ന്യൂദല്‍ഹി: വിദ്വേഷ പ്രസംഗം നടന്നതോടെ ഹിന്ദു സേനയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടി നിര്‍ത്തിവെപ്പിച്ച് പൊലീസ്. ഹരിയാനയിലെ നൂഹില്‍ നടന്ന വര്‍ഗീയ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ദല്‍ഹിയിലെ ജന്തര്‍ മന്തറിലായിരുന്നു ഹിന്ദു സേനയുടെ മഹാപഞ്ചായത്ത് നടന്നത്. പരിപാടിയില്‍ സംസാരിച്ച തീവ്ര ഹിന്ദുത്വ നേതാവ് നരസിംഹാനന്ദ് ഉള്‍പ്പെടെയുള്ളവര്‍ വിദ്വേഷജനകമായ പ്രസംഗങ്ങള്‍ നടത്തിയെന്നാണ് പൊലീസ് ആരോപിക്കുന്നത്.
‘ഹിന്ദുക്കളുടെ ജനസംഖ്യ കുറയുകയും മുസ്‌ലിം ജനസംഖ്യ ഇതുപോലെ വളരുകയും ചെയ്താല്‍, ആയിരം വര്‍ഷത്തെ ചരിത്രം ആവര്‍ത്തിക്കും. അപ്പോള്‍ പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹിന്ദുക്കള്‍ക്ക് സംഭവിച്ചത് ഇവിടെയും ആവര്‍ത്തിക്കും,’ എന്നാണ് മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്ത് നരസിംഹാനന്ദ് പറഞ്ഞിരുന്നത്. ഇതോടെ പൊലീസ് ഇദ്ദേഹത്തിന്റെ പ്രസംഗം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
ഇതോടെ ഹിന്ദു സേനയുടെ നേതാവായ വിഷ്ണു ഗുപ്ത മൈക്ക് വാങ്ങി വിദ്വേഷ പ്രസംഗം തുടര്‍ന്നു. ഇതോടെ പൊലീസ് ഇത് തടഞ്ഞ് സദസ്സിലുള്ളവരോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടു.
പരിപാടി തുടങ്ങുന്നതിന് മുമ്പ് വിദ്വേഷ പ്രസംഗത്തിനിതിരെ മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും ഇത് ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി കടുപ്പിച്ചതെന്നും ദല്‍ഹി പൊലീസ് അറിയിച്ചു.
Content Highlight: hate speech, the police stopped the program organized by the Hindu Sena