| Sunday, 15th December 2024, 10:14 am

വിദ്വേഷ പരാമര്‍ശം; അലഹബാദ് ഹൈക്കോടതി ജഡ്ജിയെ സുപ്രീം കോടതി കൊളീജിയം വിളിച്ചുവരുത്തും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) പരിപാടിയില്‍ പങ്കെടുത്ത് വിദ്വേഷ പ്രസംഗം നടത്തിയ അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖര്‍ കുമാര്‍ യാഥവിനെ സുപ്രീം കോടതി കൊളീജിയം വിളിച്ചുവരുത്തുന്നു.

ചൊവ്വാഴ്ച കൊളീജിയത്തിന് മുന്നില്‍ നേരിട്ട് ഹാജരാവാനാണ് ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശം. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയത്തിന് മുമ്പില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം.

വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് അലഹബാദ് ഹൈക്കോടതിയില്‍ നിന്ന് സുപ്രീം കോടതി വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് ജഡ്ജിയെ കൊളീജിയം നേരിട്ട് വിളിച്ച് വരുത്തുന്നത്.

ഇംപീച്ച്‌മെന്റ് നടപടിയിലേക്ക് പോകണോ എന്ന തരത്തിലുള്ള തീരുമാനങ്ങളെടുക്കുന്നതും വിദ്വേഷ പ്രസംഗത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതും ഈ യോഗത്തിലായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് അലഹബാദ് ഹൈക്കോടതി ജഡ്ജി നടത്തിയ പരാമര്‍ശങ്ങളില്‍ സുപ്രീം കോടതി നേരത്തെ വിശദീകരണം തേടിയിരുന്നു.

ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് നടത്തിയ പരാമര്‍ശങ്ങള്‍ സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകളും വിമര്‍ശനങ്ങളും പരിഗണിച്ചായിരുന്നു കോടതിയുടെ നടപടി. വി.എച്ച്.പിയുടെ സെമിനാറുകളിലെ ശേഖര്‍ യാദവിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്.

രാജ്യത്ത് ഭൂരിപക്ഷത്തിന്റെ അഥവാ ഹിന്ദുക്കളുടെ താത്പര്യ പ്രകാരം മാത്രമെ കാര്യങ്ങള്‍ നടപ്പിലാക്കുകയുള്ളുവെന്നാണ് ശേഖര്‍ യാദവ് പറഞ്ഞത്. ‘ഏകീകൃത സിവില്‍ കോഡിന്റെ ഭരണഘടനാപരമായ ആവശ്യകത’എന്ന വിഷയത്തില്‍ സംസാരിക്കവെയാണ് ജസ്റ്റിസ് ഇക്കാര്യം പറഞ്ഞത്.

ഏകീകൃത സിവില്‍ കോഡ് ഭരണഘടനാപരമായി അനിവാര്യമുള്ളതാണെന്നും ശേഖര്‍ യാദവ് സെമിനാറില്‍ പറഞ്ഞിരുന്നു. ഏകീകൃത സിവില്‍ കോഡ് സാമൂഹിക ഐക്യം, ലിംഗ സമത്വം, മതേതരത്വം എന്നിവ ഉറപ്പുനല്‍കുന്നതാണെന്നും ശേഖര്‍ യാദവ് സംസാരിച്ചിരുന്നു.

ഏകീകൃത സിവില്‍ കോഡ് ആവശ്യപ്പെടുന്നത് ആര്‍.എസ്.എസും വി.എച്ച്.പിയും മാത്രമല്ല, രാജ്യത്തിന്റെ പരമോന്നത നീതിപീഠവും യു.സി.സിയെ പിന്തുണക്കുന്നുണ്ടെന്നും ശേഖര്‍ കുമാര്‍ പറഞ്ഞിരുന്നു.

Content Highlight: hate speech; The Allahabad High Court judge will be summoned by the Supreme Court collegium

We use cookies to give you the best possible experience. Learn more