ഡെറാഡൂണ്‍: ഉത്തരാഖണ്ഡ്, ഹരിദ്വാറിലെ ഹിന്ദുത്വ വര്‍ഗീയ പ്രസംഗത്തെ അപലപിച്ച് ആര്‍.എസ്.എസ്. മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവും ദേശീയ എക്‌സിക്യുട്ടീവ് അംഗവുമായ ഇന്ദ്രേഷ് കുമാറാണ് വര്‍ഗീയ പ്രസംഗത്തിനെതിരെ രംഗത്തെത്തിയത്.
വര്‍ഗീയ-വിദ്വേഷ പ്രസ്താവനകള്‍ ആര് നടത്തിയാലും ശിക്ഷിക്കപ്പെടണമെന്നും, ഹരിദ്വാറിലെ ഹിന്ദുത്വ സംഘടനയായ ധര്‍മ സന്‍സദും ശിക്ഷയ്ക്ക് അതീതരല്ലെന്നും ഇന്ദ്രേഷ് കുമാര്‍ ചൂണ്ടിക്കാട്ടി.
പി.ടി.ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
വിദ്വേഷരാഷ്ട്രീയം അഴിമതിക്ക് സമമാണെന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും ഇത്തരത്തില്‍ വര്‍ഗീയത വളര്‍ത്തുന്നതില്‍ നിന്നും പ്രചരിപ്പിക്കുന്നതില്‍ നിന്നും വിട്ടു നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിലെ ഒരു വിഭാഗം ജനങ്ങള്‍ മറ്റൊരു വിഭാഗം ജനങ്ങളെ ശത്രുതാ മനോഭാവത്തോടെ കാണുന്നത് ഒഴിവാക്കണമെന്നും ഇന്ദ്രേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
സമൂഹത്തിലെ ജനങ്ങളെ ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തില്‍ വിഭജിക്കുന്നതിന് പകരം സാഹോദര്യത്തിന്റെയും വികസനത്തിന്റെയും രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ നന്മയെ കരുതിയായിരിക്കണം നേതാക്കള്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്തേണ്ടതെന്നും ഇന്ദ്രേഷ് കൂട്ടിച്ചേര്‍ത്തു.
എല്ലാ തരത്തിലുള്ള വിദ്വേഷ പ്രസംഗങ്ങളും അപലപിക്കപ്പെടേണ്ടതാണെന്നും, ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നിയമപ്രകാരം ശിക്ഷിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. ആരും നിയമത്തിന് അതീതരല്ലെന്നും ഹരിദ്വാറിലെ ഹിന്ദു സംഘടനയും നിയമപ്രകാരമുള്ള നടപടികള്‍ക്ക് വിധേയരാകണമെന്നും അദ്ദേഹം പറഞ്ഞു.
മഹാത്മാഗാന്ധിയുടെ വധത്തെക്കുറിച്ച് കോണ്‍ഗ്രസും മറ്റു പാര്‍ട്ടികളും കാരണമില്ലാതെ ആര്‍.എസ്.എസ്സിനെ പഴിക്കുകയാണെന്നും, അവരുന്നയിക്കുന്നത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. ഇത്തരത്തിലുള്ള ആരോപണങ്ങള്‍ സത്യമാണെങ്കില്‍ എന്തുകൊണ്ട് ഇതുവരെ ആര്‍.എസ്.എസ്സിനെതിരെ നടപടിയെടുത്തില്ലെന്നും അദ്ദേഹം ചോദിച്ചു.
ഒരു ഹിന്ദുത്വവാദിയാണ് ഗാന്ധിയെ കൊന്നത് എന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെയും ഇന്ദ്രേഷ് ചോദ്യം ചെയ്തു. രാഹുല്‍ ഗാന്ധിയുടെ ഹിന്ദുത്വവാദി പരാമര്‍ശവും വര്‍ഗീയവും വിദ്വേഷമുണര്‍ത്തുന്നതാണെന്നും, ഇത്തരത്തിലുള്ള പരാമര്‍ശങ്ങളും എല്ലാവരും അവസാനിപ്പിക്കണമെന്നും ഇന്ദ്രേഷ് പറഞ്ഞു.
ഹരിദ്വാറില്‍ നടന്ന മതപരിപാടിയിലായിരുന്നു മുസ്‌ലിങ്ങള്‍ക്കെതിരെ ഹിന്ദുത്വ പ്രവര്‍ത്തകര്‍ കൊലവിളി പ്രസംഗം നടത്തിയത്.
ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെങ്കില്‍ മുസ്‌ലിങ്ങള്‍ക്കെതിരെ പോരാടുകയും അവരെ കൊല്ലുകയും ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്യണമെന്നുള്‍പ്പെടെ ഹിന്ദു യുവവാഹിനി സംഘടനയുടെ പ്രവര്‍ത്തകര്‍ ആഹ്വാനം ചെയ്തിരുന്നു.
സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു.ഡിസംബര്‍ 17 മുതല്‍ 20വരെ ഹരിദ്വാറില്‍ നടന്ന ഒരു പരിപാടിലായിരുന്നു ആഹ്വാനം.
വിദ്വേഷപ്രസംഗത്തിനെതിരെ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടും നാല് ദിവസം കഴിഞ്ഞാണ് കേസ് എടുക്കാനെങ്കിലും പൊലീസ് തയ്യാറായത്.
content highlight: Hate speeches: Speakers must be punished, Uttarakhand’s Dharma Sansad no exception, says RSS leader