ബെംഗളൂരു: കര്‍ണാടക ബി.ജെ.പി പങ്കുവെച്ച വിദ്വേഷ വീഡിയോ ഉടന്‍ നീക്കം ചെയ്യാന്‍ സമൂഹമാധ്യമമായ എക്‌സിന് നിര്‍ദേശം നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. വിഷയം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.
ശേഷം മൂന്ന് ദിവസങ്ങള്‍ക്കിപ്പുറമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരാതിയില്‍ ഇടപെടുന്നത്. മെയ് നാലിനാണ് ബി.ജെ.പി എക്‌സില്‍ വിദ്വേഷ വീഡിയോ പങ്കുവെച്ചത്. സംവരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെയും മുസ്‌ലിങ്ങളെയും ലക്ഷ്യമിട്ടുള്ള വീഡിയോ ആണ് ബി.ജെ.പി പങ്കുവെച്ചത്.
ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ, സംസ്ഥാന അധ്യക്ഷന്‍ ബി.വൈ. വിജയേന്ദ്ര, ഐ.ടി സെല്‍ മേധാവി അമിത് മാളവ്യ അടക്കമുള്ളവര്‍ വീഡിയോ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരാതിയുമായി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
വീഡിയോ സമൂഹത്തില്‍ മതസ്പര്‍ദ്ധ ഉണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് കോണ്‍ഗ്രസ് പരാതിയില്‍ പറഞ്ഞു. ജെ.പി. നദ്ദക്കും, അമിത് മാളവ്യക്കും സംസ്ഥാന അധ്യക്ഷനുമെതിരെ കര്‍ണാടക പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
പിന്നോക്ക വിഭാഗത്തിന്റെ ആനുകൂല്യങ്ങള്‍ കോണ്‍ഗ്രസ് മുസ്‌ലിങ്ങള്‍ക്ക് മാത്രമാണ് നല്‍കുന്നതെന്ന വ്യാജ സന്ദേശമാണ് വീഡിയോ വഴി ബി.ജെ.പി പങ്കുവെച്ചത്. കര്‍ണാടകയില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് തുടരുന്നതിനിടെയാണ് നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയത്.
Content Highlight: Hate video shared by Karnataka BJP should be removed immediately; Election Commission instructed X