ന്യൂദല്‍ഹി: യതി നരസിംഹാനന്ദ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ധരം സന്‍സദ് എന്ന പരിപാടിക്ക് അനുവാദം കൊടുത്തതില്‍ സര്‍ക്കാരിനെതിരെ നല്‍കിയ ഹരജി പരിഗണിക്കുന്നത് വിസമ്മതിച്ച് സുപ്രീം കോടതി. ഹിന്ദുപുരോഹിതന്‍ യതി നരസിംഹാനന്ദിന്റെ ധരം സന്‍സദിനെതിരെ നടപടിയെടുക്കുന്നതില്‍ ഉത്തര്‍ പ്രദേശ് ഭരണകൂടവും പൊലീസും പരാജയപ്പെട്ടുവെന്ന് കാണിച്ചായിരുന്നു നിരവധി ആക്ടിവിസ്റ്റുകളും ഉദ്യോഗസ്ഥരും ചേര്‍ന്ന് ഹരജി സമര്‍പ്പിച്ചിരുന്നത്.
ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറും അടങ്ങുന്ന ബെഞ്ചിന്റേതാണ് നിര്‍ദേശം. വിഷയത്തില്‍ അലഹബാദ് ഹൈക്കോടതിയെ സമീപിക്കാമെന്നും ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു.
വിരമിച്ച ഐ.എ.എസ്, ഐ.എഫ്.എസ് ഉദ്യോഗസ്ഥരായ അരുണ റോയ്, അശോക് കുമാര്‍, ദേബേ മുഖര്‍ജി, നവരേഖ ശര്‍മ എന്നിവരും മുന്‍ ആസൂത്രണ കമ്മീഷന്‍ അംഗം സയ്യിദ ഹമീദ്, സാമൂഹിക ഗവേഷകന്‍ എം.ജെ.വിജയന്‍, തുടങ്ങി ഉദ്യോഗസ്ഥരും ആക്ടിവിസ്റ്റുകളുമാണ് ഹരജി സമര്‍പ്പിച്ചത്.
നേരത്തെയും വിദ്വേഷ പ്രസംഗ കേസുകളില്‍ ഇത്തരം നിലപാട് സ്വീകരിച്ചിരുന്നതായി ചൂണ്ടിക്കാട്ടിയ കോടതി വിദ്വേഷ പ്രസംഗം സംബന്ധിച്ച മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് യു.പി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
എന്താണ് പരിപാടിയില്‍ സംഭവിക്കുന്നതെന്ന് ട്രാക്ക് ചെയ്യണമെന്നും ഹരജി പരിഗണിക്കാത്തത് വിദ്വേഷ പ്രസംഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നതല്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
ധരം സന്‍സദ് പോലെയുള്ള പരിപാടിയിലെ പ്രസംഗങ്ങള്‍ സാമുദായിക അസ്വാരസ്യങ്ങള്‍ക്ക് കാരണമാകുമെന്നും മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങളാണ് ധരം സന്‍സദിന്റെ പരസ്യങ്ങളുടെ ഉള്ളടക്കമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി.
2021ല്‍ ഹരിദ്വാറില്‍ നടന്ന യതി നരസിംഹാനന്ദിന്റെ മുസ്‌ലിം വിരുദ്ധത നിറഞ്ഞ പ്രസംഗം നിരവധി പ്രശ്‌നങ്ങള്‍ക്ക് വഴി വെച്ചിരുന്നു. വിദ്വേഷ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായ യതി നരസിംഹാനന്ദ പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു.
Content Highlight: hate speech; Supreme Court Dismisses Petition Against Yati Narasimhanand