| Thursday, 17th November 2022, 10:58 pm

'തലച്ചോറ് അര ഭാഗത്തെവിടെയോ ആയതിനാണീ ഉപദേശം'; ലേഡീസ് ഹോസ്റ്റല്‍ സമരത്തില്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ച കമന്റിനെതിരെ വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ലേഡീസ് ഹോസ്റ്റല്‍ രാത്രി 10 മണിക്ക് അടക്കുന്നതിനെതിരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനികളുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട വര്‍ത്തകള്‍ക്ക് താഴെ വിദ്വേഷ കമന്റുകള്‍. സംഭവത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥിനികളെ അപമാനിച്ച തരത്തിലാണ് കമന്റുകളുള്ളത്.

‘ഹോസ്റ്റല്‍ പത്ത് മണിക്ക് അടച്ചില്ലെങ്കില്‍ പത്ത് മാസം കഴിഞ്ഞാല്‍ ഇതിലെ പല പെണ്‍കുട്ടികളുടെയും പ്രസവത്തിന്റെ ബില്ല് കൂടും,’ എന്നാണ് വിപിന്‍ദാസ് എന്ന ഫേസ്ബുക്ക് പ്രൊഫൈല്‍ കമന്റിട്ടത്.

വ്യാപക വിമര്‍ശനമാണ് ഈ കമന്റിനെതിരെ ഉയരുന്നത്. വിപിന്‍ ദാസിനെ പോലുള്ള വിദ്വേഷ കമന്റുകാരെ ഭയക്കണമെന്നും ജാഗ്രത നല്ലതാണെന്നുമാണ് വിഷയത്തില്‍ ഡോ. മനോജ് വെള്ളനാട് എഴുതിയത്.

‘എല്ലാവരുടെയും അടിയന്തിര ശ്രദ്ധക്ക്, ഈ കമന്റിട്ട വിപിന്‍ദാസിനെപ്പോലെയുള്ള നൂറുകണക്കിന് ആണ്‍ ശരീരങ്ങളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ സംബന്ധിച്ച വാര്‍ത്തകള്‍ക്കടിയില്‍ നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയും. ഇവരെല്ലാം തന്നെ രാത്രിയില്‍ പുറത്തിറങ്ങുന്ന പെണ്‍കുട്ടികളെ ആക്രമിക്കാന്‍ സാധ്യതയുളളവരോ, അല്ലെങ്കില്‍ അങ്ങനെ ആക്രമിക്കുന്നത് സ്വാഭാവികമെന്ന് കരുതുന്നവരോ ആണ്. അവരെ തിരിച്ചറിയുന്ന അച്ഛനമ്മമാര്‍, ഭാര്യമാര്‍, സഹോദരങ്ങള്‍, മക്കള്‍ തുടങ്ങിയവര്‍ ഈ ജീവികള്‍ രാത്രി എട്ടു മണിക്ക് ശേഷം വീട്ടില്‍ നിന്നും പുറത്തിറങ്ങുന്നില്ലാന്ന് ഉറപ്പു വരുത്തേണ്ടത് സാമൂഹ്യ സുരക്ഷയ്ക്കത്യാവശ്യമാണ്.

ഇവരുടെ തലച്ചോറ് അര ഭാഗത്തെവിടെയോ ആയതിനാല്‍ ഉപദേശം, ബോധവല്‍കരണം ഒന്നും നടപ്പിലാവില്ല. പിടിച്ചു പൂട്ടിയിടുകയോ കെട്ടിയിടുകയോ മാത്രമേ വഴിയുള്ളൂ. വീട്ടു തടങ്കല്‍ പറ്റാത്തവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷന്റെ സഹായം തേടാവുന്നതാണ്.
ഭയക്കണം.
എന്നാലും ജാഗ്രത നല്ലതാണ്,’ എന്നാണ് മനോജ് വെള്ളനാട് എഴുതിയത്.

അതേസമയം, കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ലേഡീസ് ഹോസ്റ്റലില്‍ രാത്രി 10 മണിക്ക് തന്നെ കയറണമെന്ന ചട്ടം നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പെണ്‍കുട്ടികള്‍ റോഡിലിറങ്ങി പ്രതിഷേധിച്ചത്. പ്രാക്ടിക്കല്‍ ക്ലാസ്സ് ഉള്‍പ്പെടെയുള്ളവ കഴിഞ്ഞ് എത്തുമ്പോള്‍ സമയം ഒരുപാട് വൈകാറുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഇത്തരം നിയന്ത്രണങ്ങള്‍ ഇല്ലെന്നും പെണ്‍കുട്ടികള്‍ക്ക് മാത്രമാണ് നിയന്ത്രണങ്ങള്‍ ഉള്ളതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ആണ്‍കുട്ടികള്‍ക്ക് ഇല്ലാത്ത എന്ത് വ്യത്യാസമാണ് പെണ്‍കുട്ടികള്‍ക്ക് ഇവിടെയുള്ളത് വിദ്യാര്‍ത്ഥിനികള്‍ ചോദിക്കുന്നു.

CONTENT HIGHLIGHT:  Hateful comments below news related to Kozhikode Medical College students’ protest against closure of ladies hostel at 10 pm

We use cookies to give you the best possible experience. Learn more