മുംബൈ: ഷീന ബോറയെ കൊലചെയ്തുവെന്ന ആരോപണം ഇന്ദ്രാണി മുഖര്‍ജി നിഷേധിച്ചതായി പോലീസ് വൃത്തങ്ങള്‍. ഷീനയെ താന്‍ വെറുത്തിരുന്നു, എന്നാല്‍ അവരെ കൊലചെയ്തിട്ടില്ലെന്ന് ഇന്ദ്രാണി പറഞ്ഞതായാണ് പോലീസ് വൃത്തങ്ങളില്‍ നിന്നുള്ള വിവരം.
ഷീനയുടെ കൊലപാതകത്തിന് ഉത്തരവാദി സഞ്ജീവ് ഖന്നയാണെന്നാണ് ഇന്ദ്രാണി പറയുന്നത്. ചോദ്യം ചെയ്യലില്‍ സഞ്ജീവ് ഖന്നയും ഇന്ദ്രാണി മുഖര്‍ജിയും പരസ്പരം കുറ്റപ്പെടുത്തുകയാണ് ചെയ്യുന്നത്.
കേസില്‍ പങ്കുണ്ടെന്നു സമ്മതിച്ച സഞ്ജീവ് ഖന്ന തന്നെ ഇന്ദ്രാണി മുഖര്‍ജി സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് ഇതിലേക്ക് വലിച്ചിഴക്കുകയായിരുന്നു എന്നാണ് പറഞ്ഞത്.
ഇന്ദ്രാണിയുടെ മകനും ഷീന ബോറയുടെ സഹോദരനുമായ മിഖൈല്‍ ബോറയെയും കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു. ബാന്ദ്രയിലെ ഹോട്ടലില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍.
ഇന്ദ്രാണിയും സഞ്ജീവും ഷീനയെ കണ്ട അതേ ദിവസം 2012 ഏപ്രില്‍ 24ന് അവര്‍ തന്നെയും വധിക്കാന്‍ പദ്ധതിയിട്ടതായി മിഖൈല്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇന്ദ്രാണി മുഖര്‍ജി പാനീയത്തില്‍ മയക്കുമരുന്ന് കല്‍ത്തി തന്നെ മയക്കി കിടത്തിയെന്നും പിന്നീട് ഷീനയെ തേടി പോയെന്നും മിഖൈല്‍ പറയുന്നു. അവര്‍ തിരിച്ചെത്തും മുമ്പ് താന്‍ രക്ഷപ്പെടുകയുമാണുണ്ടായതെന്നാണ് മിഖൈലിന്റെ മൊഴി. ഇതേക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.
ഷീന ബോറയുടെ രാജിക്കത്ത് മുംബൈ മെട്രോ വണ്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് അയച്ചുകൊടുത്തത് സഹോദരന്‍ മിഖൈല്‍ ബോറയായിരുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഷീന മരിച്ചതിനു 13 ദിവസങ്ങള്‍ക്കു ശേഷമാണ് രാജിക്കത്ത് മെയില്‍ ചെയ്തു നല്‍കിയത്. ഇന്ദ്രാണിയുടെ നിര്‍ദേശപ്രകാരമാണ് കത്ത് മെയില്‍ ചെയ്തുനല്‍കിയതെന്ന് ഇവരുടെ ഒരു ബന്ധു ദേശീയ മാധ്യമത്തോട് പറഞ്ഞു.
കത്ത് അയച്ചില്ലെങ്കില്‍ ചിലവിനായി മാസം തോറും നല്‍കുന്ന 12,000 രൂപ നല്‍കില്ലെന്നായിരുന്നു ഇന്ദ്രാണി മിഖൈലിനോട് പറഞ്ഞിരുന്നത്. അവരുടെ നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ അധികമായി പണം നല്‍കാമെന്നും ഇന്ദ്രാണി പറഞ്ഞിരുന്നുവെന്ന് ബന്ധു പറഞ്ഞു.