്രല്‍ ആശയം, സ്‌കുളുകളില്‍ സാര്‍, മാഡം, മാഷ് എന്നിങ്ങനെ അഭിസംബോധനം ചെയ്യുന്നതിന് പകരം ലിംഗവ്യത്യാസമില്ലാതെ അധ്യാപകരെ ടീച്ചര്‍ എന്ന് വിളിക്കണമെന്ന ബാലാവകാശ കമ്മീഷന്റെ തീരുമാനം തുടങ്ങിയവയിലും സമാന തലത്തില്‍ പരിഹാസങ്ങളുണ്ടായിരുന്നു.
‘പുരുഷന്മാര്‍ക്കും അവധി കൊടുക്കുമോ, ഒന്ന് കഴുകിയാല്‍ വൃത്തിയാകുന്നതിന് അവധിയോ,’ തുടങ്ങി മോശം ഭാഷയിലാണ് ഈ കമന്റുകള്‍.
‘അപ്പോള്‍ ലിംഗസമത്വം വേണ്ടേ, ഇതിലെങ്ങനേ ന്യൂട്രാലിറ്റി നടപ്പാക്കും,’ എന്ന ഒരാളുടെ കമന്റിന്, ‘നിങ്ങളൊക്കെ സമത്വത്തെക്കുറിച്ച് എങ്ങനെയൊക്കൊയാണ് മനസിലാക്കിയതെന്നത് ബോധ്യപ്പെട്ടു,’ എന്നായിരുന്നു ഒരു യുവതി നല്‍കിയ മറുപടി.
ഫാസിസ്റ്റ് വിരുദ്ധ പ്രചാരകര്‍ എന്ന് അവകാശപ്പെടുന്ന, ഫേസ്ബുക്കില്‍ വലിയ ഫോളേവേഴ്‌സുള്ള ചില പ്രൊഫൈലുകളും കുസാറ്റ് സര്‍വകലാശാലയുടെ തീരുമാനത്തെ പരിഹസിച്ച് രംഗത്തെത്തിയപ്പോള്‍, ഇവരെ പന്തുണക്കുന്ന സ്ത്രീകള്‍ തന്നെ ഇതിനെതിരെ രംഗത്തെതത്തി.
‘കുസാറ്റിന്റെ തീരുമാനത്തെ അനുകൂലിക്കുന്നവരെ ലിബറല്‍ ഗുല്‍മോഹര്‍ ചാപ്പകുത്തുന്നതിന് ചില്ലറ ഉളുപ്പൊന്നും പോരാ.
എസ്.എഫ്.ഐക്കാര് സാധിച്ചെടുത്തതാണെന്ന് കരുതി നിങ്ങളനുഭവിക്കാത്ത കാര്യത്തില്‍ ട്രോളിറക്കി നാറരുത്. കഴിയുമെങ്കില്‍ ഉദ്യോഗസ്ഥരായ സ്ത്രീകള്‍ക്ക് കൂടി രണ്ട് അവധികിട്ടാനുള്ള പണിയെടുക്ക്,’ എന്നൊക്കൊയായിരുന്നു വിമര്‍ശനങ്ങള്‍.