മലയാള സിനിമ പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദുല്‍ഖര്‍ സല്‍മാന്റെ കിങ് ഓഫ് കൊത്ത. ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. റേഞ്ച് റോവറിന് മുന്നില്‍ എരിയുന്ന സിഗരറ്റ് കയ്യില്‍ പിടിച്ച് നില്‍ക്കുന്ന ദുല്‍ഖറിന്റെ സെക്കന്റ് ലുക്ക് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.
ദുല്‍ഖറിന്റെ അടുത്ത സുഹൃത്ത് കൂടിയായ സൈജു കുറുപ്പും സെക്കന്റ് ലുക്ക് പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ ദുല്‍ഖറിന് ആശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് കമന്റില്‍ എത്തിയത്. ഇതിനിടക്ക് ദുല്‍ഖറിനെ കുറ്റപ്പെടുത്തിയുള്ള കമന്റും വന്നിരുന്നു. ‘സൈജു നിങ്ങളുടെ സിനിമ ഒന്നും ഒരു വാക്ക് കൊണ്ട് പോലും പ്രൊമോട്ട് ചെയ്യാത്ത ഇവനെയൊക്കെ എന്തിനാണ് ഇങ്ങനെ താങ്ങുന്നത്?’ എന്നാണ് ഒരു കമന്റ് വന്നത്.
ഇതിന് മറുപടിയായി സൈജു കുറുപ്പ് തന്നെ രംഗത്തെത്തിയിരുന്നു. നിങ്ങള്‍ക്ക് തെറ്റിയെന്നാണ് സൈജു പറഞ്ഞത്. ‘ഡി.ക്യു എന്റെ ബെസ്റ്റ് ഫ്രണ്ടാണ്. ഒരുപാട് സഹായിക്കുകയും പിന്തുണക്കുകയും ചെയ്തിട്ടുണ്ട്. ഞാന്‍ നായകനായെത്തിയ ഉപചാരപൂര്‍വം ഗുണ്ട ജയന്‍ അദ്ദേഹമാണ് പ്രൊഡ്യൂസ് ചെയ്ത് സഹായിച്ചത്. ഇതുപോലെയുള്ള കമന്റ് ഇനി ഇടരുത് ബ്രോ. ഡി.ക്യു നിസ്വാര്‍ത്ഥമായി ആളുകളെ സഹായിക്കുന്ന മനുഷ്യനാണ്,’ സൈജു കുറിച്ചു.
ഈ വര്‍ഷം ഓണത്തിനാണ് കിങ് ഓഫ് കൊത്ത റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ നിര്‍മാതാക്കളായ സീ സ്റ്റുഡിയോസ് കഴിഞ്ഞ ദിവസം ദുല്‍ഖറിനായി പുറത്തിറക്കിയ ട്രിബ്യൂട്ട് വീഡിയോയും ശ്രദ്ധ നേടിയിരുന്നു. ഇതുവരെ പുറത്തിറങ്ങിയ ദുല്‍ഖറിന്റെ സിനിമകളുടെ മാഷപ്പാണ് സീ സ്റ്റുഡിയോസ് പങ്കുവെച്ചത്.
അഭിലാഷ് ജോഷിയാണ് കിങ് ഓഫ് കൊത്ത സംവിധാനം ചെയ്തിരിക്കുന്നത്. അഭിലാഷ്.എന്‍.ചന്ദ്രന്‍ തിരക്കഥ എഴുതിയിരിക്കുന്ന ചിത്രം ഗ്യാങ്സ്റ്റര്‍ സിനിമയാണെന്നാണ് പറയപ്പെടുന്നത്. 2021ല്‍ അനൗണ്‍സ് ചെയ്ത സിനിമയാണ് കിങ് ഓഫ് കൊത്ത. ദുല്‍ഖര്‍ ആരാധകര്‍ വലിയ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമ ഇന്ന് മലയാളത്തില്‍ ഏറ്റവും ഹൈപ്പേറിയ ചിത്രം കൂടിയാണ്.
നിമിഷ് രവിയാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ജേക്‌സ് ബിജോയ്‌യാണ് സംഗീതം നല്‍കിയിരിക്കുന്നത്. അവസാനം തിയേറ്ററിലെത്തിയ സീതാ രാമം, ചുപ് എന്നീ ദുല്‍ഖര്‍ സിനിമകള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. മലയാളത്തിന് പുറമേ വിവിധ തെന്നിന്ത്യന്‍ ഭാഷകളിലും സിനിമ വലിയ വിജയമായിരുന്നു.
Content Highlight: Hateful comment against Dulquer; Saiju Kurup replied