| Sunday, 15th December 2024, 12:46 pm

സത്യം പറഞ്ഞതിനെതിരെയാണ് ഇംപീച്ച്‌മെന്റ് നീക്കം; അലഹബാദ് ഹൈക്കോടതി ജഡ്ജിയെ പിന്തുണച്ച് യോഗി ആദിത്യനാഥ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: വിദ്വേഷ പ്രസംഗം നടത്തിയ അലഹബാദ് ജഡ്ജിയെ പിന്തുണച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്.  സത്യം പറഞ്ഞതിനാണ് ജഡ്ജിക്കെതിരെ ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കുന്നതെന്നാണ് യോഗി ആദിത്യനാഥിന്റെ പരാമര്‍ശം.

മുംബൈയില്‍ നടന്ന വേള്‍ഡ് ഹിന്ദു ഇക്കണോമിക്‌സ് ഫോറം 2024 എന്ന പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു യോഗി.

പ്രതിപക്ഷം സ്വയം ജനാധിപത്യവാദികള്‍ എന്ന് വിളിക്കുന്നുവെന്നും ഭരണഘടനയെ കൂടെ കൊണ്ടുപോവുമെങ്കിലും അവര്‍ക്ക് നാണമില്ലെന്നും പറഞ്ഞ യോഗി ഭരണഘടനയെ കഴുത്തു ഞെരിച്ച് കൊല്ലുന്നത് പ്രതിപക്ഷമാണെന്നും ആരോപിച്ചു.

സാംസ്‌ക്കാരികവും സാമൂഹികവുമായ സംഘടനകളിലൂടെ സാമൂഹിക യാഥാര്‍ത്ഥ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന ജഡ്ജിമാരെ പ്രതിപക്ഷം ഭീഷണിപ്പെടുത്തുന്നുവെന്നും യോഗി പറഞ്ഞു.

പ്രതിപക്ഷം സത്യത്തെ അടിച്ചമര്‍ത്തുകയാണെന്നും ഇത്തരം ആളുകളെ സമൂഹത്തിന് മുന്നില്‍ തുറന്നുകാട്ടേണ്ടതുണ്ടെന്നും യോഗി പറയുകയുണ്ടായി.

അതേസമയം വിദ്വേഷ പ്രസംഗം നടത്തിയ ശേഖര്‍ കുമാര്‍ യാഥവിനെതിരെ വിമര്‍ശനങ്ങള്‍ ശക്തമാണ്. പ്രസംഗത്തിന് പിന്നാലെ അലഹബാദ് ഹൈക്കോടതിയോട് വിശദീകരണം തേടിയ സുപ്രീം കോടതി ചൊവ്വാഴ്ച ജഡ്ജി നേരിട്ട് കൊളീജിയത്തിന് മുന്നില്‍ ഹാജരാവണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇംപീച്ച്മെന്റ് നടപടിയിലേക്ക് പോകണോ എന്ന തരത്തിലുള്ള തീരുമാനങ്ങളെടുക്കുന്നതും വിദ്വേഷ പ്രസംഗത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതും ഈ യോഗത്തിലായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് രാജ്യത്ത് ഭൂരിപക്ഷത്തിന്റെ അഥവാ ഹിന്ദുക്കളുടെ താത്പര്യ പ്രകാരം മാത്രമെ കാര്യങ്ങള്‍ നടപ്പിലാക്കുകയുള്ളുവെന്നാണ് ശേഖര്‍ യാദവ് പറഞ്ഞത്. ‘ഏകീകൃത സിവില്‍ കോഡിന്റെ ഭരണഘടനാപരമായ ആവശ്യകത’എന്ന വിഷയത്തില്‍ സംസാരിക്കവെയാണ് ജസ്റ്റിസ് ഇക്കാര്യം പറഞ്ഞത്.

ഏകീകൃത സിവില്‍ കോഡ് ഭരണഘടനാപരമായി അനിവാര്യമുള്ളതാണെന്നും ശേഖര്‍ യാദവ് സെമിനാറില്‍ പറഞ്ഞിരുന്നു. ഏകീകൃത സിവില്‍ കോഡ് സാമൂഹിക ഐക്യം, ലിംഗ സമത്വം, മതേതരത്വം എന്നിവ ഉറപ്പുനല്‍കുന്നതാണെന്നും ശേഖര്‍ യാദവ് സംസാരിച്ചിരുന്നു.

ഏകീകൃത സിവില്‍ കോഡ് ആവശ്യപ്പെടുന്നത് ആര്‍.എസ്.എസും വി.എച്ച്.പിയും മാത്രമല്ല, രാജ്യത്തിന്റെ പരമോന്നത നീതിപീഠവും യു.സി.സിയെ പിന്തുണക്കുന്നുണ്ടെന്നും ശേഖര്‍ കുമാര്‍ പറഞ്ഞിരുന്നു.

Content Highlight: hate speech; Yogi Adityanath supports Allahabad High Court judge

We use cookies to give you the best possible experience. Learn more