| Monday, 8th May 2023, 7:12 pm

'മലപ്പുറത്ത് അല്ലേ, ധനസഹായം മുസ്‌ലിങ്ങളായത് കൊണ്ട്'; താനൂര്‍ അപകട വാര്‍ത്തക്കുതാഴെ വിദ്വേഷ കമന്റുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: താനൂര്‍ ബോട്ടപകടവുമായി ബന്ധപ്പെട്ട വാര്‍ത്തക്ക് താഴെ തീവ്രഹിന്ദുത്വ പ്രൊഫൈലുകളുടെ വിദ്വേഷ കമന്റുകള്‍. ‘സംഭവം നടന്നത് മലപ്പുറത്ത് അല്ലേ, അടിപൊളി, എല്ലാവരും ചാവട്ടെ’ എന്നൊക്കെയുള്ള കമന്റുകളാണ് ബോട്ടപകടവുമായ ബന്ധപ്പെട്ട വാര്‍ത്തക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്.

അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷം രൂപ ധന സഹായം നല്‍കുമെന്ന വാര്‍ത്തക്ക് താഴെയും വിദ്വേഷ കമന്റുകള്‍ വരുന്നുണ്ട്. മുസ്‌ലിങ്ങള്‍ ആയതുകൊണ്ടാണ് ഇത്രയും തുക ധനസഹായം പ്രഖ്യാപിച്ചതെന്നാണ് ഒരു പ്രൊഫൈല്‍ പറയുന്നത്.

എന്നാല്‍ ഇത്തരം വിദ്വേഷ കമന്റുകള്‍ക്കെതിരെ വിമര്‍ശനവും സമൂഹ മാധ്യമങ്ങളില്‍ തന്നെ ഉയരുന്നുണ്ട്. ‘മനുഷ്യന്റെ മരണത്തില്‍ പോലും മതം നോക്കി സന്തോഷത്തോടെ ചിരിക്കുന്നവരെ കരുതിയിരിക്കണം,’ എന്നാണ് ഇതിന് മറുപടിയായുള്ള ഒരാളുടെ കമന്റ്.

ഞായറാഴ്ച വൈകീട്ടാണ് താനൂര്‍ തൂവല്‍തീരത്ത് വിനോദ സഞ്ചാര ബോട്ട് മുങ്ങിയത്. കരയില്‍ നിന്നും 300 മീറ്റര്‍ അകലെ വെച്ചാണ് ബോട്ട് മുങ്ങിയത്. ആദ്യം ഒന്ന് ചെരിഞ്ഞ ബോട്ട് പിന്നീട് തലകീഴായി മുങ്ങുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അവധിക്കാലം ആഘോഷിക്കാനെത്തിയ 35ലധികം ആളുകളാണ് ബോട്ടിലുണ്ടായിരുന്നത്.

അപകടത്തില്‍ മരിച്ച 22 പേരുടെയും സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉള്‍പ്പടെയുള്ളര്‍ അപകടത്തില്‍ മരിച്ചവര്‍ക്ക് അന്ത്യോപചാരം അര്‍പ്പിക്കാനായി നേരിട്ട് എത്തിയിരുന്നു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായവും സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴ് കുട്ടികളും 3 സ്ത്രീകളുമുടക്കം 22 പേരാണ് താനൂരിലെ ബോട്ടപകടത്തില്‍ മരണപ്പെട്ടത്.

Content Highlight:  Hateful comments by extremist Hindu profiles under Tanur boat accident news

We use cookies to give you the best possible experience. Learn more